സാറ് മലയാളിയാ...??!! മ്മളും മലയാളിയാട്ടോ

ഒരു വൈകുന്നേരം ആറ്റിങ്ങൽ നമ്മുടെ താവളത്തിൽ ഇങ്ങനെ ഇരിക്കുമ്പോഴാണ് അച്ചായാൻ ചോദിക്കുന്നത് "നമുക്ക് ചുമ്മാ എങ്ങോട്ടേലും ഒന്ന് കറങ്ങിയാലോ ?". അഷറവും ഉണ്ട് കൂടെ. ഈയപ്പൻ അകത്ത് ചോറിടുന്ന തിരക്കിൽ ആണ്. എങ്ങാനും ആറ്റിങ്ങൽ ചെന്നാൽ ഈയപ്പൻ അപ്പോഴേ ചോദിക്കും, ചോറിടണോ വേണ്ടയോ എന്ന്. ആസ്ഥാന പാചകക്കാരനും ആസ്ഥാന പ്രോഗ്രാമറും ഒരാൾ അയാൾ ഇങ്ങനെ ഒക്കെ ആകുമോ ! 

" അല്ല, എങ്ങോട്ട് പോകാനാണ് ഉദ്ദേശം ??" എങ്ങോട്ട് പോകാനും തയ്യാർ ആണെങ്കിലും എനിക്കും അതൊന്നു അറിയണ്ടേ.

 " ഗോവ " അഷറു എടുത്ത വായ്ക്ക് പറഞ്ഞു.

അച്ചായാൻ കേട്ട ഉടനെ പ്രതികരിച്ചത് ഇങ്ങനെ " ഇയാൾ വരുകേം ഇല്ല, ചുമ്മാ അലമ്പ് ഇറക്കുവാണോ !! ". സംഗതി അച്ചായാൻ പറഞ്ഞത് പോയിന്റ്‌ ആണ്. പല മാതിരി തിരക്കുകൾ കാരണം ആഷറു വരില്ല. ഈയപ്പൻ അടുക്കള ഭരണവും കുടുംബ ഭരണവും കാരണം നിന്ന് തിരിയാൻ സമയം ഇല്ല. ഞാൻ അച്ചായനോട് ചോദിച്ചു, ശെരിക്കും ആരൊക്കെ ആണ് പോകുന്നതെന്ന്. കുഞ്ഞുകുട്ടി പരാധീനങ്ങൾ ഇല്ലാത്തതിനാൽ ഈയുള്ളവനും അച്ചായനും ഉറപ്പ് ആണ്. മൊട്ട എങ്ങോട്ടേലും പോകാൻ മുട്ടി നിൽക്കുന്നത് കൊണ്ട് അവനും ഉറപ്പ് ആണ്. അവൻ കൊല്ലം ഒന്ന് രണ്ട് ആയി ഗോവാ ഗോവാ എന്ന് കാറാൻ തുടങ്ങിയിട്ട്‌ . ഗോവ എന്നുള്ളത് നടപ്പുള്ള കേസ് അല്ലെന്നും മര്യാദക്ക് നടക്കുന്ന എന്തേലും പ്ളാൻ ചെയ്താലേ കാര്യം ഉള്ളൂ എന്നും ഉറപ്പുള്ളത് കൊണ്ട് സ്ഥലത്തെ പറ്റി ആലോചന ആയി. അതിനു ഒന്ന് രണ്ട് ആഴ്ച്ച മുൻപാണ് ലൂക്കോച്ചൻ കൂർഗിനെ പറ്റി പറയുന്നത്. കൂർഗ് എങ്കിൽ കൂർഗ് .


