അപ്പൊ അങ്ങനെയാണ് ഷൊര്‍ണൂര്‍ ജങ്ക്ഷന്‍ ഉണ്ടായത്

ഒരു പഴേ പെരുന്നാള് കാലത്താണ് നാട് കാണലിന്റെ ഭാഗമായി വടക്കന്‍ കേരളത്തിലേക്ക് ആദ്യമായി പോകാന്‍ ഒരു അവസരം ഒത്തു വന്നത്. ഏതോ ഒരു അവധിക്കാലത്ത്‌ മലനാട്ടില്‍ നിന്നും ഇറങ്ങി കൊടുങ്ങല്ലൂരമ്മയുടെ മണ്ണില്‍ ചുറ്റി നടക്കുന്ന സമയം. നമ്മടെ ഒരു ഗെഡി ശ്രീ അപ്പക്കാള അവര്‍കളുടെ സ്വവസതിയില്‍ ചുമ്മാ ഈച്ചയും അടിച്ചു ഇരിക്കുന്ന ഒരു ദിവസം. അത്തവണത്തെ  പെരുന്നാളിന്റെ (വലിയ പെരുന്നാള്‍ ആണോ ചെറിയ പെരുന്നാള്‍ ആണോ എന്ന് കൃത്യമായി ഓര്‍മയില്ല) തലേന്നാള്‍ ആണ് ഇത്. അങ്ങനെ പ്രത്യേകിച്ചു പണി ഒന്നും ഇല്ലാതെ അങ്ങനെ ഇരിക്കുന്ന സമയം. എന്തോ വെട്ടു കേസ് കാരണം കൊടുങ്ങല്ലൂര്‍ നഗരം മൂന്നു ദിവസത്തേക്ക് ഹര്‍ത്താല്‍ മഹോത്സവം നടത്തുകയാണ്. മൂന്നു പാര്‍ട്ടിക്കാരുടെയും സഹകരണം മൂലം ആണ് അത് മൂന്നു ദിവസം നീളുന്ന മഹോത്സവം ആയതു. അങ്ങനെ ഒരു ഗതിയും ഇല്ലാതെ ഇരിക്കുമ്പോഴാണ് കാള പെരുന്നാള്‍ കൂടാന്‍ പച്ചാളത്തിന്റെ വീട്ടില്‍ പോകുന്ന കാര്യം സൂചിപിച്ചത്. നമ്മുടെ മഹാനടന്‍ പച്ചാളം പെരുന്നാള് കൂടാന്‍ വിളിച്ചിട്ട് പോകതിരിക്കയോ. അചിന്തനീയം.



പാലക്കാടന്‍ സുന്ദരിയായ പറളി ഗ്രാമം ആണ് പച്ചാളത്തിന്റെ സ്വദേശം. ആദ്യമായി ഭാരതപ്പുഴയുടെ തീരങ്ങള്‍ കാണാന്‍ കിട്ടിയ ഒരവരസം പാഴാക്കുകയോ, ഒരിക്കലും ഇല്ല. അപ്പൊ നാളത്തെ പെരുന്നാള്‍ ചോറ് പച്ചാളത്തിന്റെ അവിടുന്ന്. ഇനി യാത്രാ പദ്ധതി തയ്യാറാക്കണം. എങ്കിലേ നേരത്ത് അങ്ങ് എത്താന്‍ പറ്റൂ. ഞാനും കാളയും കൂടി കൊടുങ്ങല്ലൂര്‍-പാലക്കാട്‌ പോകാന്‍ വഴി അന്വേഷിച്ചു തുടങ്ങി. എന്റെയും കാളയുടെയും ഒപ്പം അര്ഷിന്‍ കൂടി അങ്ങോട്ട്‌ പോകാന്‍ ഉണ്ട്. ആ ചുള്ളന്‍ ആലുവ നിന്നും ആണ് വരുന്നത്. അപ്പൊ പിന്നെ അവനെയും ചേര്‍ത്ത് പ്ലാന്‍ ചെയ്യണം. അവനെ വിളിച്ചു സംഗതി എല്ലാം കാള