ഉയിർത്തെഴുന്നേല്പ്
ലോകരേ , മാലോകരെ .... ഞാൻ മണ്ണോടു ചേർന്നിട്ടില്ല. ഞാൻ മണ്ണോടലിഞ്ഞിട്ടില്ല. ഇതൊരു വിളംബരമാണ്. ഒരിക്കൽ അവസാനിച്ചു എന്ന് കരുതിയ പലതും തിരിച്ചുവന്ന ചരിത്രമുണ്ട്. അത് കാലത്തിന്റെ കാത്തുവയ്പ്പാണ് കണക്കുകൂട്ടലാണ്, ചിലപ്പോൾ ഒക്കെ അത് കാലത്തിന്റെ കാവ്യനീതിയും കരളിനോടൊപ്പം ഉയിരും വലിച്ചുപറിക്കാൻ ആണോ എന്നറിയില്ല, ഒരു പറ്റം കാലകിങ്കരന്മാരുമായി കുറെയധികം നീണ്ട ദ്വന്ദയുദ്ധം കഴിഞ്ഞതേയുള്ളൂ. ഏതൊരു വിജയവും ക്ഷണികമെങ്കിലും അത് അലസമാസ്വദിക്കുന്നത് ഒരു ലഹരി തന്നെ. ആ അലസതയിൽ അടുത്ത ദ്വന്ദയുദ്ധം തുടങ്ങിക്കഴിഞ്ഞു. ഓരോന്നായി അയയ്ക്കാതെ നൂറെണ്ണത്തെയും ഒന്നിച്ചു അയയ്ക്കാൻ ആക്രോശിച്ചു ആ നൂറിനെയും വീഴ്ത്തുവാൻ ഞാൻ രാജമൗലിയുടെ കാലഭൈരവനല്ല. സാക്ഷാൽ കാലഭൈരവന്റെ മഹാശക്തിയുടെ ഒരിത്തിരി മനസ്സിലാക്കിയ ഒരു മനിതൻ. യുഗങ്ങളുടെ ദൈർഘ്യം ഊഹിക്കാൻ പോലും ത്രാണിയില്ലാത്ത ദശാബ്ദങ്ങൾ മാത്രം ആയുസ്സ് കിട്ടിയ ഒരു പാവം മനിതൻ ഒന്ന് പറയട്ടെ, മഹാകാലൻ സഹസ്രാബ്ദങ്ങളോളം തപം ചെയ്‌ത പാർവതി നദിയുടെ ഉഷ്‌ണപ്രവാഹങ്ങളിൽ പുനർജൻമം കൊണ്ടവന് ദ്വന്ദയുദ്ധത്തിൽ പിടിച്ചു നിൽക്കാൻ പറ്റിയേക്കും.