 ഇപ്പോഴത്തെ മൂച്ചിന് പോയാൽ പോയി ഇല്ലേൽ പണ്ട് മുതലേ ഗോവ പ്ളാൻ ചെയ്യുന്നത് പോലെ ഇതും ചീറ്റും എന്നുറപ്പാ. പിറ്റേന്ന് രാവിലെ തന്നെ (അന്ന് ഒരു വെള്ളിയാഴ്ച ആണ്) അതിനടുത്ത ശനിയാഴ്ച്ച തലശ്ശേരിക്ക് പോകാൻ ടിക്കററ്റും എടുത്തു. ഹല്ല പിന്നെ.!! തലശ്ശേരിയിൽ നിന്നും ബസിൽ പോകാം എന്നൊക്കെയാണ് പ്ളാൻ. അങ്ങനെ വൈയിറ്റിങ്ങ് ലിസ്റ്റ്  32, ഒരാഴ്ച കൊണ്ട് കണ്‍ഫേം ആകുമല്ലോ എന്ന വിശ്വാസത്തിൽ പിറ്റേന്ന് ആറ്റിങ്ങൽ സ്റ്റാന്റ് വിട്ടു വീട്ടിലെത്തി. ടിക്കറ്റ്‌ പ്രിന്റ് എടുക്കാൻ നോക്കുമ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടത്. " ചാർട്ട് പ്രിപ്പേർഡ്‌  " അത് കണ്ട് ഞാൻ ഞെട്ടി. ഇന്ത്യൻ റയിൽവെ ഇപ്പൊ ഒരാഴ്ച്ച മുന്നേ ഒക്കെ ചാർട്ട് ഇടാൻ തുടങ്ങിയോ.!! പടച്ചോനെ പണി ശെരിക്കും പാളി. സംഗതി വല്യ ഭാവത്തിൽ ടിക്കറ്റ്‌ ഒക്കെ ബുക്ക്‌ ചെയ്തപ്പോ ഡേറ്റ് ശ്രദ്ധിക്കാൻ പറ്റിയില്ല. ഇന്നേ ദിവസം പോകാൻ ഉള്ള ഡേറ്റിൽ ആണ് എടുത്തത്, അടുത്ത ആഴ്ചയ്ക്ക് ഉള്ളതല്ല. അപ്പൊ പണി പാലുംവെള്ളത്തിൽ  കിട്ടി.

ഈ സന്തോഷ  വാർത്ത ചൂടോടെ തന്നെ അച്ചായനെ വിളിച്ച് അറിയിച്ചു. അപ്പോൾ രോഗി ഇശ്ചിച്ചതും വൈദ്യൻ കല്പ്പിച്ചതും ചിക്കൻ ബിരിയാണി എന്ന് പറഞ്ഞത് പോലെ, " അത് ക്യാൻസൽ ചെയ്യാൻ ഞാൻ അങ്ങൊട്ട് വിളിച്ചു പറയാൻ ഇരിക്കുവാരുന്നു " എന്ന്  അവൻ സന്തോഷത്തോടെ പറഞ്ഞത്. അടുത്ത മാസം പച്ചാളത്തിന്റെ കല്യാണം ആണെന്നും അതിന് മുൻപ് അവനെ ഒന്ന് കാണണം എന്നും അത് കൊണ്ട് അവനും കൂടി പറ്റുന്ന ഏതേലും സ്ഥലത്ത് പോകാൻ ആണ് പുതിയ പ്ളാൻ എന്നും അച്ചായാൻ പറഞ്ഞു. അങ്ങനെ പച്ചാളത്തിന്റെ അപ്പോഴത്തെ തട്ടകം ആയ കോയമ്പത്തൂർ ആണ് പുതിയ ലക്ഷ്യസ്ഥാനം !!