ശെരിയാക്കി. രാവിലെ എട്ടു മണിക്ക് അവന്‍ ആലുവ നിന്ന് ട്രെയിന്‍ കേറും , ആ വണ്ടിയില്‍ ഒറ്റപ്പാലം പോയി ഇറങ്ങാന്‍ ആണ് പരിപാടി. മണ്ടന്‍ കാള കേട്ട പാതി കേള്‍ക്കാത്ത പാതി സമ്മതം മൂളി. തൃശൂര്‍ വഴി വരുന്ന വണ്ടിയില്‍ കേറാന്‍ കൊടുങ്ങല്ലൂര്‍ നിന്നും ആലുവ പോവണോ..? സമയനഷ്ടം, ധനനഷ്ടം.... മൊത്തം നഷ്ട്ടകണക്ക് മാത്രം. ഞാന്‍ ഉടനെ തന്നെ പരിപാടി മാറ്റി. ആ വണ്ടിക്ക് നമ്മള്‍ തൃശൂര്‍ നിന്നും നമ്മള്‍ കേറാമെന്നു ഉറപ്പാക്കി. വേറെ ഒന്നും കൊണ്ട് അല്ല ഈ പ്ലാന്‍ മാറ്റം. ഉച്ചവെയില്‍ ആസനത്തില്‍ അടിച്ചാലും കട്ടിലില്‍ നിന്നും എണിക്കാന്‍ പെടുന്ന പാട് നമുക്കല്ലേ അറിയൂ. ആ എന്നോടാണ് രാവിലെ എട്ടു മണിക്ക് ആലുവയില്‍ എത്തി പാസഞ്ചര്‍ ട്രെയിനില്‍ കേറാന്‍ പറയുന്നത്. രാവിലെ എട്ടിന് ആലുവ എത്തണേല്‍ കൊടുങ്ങല്ലൂര്‍ നിന്ന് എപ്പോ ഇറങ്ങണം..! അതിനു എപ്പോ എണീക്കണം !! സംഗതി ആ വണ്ടി തൃശൂര്‍ എത്താന്‍ ഒന്‍പതര എങ്കിലും ആകും. തൃശൂര്‍ പോകാന്‍ കൊടുങ്ങല്ലൂര്‍ നിന്ന് കൃത്യം ഒരു മണിക്കൂര്‍ മതി. അപ്പൊ അത്ര നേരം കൂടി ഉറങ്ങമാല്ലോ. മണ്ടന്‍ കാള  അത്ര കടന്നൊന്നും ചിന്തിക്കില്ല.

അങ്ങനെ പിറ്റേന്ന് രാവിലെ കഷ്ടപ്പെട്ട് എണിറ്റു പ്രാതല്‍ കഴിക്കാന്‍ എത്തി. കൃത്യ സമയം ഒന്നും അല്ലെന്നു പ്രത്യേകം പറയേണ്ടല്ലോ. രാവിലെ അര്ഷിന്‍ വിളിച്ചു ഉണര്‍ത്തിയത് കൊണ്ട് എണിറ്റു. പ്രാതലിനു കഴിക്കാന്‍ ഇടിയപ്പവും ഒരു ഗ്ലാസ്‌ പാലും കാളയുടെ അമ്മ കൊണ്ട് വച്ചു. കറി ഇപ്പൊ വരും ഇപ്പൊ വരും എന്ന് കാത്തിരുന്ന എന്റെ മുന്നില്‍ അമ്മ അനക്കം ഒന്നും ഇല്ലാതെ അങ്ങനെ നിക്കാ. ഞാന്‍ ചോദിച്ചു "അമ്മേ , കറിയോ ??" .

"അയ്യോ, ഈ കുട്ടി കഴിച്ചു തുടങ്ങീലെ. മോനെ പാലൊഴിച്ചു കഴിച്ചോളൂട്ടോ . അനിക്ക് ഇതൊന്നും പറഞ്ഞു കൊടുക്കണം എന്നറീലേ , പാവം കുട്ടി. ഇത്ര നേരായി വെറുതെ ഇരിക്കുക ആര്‍ന്നോ..!"