പ്ളാനിംഗ് പോയ ഒരു പോക്കേ .!! ഗോവയിൽ നിന്നും കർണാടകം , അവിടെ നിന്നും തമിഴ് നാട് . ഇത്രയും ആയതോടെ ഇത് മൊട്ടയുടെ പഴയ ഗോവ ട്രിപ്പ്‌ൻറെയും ഷിംല ട്രിപ്പ്‌ൻറെയും അവസ്ഥ ആകുമോയെന്ന സംശയം തോന്നിതുടങ്ങി. നമ്മൾ എങ്ങോട്ടെങ്കിലും പോയിരിക്കും എന്ന് അവൻ ഉറപ്പിച്ചു പറഞ്ഞപ്പോഴാണ് എന്ത് കൊണ്ട് നമ്മൾ കോയമ്പത്തൂർ പോയി വെയിൽ കൊള്ളണം. ഊട്ടിക്ക്‌ പോയിക്കൂടെ എന്ന ഐഡിയ വന്നത്. നീലഗിരി മൌണ്ടൻ റെയിൽ കേറി പോകണം എന്ന ആഗ്രഹം പണ്ടേ ഉള്ളതാണ്. അങ്ങനെ പ്ളാൻ മൊത്തം മാറ്റി എഴുതി. അച്ചായനും ഞാനും വെള്ളിയാഴ്ച്ച ഇറങ്ങുന്നു, ശനിയാഴ്ച്ച വെളുപ്പിനെ കോയമ്പത്തൂർ എത്തുന്നു. അവിടെ നിന്നും മേട്ടുപ്പാളയത്തിനു കേറുന്നു, അവിടെ നിന്നും ഊട്ടിക്ക്‌ ട്രെയിൻ കയറുന്നു. കോയമ്പത്തൂർ രാവിലെ എത്തുന്ന തരത്തിൽ എറണാകുളത്ത് നിന്നും രാത്രി 10 മണിക്ക്  "റ്റീ ഗാർഡൻ എക്സ്പ്രസ്സ്‌ " ഉണ്ട്. വേളാങ്കണ്ണിക്ക് പോകുന്ന വണ്ടി ആണ്. രാവിലെ 3 മണിക്ക് കോയമ്പത്തൂർ എത്തും. അതാണ്‌ അടുത്ത സീൻ. അച്ചായനും ഞാനും വെളുപ്പിനെ എണീക്കുന്നവർ ആയത് കൊണ്ട് രക്ഷപെട്ടു. കോയമ്പത്തൂർ നിന്നും 5 മണിക്ക് മേട്ടുപ്പാളയം ട്രെയിൻ ഉണ്ട്. "ബ്ളൂ മൌണ്ടൻ എക്സ്പ്രസ്സ്‌ ", ഇത് ചെന്നെയിൽ നിന്നും വരുന്നതാണ്. മൊട്ട ചെന്നെയിൽ നിന്നും  കയറി വന്നോളും. ഞങ്ങൾ ഇവിടുന്നു കേറിയാ മതിയല്ലോ. ശനിയാഴ്ച ഉച്ച വരെ പച്ചാളം ബിസി ആയത് കൊണ്ട് അവൻ ഉച്ച കഴിഞ്ഞു ബസ്‌ കേറി ഊട്ടിയിൽ വന്നോളും. നീലഗിരി ട്രെയിനിൽ പോകാൻ ഞാനും അച്ചായനും മൊട്ടയും മാത്രം. മേട്ടുപ്പാളയത്ത് നിന്നും 7 മണി ആകുമ്പോൾ ആണ് നമ്മുടെ ഊട്ടി ട്രെയിൻ. അങ്ങനെ മാസ്റ്റർ പ്ളാൻ എല്ലാം ഭംഗി നടന്നു. ട്രെയിന്റെ പേരും കൂടി കേട്ടതോടെ ആകെ ത്രിൽ അടിച്ച് ഇങ്ങനെ ഇരിക്കുവാ. "റ്റീ ഗാർഡൻ എക്സ്പ്രസ്സ്‌ ", "ബ്ളൂ മൌണ്ടൻ എക്സ്പ്രസ്സ്‌ ", " നീലഗിരി മൌണ്ടൻ റയിൽ " ആകെ ഒരു രോമാഞ്ചകഞ്ചുകം.


അപ്പോഴാണ്‌ ഒരു ചെറിയ സംശയം. ഈ ഊട്ടി ട്രെയിനിൽ ടിക്കറ്റ്‌ ഒക്കെ കിട്ടുമോ?? പണ്ട് ഒരു തവണ ബുക്ക്‌ ചെയ്യാൻ നോക്കിയപ്പോൾ വെയിറ്റിംഗ് ലിസ്റ്റ് കാണിച്ചതാ. " പാസ്സഞ്ചർ വണ്ടി ആണ് അച്ചായാ, ഒന്നും ഇല്ലേൽ നമ്മൾ ലോക്കലിൽ കയറി പോകും." എൻറെ മറുപടി ഇതായിരുന്നു. അങ്ങനെ വെള്ളിയാഴ്ച്ച ഉച്ചക്ക് എറണാകുളം എത്തി ഒരു കറക്കവും ഭക്ഷണവും ഒക്കെ കഴിഞ്ഞ് റ്റീ ഗാർഡൻ എക്സ്പ്രസ്സ്‌ ൽ കയറി ഇരിക്കുമ്പോഴാണ് ടോണി കുട്ടൻറെ വിളി വരുന്നത്. എറണാകുളത്ത് ആണെന്നും ഊട്ടിക്ക്‌ പോകുകയാണെന്നും കേട്ട ടോണി കുട്ടൻ ഒരേ കലിപ്പ്. " നീയൊന്നും ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോടെയ് !! ". സത്യത്തിൽ ടോണി കുട്ടൻ ചൊറി അടിച്ചു ഇരിക്കുന്ന കാര്യം ആരും ഓർത്തതേ ഇല്ല. അവനെ സമാധാനിപ്പിക്കാൻ അച്ചായാൻ പറഞ്ഞു രാത്രി " അമൃത എക്സ്പ്രസ്സ് " കേറി പാലക്കാട്‌ വന്നാൽ ഉച്ചക്ക് പച്ചാളത്തിന്റെ കൂടെ ഊട്ടിയിലോട്ടു പോരാം. ടോണി കുട്ടൻ നോക്കട്ടെ എന്നും പറഞ്ഞു പോയി ഒരു 11 മണി ആയപ്പോ ഫോണ്‍ വന്നു, അമൃതയിൽ കയറി എന്ന്. പിന്നല്ല, ഇനി ഇങ്ങനെ ഒരു ചാൻസ് കിട്ടില്ല എന്ന് അവനു നല്ലോണം അറിയാം.