തെക്ക് കിടക്കുന്ന നമ്മളുണ്ടോ അറിയുന്നു ഇമ്മാതിരി ഒരു കറി ഇവിടെ ഉള്ള കാര്യം. ഇടിയപ്പത്തില്‍ പാല്‍ ഒഴിച് പഞ്ചസാരയും ചേര്‍ത്ത് ഒരു കാച്ചാ കാച്ച് ..!! ഭക്ഷണം കണ്ടാല്‍ പ്രളയജലം പോലും കാര്യമാക്കാത്ത കാളയ്ക്കുണ്ടോ ഇതൊക്കെ പറയാന്‍ നേരം. പാല്‍ കറിയാക്കുന്ന ആ ലോജിക്ക്‌  അത്ര രുചിചില്ലെങ്കിലും വിശപ്പിന്റെ വിളിക്ക് കീഴടങ്ങി വേഗം അത് കഴിച്ചു തീര്‍ത്തു. ബസ്‌ പിടിക്കാനായി പിന്നെ ഓടെടാ ഓട്ടം. അവസാനം കൊടുങ്ങല്ലൂര്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴോ , ഇടിവെട്ടിയവന് പാമ്പ്‌ കടി ഏറ്റ  അവസ്ഥ. തൃശൂര്‍ പോകാന്‍ ഒറ്റ ബസ്സില്ല. അവസാനം വണ്ടി എത്തി. ചാടി വീണു രണ്ടു തൃശൂര്‍ ടിക്കറ്റ്‌ എടുത്തു.ഈ സമയം അര്ഷിന്‍ ആലുവ നിന്ന് യാത്ര തുടങ്ങിയിരുന്നു. അവനെ വിളിച്ചു കാര്യങ്ങള്‍ അപ്പപ്പോള്‍ തന്നെ അറിയുന്നുണ്ട്. പോരാത്തതിന് രാവിലെ എത്ര മണി വരെ എന്തോ അവനു മെസ്സേജ് ഫ്രീയും ആണ്. ആ സമയത്തെ എന്തോ ഒരു ഓഫര്‍ ആരുന്നത്. അങ്ങനെ അയച്ച ഒരു സന്ദേശത്തില്‍ ആലുവ നിന്നും ട്രെയിന്‍ കയറി എന്നും, ഷോര്‍ണൂര്‍ പാസഞ്ചറില്‍ ഒറ്റപ്പാലം ടിക്കറ്റ്‌ എടുത്തു എന്നും ആയിരുന്നു ഉള്ളടക്കം. കാള അവനെ ഫോണ്‍ ചെയ്തു കാര്യങ്ങള്‍ ഉറപ്പു വരുത്തി. "അവന്‍ ഷോര്‍ണൂര്‍ പാസഞ്ചറില്‍ ഒറ്റപ്പാലത്തിനു ടിക്കറ്റ്‌ എടുത്തിട്ടുണ്ട്, നമ്മള്‍ തൃശൂര്‍ നിന്നും ആ വണ്ടിയില്‍ ഒറ്റപ്പാലം ടിക്കറ്റ്‌ എടുത്തു കേറണം". ഈ വാക്യത്തിലെ അപാകത ചിലര്‍ക്കെങ്കിലും ഇപ്പോള്‍ പിടി കിട്ടി കാണും. ഇനി ഈ ബസ്‌ ഓടി അവിടെ സമയത്ത് എത്തണം. ഇല്ലെങ്കില്‍ എല്ലാം പൊളിയും. രാജന്‍ ബസിന്റെ പോക്ക് വച്ച് മുപ്പതു മിനുട്ട് മുന്നേ എത്തുന്നതാണ്. വണ്ടി ഇരിങ്ങാലക്കുട അല്‍പനേരം നിര്‍ത്തിയത് കാരണം വീണ്ടും സമയം പ്രശ്നം ആയി. ട്രെയിന്‍ ഓരോ സ്റ്റേഷന്‍ എത്തുമ്പോഴേക്കും ഞങ്ങള്‍ക്ക് മെസ്സേജ് വരുന്നുണ്ട്. ഓടി എത്തുമോ എന്ന് സംശയം തോന്നിയ ഞാന്‍ ഇരിങ്ങാലക്കുട ഇറങ്ങി ആ ട്രെയിന്‍ പിടിച്ചാലോ എന്ന് ചിന്തിച്ചെങ്കിലും ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ ട്രെയിന്‍ ടൈം ടേബിളില്‍ മാത്രം ഉള്ള പരിചയം ആയതിനാല്‍ വേണ്ടെന്നു വച്ചു. ഈ നേരമയപ്പോഴേക്കും അര്ഷിന്റെ ഓഫര്‍ അവസാനിച്ചു മെസ്സേജും വരാതായി. അവസാനം തൃശൂര്‍ക്ക് സമയത്ത് എത്തിക്കാന്‍ വടക്കുംനാഥന്‍ ഉണ്ടല്ലോ എന്നാ ആശ്വാസത്തില്‍ വണ്ടില്‍ ഇരുന്നു. അങ്ങനെ ട്രെയിന്‍ സമയത്തിന്റെ ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പേ ഞങ്ങള്‍ തൃശൂര്‍ എത്തിചേര്‍ന്നു. പെട്ടന്ന് തന്നെ ടിക്കറ്റ്‌ കൌണ്ടറിലെത്തി പൈസയും എടുത്തു.

ഷൊര്‍ണൂര്‍ പാസഞ്ചറില്‍ രണ്ടു ഒറ്റപ്പാലം ടിക്കറ്റ്‌. ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു തീര്‍ത്തു. ആ ഇഷ്ടന്‍ എടുത്ത വാക്കില്‍ പറഞ്ഞു 
"ഷൊര്‍ണൂര്‍  പാസഞ്ചറില്‍ ഒറ്റപ്പാലം ടിക്കറ്റ്‌ കിട്ടില്ല ".
"അതെന്താ തന്നാല്‍, സമയം കളയാതെ ചേട്ടാ "
"ഷൊര്‍ണൂര്‍ പാസഞ്ചര്‍ ഒറ്റപ്പാലം പോകില്ല"
"അതെന്തു പരിപാടി, ചേട്ടന്‍ ചുമ്മാ ടിക്കറ്റ്‌ തരുന്നുണ്ടോ. ആ വണ്ടിക്ക് ഒറ്റപ്പാലം ടിക്കറ്റ്‌ എടുത്തു ഞങ്ങടെ കൂട്ടുകാരന്‍ വരുന്നുണ്ട്"
"ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ഒറ്റപ്പാലം ടിക്കറ്റ്‌ തരാന്‍ പറ്റില്ല, ആ വണ്ടി അവിടെ പോകില്ല"
"ആലുവയില്‍ ഇരിക്കുന്നവര്‍ എന്താ പൊട്ടന്മാരാണോ, അവിടുന്ന് ഒറ്റപ്പാലത്തിനു ടിക്കറ്റ്‌ കൊടുത്തല്ലോ"
"ഈ വണ്ടി ഒറ്റപ്പാലം പോകില്ല, ഈ വണ്ടിയില്‍ ഒറ്റപ്പാലം ടിക്കറ്റ്‌ തരാന്‍ പറ്റില്ല"
"പിന്നെ ചേട്ടന് ഏതു  വണ്ടിയില്‍ തരാന്‍ പറ്റും?"
"പുറകെ ഒരു എക്സ്പ്രസ്സ്‌ വരുന്നുണ്ട്, അതില്‍ തരാം"
"ആ.. താ "

ഷൊര്‍ണൂര്‍ വണ്ടി ഒറ്റപ്പാലം പോകാത്തതിന്റെ ലോജിക്ക് പിടി കിട്ടാതെ ഞാന്‍ വരുന്നത് പോലെ വരട്ടെ എന്ന് പറഞ്ഞു ആ ടിക്കറ്റ്‌ വാങ്ങി. കാളയോട് ഈ വണ്ടി പോകുന്നില്ല എന്നും പുറകെ വരുന്ന എക്സ്പ്രസ്സില്‍ പോകാമെന്നും ഞാന്‍ പറഞ്ഞു. അവനും ഈ സ്ഥലങ്ങള്‍ ഒക്കെ നല്ല പിടി ആയതിനാല്‍ ഞാന്‍ പറയുന്നതിനൊക്കെ തല കുലുക്കുന്നുമുണ്ട്. ഇനി എന്ത് എന്നാ കൂലംങ്കഷമായ ചര്‍ച്ചയ്ക്ക് ഒടുവില്‍, വരുന്ന വണ്ടിയില്‍ നിന്നും അര്ഷിനെ ഇറക്കി എല്ലാരും കൂടെ അടുത്ത വണ്ടിയില്‍ പോകാം എന്ന് തീര്‍ച്ചപ്പെടുത്തി. അങ്ങനെ തൃശൂര്‍ ഇറങ്ങാന്‍ അവനെ വിളിച്ചു പറഞ്ഞു. ഉടനെ അവന്‍ "ഞാന്‍ എങ്ങും ഇറങ്ങില്ല, ഞാന്‍ ഈ വണ്ടിയില്‍ തന്നെ ഇരുന്നോളാം". ആ ബോഗിയില്‍ അവന്റെ സീറ്റിന്റെ അടുത്ത് തന്നെ ഇരിക്കുന്ന ചെല്ലക്കിളി ആണ് അവന്‍ ഇറങ്ങാന്‍ മടിക്കുന്നതിനു കാരണം