3 മണിക്ക് കോയമ്പത്തൂർ എത്തുമ്പോ വിളിച്ചുണർത്തനം എന്ന് പറഞ്ഞേൽപ്പിച്ച അടുത്ത ബെര്ത്തിലെ അമ്മച്ചിയും ചേച്ചിയും കുംഭകർണ സേവയിൽ അതിഗാഡം മുഴുകിയിരുന്നതിനാലും അച്ചായനും ഞാനും അങ്ങോട്ടും ഇങ്ങോട്ടും തെറി പറഞ്ഞു അലാറം ഓഫ്‌ ആക്കിയതിനാലും കോയമ്പത്തൂർ സ്ടേഷനിലെ തമിഴ് അന്നൗണ്‍സ്മെന്റിന് ഞങ്ങളെ ഉണർത്താൻ ആയില്ല. സ്ഥലം എത്തിയത് അറിയാതെ ഉറങ്ങിപ്പോയി ഈ രണ്ടു പാപികൾ കൂടി ഇങ്ങോട്ട് കെട്ടി എടുത്ത് വരണ്ടാ എന്ന് വേളാങ്കന്നി മാതാവ് കരുതിയത് കൊണ്ടാണോ എന്നറിയില്ല, വണ്ടി സ്റ്റേഷനിൽ നിന്നും പോകുന്നതിനു മുൻപേ ചാടി ഇറങ്ങാൻ ഭാഗ്യമുണ്ടായി. 5 മണി ആകാറായപ്പോൾ വിളിച്ചു പറഞ്ഞു തുടങ്ങി, " പയനികളിൻ കനിവാന ഗവനത്തുക്ക് , ചെന്നയിലിരുന്തു മേട്ടുപ്പാളയം വരെ സെല്ലും ബ്ളൂ മൌണ്ടൻ എക്സ്പ്രസ്സ്‌ കൊഞ്ച നേരത്തുക്കുള്ളിൽ തടം ആയിന്തിൽ വരപ്പോകിറതു" . എന്നാ മൊട്ടയെ ഒന്ന്  വിളിച്ചുണർത്താം, അപ്പൊ അവന്റെ ബോഗിയിൽ കയറാമല്ലോ. ഫോണ്‍ എടുത്ത മൊട്ട പറഞ്ഞു " അളിയാ, തിരുപ്പൂർ ആകാൻ പോകുന്നു ", ഞങ്ങൾ ഞെട്ടിയില്ലേ!! 5 മണി ആയി അപ്പോൾ. അതെങ്ങനെ ശെരി ആകും, വണ്ടി ഉടൻ വരും എന്ന് വിളിച്ചു പറയുന്നു തിരുപ്പൂർ ആകാൻ പോകുന്നു എന്ന് ആ വണ്ടിയിൽ വരുന്ന ഇവനും പറയുന്നു. ആ രഹസ്യത്തിന്റെ ചുരുൾ അഴിയാൻ അല്പ സമയം എടുത്തു. മൊട്ട ഈ വണ്ടിയിൽ അല്ല, ഇതിന്റെ പുറകിൽ വരുന്ന ചേരൻ എക്സ്പ്രസ്സ്‌ൽ ആണെന്നും അത് കോയമ്പത്തൂർ വരയേ സെല്ലുകയുള്ളൂ എന്നും തിരുപ്പൂർ ഇരുന്ത് കോയമ്പത്തൂർ സെല്ലാൻ ഇനിയും കുറെ സമയം എടുക്കും എന്നും മനസ്സിലാക്കി വന്നപ്പോഴേക്കും തടം അയിന്തിൽ നമ്മുടെ ബ്ളൂ മൌണ്ടൻ വന്നു നിന്നു.


മൊട്ട പതുക്കെ ഇറങ്ങി ബസിൽ വരട്ടെ, അപ്പോഴേക്കും മേട്ടുപ്പാളയത്ത് പോയി നമുക്ക് ടിക്കറ്റ്‌ എടുത്തു വയ്ക്കാം എന്നും പ്ളാൻ മാറ്റി. ബ്ളൂ മൌണ്ടനിൽ കയറി മേട്ടുപ്പാളയം എത്തി. ഈ വണ്ടിയിൽ വന്ന എല്ലാവരും ഇറങ്ങി സ്റ്റേഷനിലെക്ക് ഓട്ടം ആണ്. ഞങ്ങളും ഓടി. ആദ്യമേ ചെന്നില്ലെങ്കിൽ ഇനി ടിക്കറ്റ്‌ കിട്ടിയില്ലെങ്കിലോ. ഓടി വന്ന് എല്ലാവരും ഒരു വരിയിൽ നിന്നു. ഞാനും നിന്നു, പിന്നല്ല. അച്ചായനെ വരിയിൽ നിർത്തി ഞാൻ പതുക്കെ അന്വേഷിച്ചു എന്തിനാ ഈ വരി. ഒരു പോലീസ്കാരൻ തമിഴിൽ കാര്യങ്ങൾ പറഞ്ഞു തന്നു. ട്രെയിനിൽ ആകെ മൂന്ന് ബോഗി ആണുള്ളത്. ഒരെണ്ണം ഫസ്റ്റ് ക്ലാസ്സ്‌ അത് ഫുൾ ആണ്. ഒരെണ്ണം സെക്കന്റ്‌ സിറ്റിംഗ് അതും ഫുൾ ആണ്, പിന്നെ ഒരു അണ്‍റിസർവഡു. എല്ലാ ബോഗിയിലും ഇരുപതു പേർക്കോളം കയറാം. ഈ അണ്‍റിസർവഡിൽ ചുമ്മാ അങ്ങ് ടിക്കറ്റ്‌ കൊടുക്കില്ല. വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ള എല്ലാവരേം കയറ്റി അത് കഴിഞ്ഞ് ടിക്കറ്റ്‌ ഉണ്ടെങ്കിലേ കൊടുക്കൂ. അപ്പൊ പണി പാളി. ഈ വെയിട്ടിംഗ് ലിസ്റ്റ് ടിക്കറ്റ്‌ഉമായി നില്കുന്ന ആൾക്കാർ ആണ് ഈ വരിയിൽ ഉള്ളത്. അപ്പൊ നമ്മുടെ കാര്യം ജഗപൊഗ..!!

അങ്ങനെ അങ്ങ് വിട്ടു കൊടുക്കാൻ ഒരുക്കം അല്ലാരുന്നു. ഇനി വേറെ വല്ല വഴിയും ഉണ്ടോ എന്ന് പോലീസ്കാരനോട് നയത്തിൽ ചോദിച്ചപ്പോൾ, 9 മണി കഴിഞ്ഞ് ഒരു സ്പെഷ്യൽ ട്രെയിൻ ഉണ്ട്, സ്റ്റേഷൻ മാസ്റ്ററെ ഒന്ന് കണ്ടു നോക്ക് എന്ന് പറഞ്ഞു പുള്ളി സ്ഥലം കാലിയാക്കി. സ്റ്റേഷൻ മാസ്റ്ററുടെ അടുത്ത് ചെന്നപ്പോൾ അവിടെയും ഒരു കൂട്ടം. പുള്ളി മലയാളത്തിൽ എന്തോ പറയുന്നത് ഞാൻ കേട്ടു. " സാറ്  മലയാളിയാ...??!!  മ്മളും മലയാളിയാട്ടോ " എന്ന് പറഞ്ഞ് ഞാൻ മുട്ടി. നമ്മൾ അങ്ങ് ദൂരെ ദൂരെ കേരളത്തിൽ നിന്നും വരികയാണെന്നും ട്രെയിനിൽ കയറ്റണം എന്നും പറഞ്ഞു തുടങ്ങി. മലയാളി എന്ന സെന്റിമെന്റ്സ് വർക്ക്‌ഔട്ട്‌ ആക്കി നോക്കാം. പുള്ളി അധികം ഒന്നും പറഞ്ഞില്ല, ഒരേ ഒരു ഡയലോഗ്  മാത്രേ പറഞ്ഞുള്ളൂ.