എന്ന് എനിക്ക് അപ്പോഴേ പിടി കിട്ടി. അവസാനം ആ വണ്ടിയില്‍ പോയാല്‍ എത്തില്ലെന്നും ഇവിടെ ഇറങ്ങിയാലെ രക്ഷ ഉള്ളൂ എന്നും പറഞ്ഞപ്പോള്‍ അവന്‍ കഷ്ടപ്പെട്ട് ഇറങ്ങാമെന്ന് സമ്മതിച്ചു. അപ്പോള്‍ പപ്രശ്നങ്ങള്‍ എല്ലാം അവസാനിച്ച സമാധാനത്തില്‍ "എന്നാലും ഷൊര്‍ണൂര്‍ പാസഞ്ചര്‍ എന്താ ഒറ്റപ്പാലം പോകാത്തത് " എന്ന ഗഹനമായ ചിന്തയില്‍ ഞാന്‍ മുഴുകി. അവസാനം ഒറ്റപ്പാലം ഷൊര്‍ണൂര്‍ കഴിഞ്ഞായിരിക്കും എന്നാ നിഗമനത്തില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ഷൊര്‍ണൂര്‍ പാസഞ്ചര്‍ എന്നാ ഞങ്ങളുടെ ആവര്‍ത്തിച്ചുള്ള സംസാരം കേട്ട് ഒരു അമ്മാവന്‍. "അതാ, ആ വണ്ടിയാണ് രണ്ടാം പ്ലാറ്റ്ഫോര്‍മില്‍ നില്‍കുന്നത്, അത് ഇപ്പോള്‍ പോകും" എന്ന് ഞങ്ങളോട് പറഞ്ഞു. 

ഈ ട്രെയിന്‍ പുറപ്പെടാന്‍ പോകുന്നത് കണ്ടാല്‍ ചാടി കയറുന്ന ഒരു ശീലം പണ്ടേ എനിക്ക് ഉണ്ട്. പോരാത്തതിന് ഈ വണ്ടി പിടിക്കാനും ആണല്ലോ ഓടിപ്പിടിച്ച് വന്നത്. ആ വണ്ടി പുറപ്പെടാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ "ചാടിക്കേറിക്കോ" എന്ന് എന്റെ ഉപബോധ മനസ്സ് എന്നോട് ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നെ ഒനും നോക്കിയില്ല " ഡാ കാളേ , വണ്ടി പോകുന്നു. ചാടിക്കേരാം" എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ പ്ലാറ്റ്ഫോറം ചാടിക്കടന്നു. റോഡുരുട്ടി എന്ന വിളിപ്പേരും ഉള്ള കാളയുടെ ആ വലിയ ശരീരം തള്ളി ട്രെയിനില്‍ കയറ്റിയിട്ട് ഞാന്‍ തൂങ്ങി അതില്‍ കയറി. രണ്ടു ശ്വാസം വിട്ട ശേഷം ആണ് അര്ഷിനെ കാര്യം ഓര്‍ത്തത്‌. "ഡാ, നമ്മള്‍ അവനോടെ ഇവിടെ ഇറങ്ങാന്‍ പറഞ്ഞതല്ലേ. എന്നിട്ടാണോ നമ്മള്‍ ചാടി ഇതേല്‍ കയറിയത്.ഇറങ്ങെടാ." അപ്പോള്‍ തന്നെ ഇറങ്ങിയാന്‍ നോക്കിയപ്പോള്‍ പ്ലാറ്റ്ഫോറം അവസാനിച്ചിരുന്നു. ഇനി ഇറങ്ങിയാല്‍ പണി പാളും. "അര്ഷിനോട് ഇനി എന്തോ പറയുമെടാ " കാളയുടെ ദീനസ്വരം എന്റെ കാതില്‍ വന്നലച്ചു.