ഒരു വലിയ ബാക്ക്പായ്ക്ക്ഉം തൂക്കി അങ്ങോരുടെ റൂമിൽ നിൽക്കുന്ന ഒരു ഇറ്റലിക്കാരി മദാമ്മയെ ചൂണ്ടികാണിചിട്ട്  " അവരെ കണ്ടാൽ അത്രേം ദൂരെ കേരളത്തിൽ നിന്ന് വന്നതാണെന്ന് തോന്നുമോ ?? അവർക്ക്  പോലും കൊടുക്കാൻ ടിക്കറ്റ്‌ ഇല്ല ഇഷ്ടാ ". ആ ഒറ്റ ഡയലോഗിൽ അങ്ങോർ എന്നെ ഇരുത്തിക്കളഞ്ഞു. അൽപം കഴിഞ്ഞു വേറെ എന്തെങ്കിലും വഴി ഉണ്ടോ സാറേ എന്ന് ചോദിച്ചപ്പോൾ 9 മണിക്ക് ഒരു സ്പെഷ്യൽ ട്രെയിൻ ഉണ്ട്. അതിന്റെ ചാർത് 8 മണിക്ക് കിട്ടും, അതിൽ സീറ്റ്‌ ഒഴിവ് ഉണ്ടേൽ ടോക്കണ്‍ തരും അതുമായി പോയി ടിക്കറ്റ്‌ എടുത്താൽ അതിൽ കയറാം എന്ന ഒരു വഴി പുള്ളി പറഞ്ഞു തന്നു. ടോക്കണ്‍ വാങ്ങാൻ ഇപ്പോൾ തന്നെ 10, 20 പേരുടെ നീണ്ട നിര തന്നെ ആയിക്കഴിഞ്ഞു. ടോക്കണ്‍  എങ്കിൽ ടോക്കണ്‍ ഒരു കൈ നോക്കാം എന്ന് കരുതി ഞങ്ങൾ മാറി മാറി വരിയിൽ നില്പ്പ് തുടങ്ങി.

അപ്പോഴാണ്‌  " ഇതെന്റെ 12 വർഷത്തെ കാത്തിരിപ്പാണ് , ഞാൻ ഈ വണ്ടിക്ക് തന്നെ പോകും " എന്ന് സിൽമാ സ്റ്റയിലിൽ ഡയലോഗും അടിച്ച് ഒരു ചുള്ളൻ കടന്നു വന്നത്. ചുള്ളൻ വന്ന് നമ്മുടെ സാറിനെ ഒക്കെ വെല്ലുവിളിക്കുന്നു. " ഒരൊറ്റ ഫോണ്‍ കാൾ, അത് മതി നിന്റെ ജോലി തെറിപ്പിക്കാൻ " ആ ചുള്ളൻ സുരേഷ് ഗോപീടെ ആരോ ആണെന്ന് തോന്നുന്നു, എല്ലാം അത് മാതിരി ഡയലോഗ്. നമ്മുടെ സാറും മോശം അല്ല. പുള്ളിയും കട്ടയ്ക്ക് തന്നെ " xxxxxx എന്നാണെന്റെ പേര്, താൻ എന്താണെങ്കിലും ചെയ്തോളൂ." ഇത് നമ്മൾ എത്ര കണ്ടതാ എന്ന ഭാവം. " സാർ , ആ വരിയിൽ പോയി നിൽക്കണം, അവരും സാറിന്റെ നാട്ടുകാർ അല്ലേ, അവർ എന്ത് മര്യാദയ്ക്കാ നില്ക്കുന്നത് " തമിഴൻ പോലീസ്കാരൻ ഞങ്ങളെയും വരിയിൽ ഉള്ള ബാക്കി മലയാളികളെയും കാണിച്ചു ചുള്ളനെ ഉപദേശിക്കുകയാണ്. ചുള്ളൻ അതിനും കലിപ്പ് ഡയലോഗ്  " ഇവരൊക്കെ ചതിയന്മാരാ, 8 കൊല്ലം മുന്പ് ഞാൻ തിരിച്ചറിഞ്ഞതാ ഇവരെയൊക്കെ ". ചുള്ളൻ എന്ത് പറഞ്ഞാലും വര്ഷത്തിന്റെ കളി ആണ്. എല്ലാ ക്ലാസ്സിലും കുറെ വർഷം പഠിച്ചത് കൊണ്ടാണോ എന്തോ !! 7 മണിയുടെ വണ്ടിയിൽ കയറാൻ ചുള്ളൻ കുറച്ച് കയ്യാങ്കളി ഒക്കെ കാണിക്കാൻ നോക്കിയെങ്കിലും നമ്മുടെ തമിഴൻ പോലീസ്കാരൻറെ കൈകരുത്തിനു മുന്നിൽ തോറ്റു മടങ്ങി. കുറച്ച അലമ്പ് ഒക്കെ കാട്ടികൂട്ടി ചുള്ളൻ എങ്ങോട്ടോ പോയി. 7.30 ആയപ്പോ കോയമ്പത്തൂർ നിന്നും ബസ്‌ കേറി മൊട്ടയും എത്തി. ടോക്കണ്‍ കഥ ഒക്കെ വിശദമായി പറഞ്ഞു കൊടുത്ത്  അവനെയും വരിയിൽ  നിർത്തി.

8 മണി ഒക്കെ കഴിഞ്ഞ് ചാർട്ട് വന്നു . സാർ ചാർട്ട് ഒക്കെ നോക്കി കണക്ക് കൂട്ടി ടോക്കണ്‍  കൊടുത്തു തുടങ്ങി. അങ്ങനെ ഞങ്ങൾക്കും കിട്ടി 3 ടോക്കണ്‍.  :) ഇനി അതുമായി പോയി കൌണ്ടറിൽ നിന്നും ടിക്കറ്റ്‌ എടുക്കണം,

ഇനിയാണ് കഥയിലെ ആന്റിക്ലൈമാക്സ്‌. രണ്ടര മണിക്കൂർ വരിയിൽ നിന്ന് കഷ്ടപ്പെട്ട് വാങ്ങിയ ടോക്കണ്‍  വച്ച് 3 ടിക്കറ്റ്‌ എടുത്തപ്പോൾ 3 പേർക്കും കൂടി 12 രൂപ !!!!! പാസ്സഞ്ചർ ട്രെയിനിലെ ലോക്കൽ ടിക്കറ്റ്‌ അല്ലേ !! ആ രണ്ടര മണിക്കൂർ നിന്ന് 4 രൂപയ്ക്ക് വീതം വാങ്ങിയ ആയ ടിക്കറ്റ്ഇലെ യാത്ര ഉണ്ടല്ലോ, അവർണ്ണനീയം !!! മലനിരകളിൽ കൂടി വളഞ്ഞും പുളഞ്ഞും, ഇന്റർലോക്ക് ചെയ്ത പാളത്തിലൂടെ ടക് ടക് ഒക്കെ വച്ചും, ആവി പറത്തിയും, വഴി നീളെ ആവി എഞ്ചിനിൽ വെള്ളം നിറച്ചും, തുരങ്കം മുഴുവൻ  പുക നിറച്ചും, പുറകിൽ നിന്നും തള്ളുന്ന ആ ആവി എഞ്ചിനും മൂന്ന് ബോഗിയും. അത് ജീവിതത്തിലെ  മറക്കാനാകാത്ത ഒരു യാത്ര തന്നെ. അങ്ങനെ ഒന്നും നടന്നില്ലെങ്കിൽ നമ്മൾ ലോക്കലിൽ കയറി പോകും അളിയാ എന്ന് അച്ചായനോട് പറഞ്ഞത് എത്ര ശെരി ആയി !!

 


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

1 അഭിപ്രായം:

ajith പറഞ്ഞു...

സ്കൂള്‍ കാലം മുതലേ ഉല്ല ൊരു ആഗ്രഹമായിരുന്നു ഈ ട്രെയിനില്‍ ഒന്ന് കയറണമെന്ന്. പക്ഷെ നാടന്നില്ല. ഒരിയ്ക്കല്‍ ഊട്ടിയില്‍ പോയത് ബസില്‍ ആയിരുന്നു. ഇപ്പോള്‍ ഈ റെയില്‍ ഡീക്കമ്മീഷന്‍ ചെയ്തുവോ? അങ്ങനെ ഒരു ന്യൂസ് കേട്ടിരുന്നു.