"നീ തന്നെ വിളിച്ചു പറ"
"മ് മ് മ് , ഞാന്‍ പറയൂല്ല "
അപ്പോള്‍ തന്നെ അര്ഷിന്‍ വിളിച്ചു. കാളയുടെ മൂന്നു നാലു തലമുറ പിന്നിലേക്കുള്ള പിതാമഹന്മാരെ വരെ അര്ഷിന്‍ സംബോധന ചെയ്യുന്നത് ഫോണ്‍ ലൌഡ്സ്പീക്കറില്‍  അല്ലാതിരുന്നിട്ടു കൂടി എനിക്ക് കേള്‍ക്കാമാരുന്നു. തൃശൂര്‍ സ്റ്റേഷനില്‍ അന്തവും കുന്തവും ഇല്ലാതെ ഇറക്കി നിര്‍ത്തിയതിനെക്കാള്‍ ആ ചെല്ലക്കിളിയെ വിട്ടു പിരിഞ്ഞല്ലോ എന്ന വിഷമം ആരുന്നു ആ സംബോധനകളുടെ മൂലകാരണം. ഒരു വേള കാള അവനിട്ട് പണി കൊടുത്തതാണോ എന്ന് പോലും അവന്‍ സംശയിചിട്ടുണ്ടാകാം. പുറകില്‍ വരുന്ന എക്സ്പ്രസ്സില്‍ കേറി വന്നാല്‍ മതി, ഞങ്ങള്‍ ഒറ്റപ്പാലത്ത് എത്തിക്കോളാം എന്ന ഉറപ്പിന്മേല്‍ അവന്‍ ഫോണ്‍ വച്ചു .

ഇനി ഈ ഷൊര്‍ണൂര്‍ വണ്ടിയില്‍ എങ്ങനെ ഒറ്റപ്പാലം എത്തും എന്നതായി അടുത്ത ചോദ്യം. ഏതേലും മെയിന്‍ സ്റ്റേഷനില്‍ ഇറങ്ങി പുറകില്‍ വരുന്ന വണ്ടിയില്‍ കേറിയാല്‍ പ്രശ്നം തീരുമല്ലോ. അങ്ങനെ രണ്ടും നിര്‍ത്തുന്ന ഒരു സ്റ്റേഷന്‍ ഏതെന്നു അടുത്തിരിക്കുന്നവരോട് ചോദിച്ചതില്‍ നിന്നും വടക്കഞ്ചേരി ആണ് നമ്മുടെ സ്വര്‍ഗരാജ്യം എന്ന് തീര്‍ച്ചപ്പെടുത്തി. അങ്ങനെ വടക്കഞ്ചേരി ഇറങ്ങിയാന്‍ നോക്കിയ ഞങ്ങളെ ആ സ്റ്റേഷന്റെ രൂപം ഒന്ന് ശങ്കിപ്പിച്ചു. കുതിച്ചു പാഞ്ഞു വരുന്ന രാജധാനി പോലും ഒന്ന് പകച്ചു നിന്ന് പോകുന്ന അത്ര സുന്ദരരൂപം. പാസഞ്ചര്‍ തന്നെ നിര്‍ത്തുമോ എന്നാ സംശയം തോന്നിയതിനാല്‍ ഞാന്‍ അവിടെ ഇറങ്ങി അന്വേഷിച്ചു. അവിടെ പുറകില്‍ വരുന്ന വണ്ടി നിര്‍ത്തില്ല എന്ന വാര്‍ത്ത‍ കേട്ട് ഒട്ടും വൈകാതെ തന്നെ വന്ന വണ്ടിയില്‍ തന്നെ കയറി. അപ്പൊ തന്നെ ആ വഴി അടഞ്ഞു.

ട്രെയിനില്‍ കുറെ നാട് ചുറ്റി ഉള്ള പരിചയം വച്ച് എന്റെ ചെറിയ ബുദ്ധി വലുതായി ഒരു ചിന്ത നടത്തി. ഒറ്റപ്പാലം ഷൊര്‍ണൂര്‍ എത്താതെ പോകുന്ന സ്ഥലം ആണ്. അപ്പോള്‍ ഈ റെയില്‍വേ ലൈനില്‍ നിന്നും ഒരു തിരിയല്‍ വേണമല്ലോ. അങ്ങനെ രണ്ടു റെയില്‍വേ ലൈന്‍ തിരിഞ്ഞു പോകുന്ന സ്ഥലം ഒരു റെയില്‍വേ ജങ്ക്ഷന്‍ ആവണം. റെയില്‍വേ ജങ്ക്ഷന്‍ എല്ലാം തന്നെ വലിയ സ്റ്റേഷന്‍ ആയിരിക്കും അവിടെ ഒരു വിധം എല്ലാ വണ്ടിയും നിര്‍ത്തും. അപ്പോള്‍ പുറകെ വരുന്ന വണ്ടിയും അവിടെ നിര്‍ത്തുമല്ലോ. അങ്ങനെ ഒറ്റപ്പാലത്തിനു തിരിയുന്ന ആ റെയില്‍വേ ജങ്ക്ഷന്‍ ഇറങ്ങിയാല്‍ എല്ലാ പ്രശ്നവും തീരും. "ഇതൊക്കെ നടക്കുമോടെ " കാളയുടെ ചോദ്യം അപ്രസക്തം ആയിരുന്നു. നടക്കാതെ എവിടെ പോകാന്‍. അങ്ങനെ ജങ്ക്ഷന്‍ ഉടനെ എത്തും ഉടനെ എത്തും എന്ന് കരുതി കണ്ണും നട്ടിരുന്ന ഞങ്ങളുടെ നെഞ്ചിലടിച്ചു കൊണ്ട് പെട്ടന്നൊരു റെയില്‍വേ ലൈന്‍ ഞങ്ങളെ വിട്ടകന്നു പോകുന്നു.
"ദേണ്ടെ പോകുന്നെടാ ഒറ്റപ്പാലം ലൈന്‍. നിന്റെ ഒടുക്കത്തെ ഒരു ജങ്ക്ഷന്‍ ബുദ്ധി. ഇതൊന്നും നടക്കില്ലെന്നു ഞാന്‍ അപ്പോഴേ പറഞ്ഞതാ" കാളയുടെ വര്‍ത്തമാനം അത് വരെ ഉള്ള എന്റെ റെയില്‍വേ വിജ്ഞാനത്തെ കൊഞ്ഞനം കുത്തി.
"അങ്ങനെ വരാന്‍ വഴി ഇല്ലെടാ, സാധാരണ തിരിഞ്ഞു പോകുന്ന സ്ഥലം ആണ് റെയില്‍വേ ജങ്ക്ഷന്‍" എന്റെ വര്‍ത്തമാനത്തിനിടക്ക് ആ അനൌണ്സ്മെന്റ് ഞാന്‍ കേട്ടു "ഷൊര്‍ണൂര്‍ ജങ്ക്ഷന്‍   നിങ്ങളെ സ്വാഗതം ചെയ്യുന്നു" ആഹ്ലാദവും അമ്പരപ്പും ഒന്നിച്ചുണ്ടായ ഞാന്‍ ആകെ ഒരു പുകയില്‍ നിന്നു. ഷൊര്‍ണൂരിന്റെ ഭൂമിശാസ്ത്രം അറിയാത്ത ഞാന്‍ പുകയില്‍ നിന്നിലെങ്കിലെ അദ്ഭുതം ഉള്ളൂ.



ഷൊര്‍ണൂര്‍ ഇറങ്ങി ബസ്‌ സ്റ്റാന്റ് ഒക്കെ കണ്ടു പിടിച്ചു ബസ്‌ കേറി ഒറ്റപ്പാലത്തെത്തിയ ഞങ്ങളെയും കാത്തു നിറപുഞ്ചിരിയുമായി നിന്ന അര്ഷിന്‍ ആണ് ഈ കഥയുടെ ക്ലൈമാക്സ്‌. തല്ലു കൊള്ളാന്‍ ചെണ്ട എന്ന് പറഞ്ഞത് പോലെ ഒന്നും അറിയാതെ അവന്‍ ഒറ്റപ്പാലത്തെത്തി, വണ്ടി പോകില്ലെന്നും വേറെ വണ്ടി കേറണം എന്നൊക്കെ കണ്ടെത്തിയ സോമന്‍ എന്നത്തേയും പോലെ ഊള ആയി.

അഭിപ്രായങ്ങള്‍

ajith പറഞ്ഞു…
എനിക്ക് സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല. ഷൊര്‍ണൂരിന്റെ ഭൂമിശാസ്ത്രം അറിയാത്തതുകൊണ്ടാണോ?
Tomsan Kattackal പറഞ്ഞു…
ഒറ്റപ്പാലം ഷൊര്‍ണൂര്‍ കണ്‍ഫ്യൂഷന്‍ എനിക്കും ഉണ്ടായിരുന്നു.
Vp Ahmed പറഞ്ഞു…
ഷോര്‍ണൂര്‍ ഭാഗത്തൊക്കെ ഒന്ന് പോയി വരട്ടെ... ക്ഷമിക്കൂ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...