യൂണിവേഴ്സിറ്റി പ്ളേയർ ...

MH ഇൽ ലൂക്കോച്ചന്റെ മുറിയിൽ അങ്ങനെ ഇരിക്കുമ്പോഴാണ് P P ശിശു വന്ന് ഒരു ആഗ്രഹം പറയുന്നത്. " അളിയാ, എനിക്ക് ഫുട്ബോൾ കളിക്കണം. നമുക്ക് ടൈഗർ ഫൈവിന് ടീം ഇറക്കണം. "

ലൂക്കോചൻ എന്നെ നോക്കി ഒന്ന് ചിരിച്ചു. ശിശുവിന്റെ പതിവ് തമാശ എന്ന ഭാവം. ലൂക്കോച്ചന്റെ ലാപ്ടോപ്പിൽ "ല ലിഗ"യുടെ സ്കോർ നോക്കി കൊണ്ടിരുന്ന ചന്തു ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി. " ങ്ങൾക്കെന്താ മനുഷ്യാ , തലക്ക് വല്ല ഇളക്കവും തട്ടിയോ ?? ". സംഭവം ഇവർ എല്ലാം ഞെട്ടിയതിനു കാരണം ഉണ്ട്. ഈ ടൈഗർ ഫൈവ് അത്ര ചില്ലറ കളി ഒന്നും അല്ല.
ശിശു അവന്റെ റൂമിൽ നിന്ന് ഇവിടെ വന്നു പറയണം എങ്കിൽ ഇതല്പം സീരിയസ് ആയ ഒരു ആഗ്രഹം തന്നെ ആവണം. 




നമ്മുടെ കോളേജിലെ ഒരു വമ്പൻ പോരാട്ടം തന്നെ ആണ് ടൈഗർ ഫൈവ് . UG പിള്ളേരുടെ വാശിയും അന്തസ്സിന്റെയും അഭിമാന പോരാട്ടം ആയ ടൈഗർ ഫൈവ്. MH ഉം താമരയും തമ്മിലുള്ള മൂപ്പിളമ തർക്കത്തിന്റെയും വേദി. MH എന്നത് ഞങ്ങടെ താവളം ആയ മെൻസ് ഹോസ്റ്റലും താമര എന്നത് MH ന്റെ ബദ്ധശത്രുക്കൾ ആയ താമരശ്ശേരി എന്ന അയൽ ഹോസ്റ്റലും ആണ്. ശെരിക്കും ടൈഗർ ഫൈവ് ഒരു ഫുട്ബോൾ ടൂർണമെന്റ് ആണ്. 5 പേർ മാത്രം ഉള്ള ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ഒരു ഫുട്ബോൾ ടൂർണമെന്റ്. ഗ്രൌണ്ടിന്റെ വലിപ്പം അല്പം ചെറുതായതിനാൽ സെവെൻസ് കളിയ്ക്കാൻ പറ്റില്ല. ഉള്ള മൈതാനത്ത് വാശി തീർക്കാൻ ആരോ പ്രയോഗിച്ച ബുദ്ധി ആണ് ഈ ടൈഗർ ഫൈവ് ആശയം. ഈ 5 പേർ ആയത് കാരണം വേറെ ഒരു കുഴപ്പം കൂടി ഉണ്ട്. 60 തിൽ അധികം വരുന്ന അംഗസംഖ്യ ഓരോ UG ക്ലാസ്സിലും ഉണ്ട്. അതിൽ പകുതിയോളം ആണ്‍പിറന്നവന്മാർ ആയിരിക്കും. അതിൽ മൂന്ന് തരം ആൾക്കാർ ഉണ്ടാവും. MH , താമര, പിന്നെ ഇതിലൊന്നും പെടാത്ത ഡേ സ്കോളേഴ്സ് . ഈ പോയി വരുന്നവന്മാർ സ്വന്തം ക്ലാസ്സിലെ MH, താമര അംഗസംഖ്യ അനുസരിച്ച് ഏതേലും ഒരു വശത്തേക്ക് ചായും. ചുരുക്കത്തിൽ ഓരോ ക്ലാസ്സിലെയും സ്ഥിതി അനുസരിച്ച് നല്ല കിടിലൻ 5 പേർ ആവും കളിയ്ക്കാൻ ഇറങ്ങുക. ചില ക്ലാസ്സുകൾ തമ്മിലുള്ള മത്സരം MH - താമര പോരാട്ടം ആയി മാറുകയും അവസാനം കയ്യാങ്കളിയിൽ കലാശിക്കാനും ഉള്ള സാദ്ധ്യത വളരേ ജാസ്തി ആണ്.

ഇങ്ങനെ നല്ല സ്ഥിതിയിൽ നടന്നു വരുന്ന ഒരു ടൂർണമെന്റിലേക്കാണ് നമ്മുടെ ശിശു ഫുട്ബോൾ കളിക്കണം എന്ന ആഗ്രഹവും ആയി എടുത്തു ചാടാൻ ഒരുങ്ങി നില്കുന്നത്. ബാക്കി UG ക്ലാസ്സിലെ പിള്ളേർ എല്ലാം ടീമിൽ കയറി പറ്റാൻ നോക്കൌട്ട് മത്സരം നടത്തുമ്പോഴാണ് ആകെ 5 ആണുങ്ങൾ മാത്രം ഉള്ള PG ചേട്ടന്മാർ ടൈഗർ ഫൈവ് കളിയ്ക്കാൻ പ്ളാൻ ഇടുന്നത്. ടീം നു ആളെ തികയ്ക്കാൻ പുറത്ത് നിന്ന് വടകയക്ക് ആളെ വിളിക്കേണ്ട അവസ്ഥ. 

ശിശുവിനോട് ഞാൻ പറഞ്ഞു " അളിയാ ശിശൂ, നീ നടക്കുന്ന കേസ് വല്ലതും പറ. നാല് ദിവസം ജിമ്മിൽ പോയ വഴിക്ക് കളി കണ്ട ആവേശത്തിൽ ആണ് നീ പറയുന്നത് എന്നെനിക്കറിയാം. ഇത് ചുമ്മാ പോകുന്ന സെറ്റപ്പ് അല്ല മോനെ ". വൈകുന്നേരങ്ങളിൽ ശിശു ജിമ്മിൽ പോകുന്ന വഴി ഈ പിള്ളേരുടെ പ്രാക്ടീസ് കണ്ടു ആവേശം കയറി പറയുന്നത് ആണ് എന്ന് എനിക്ക് നല്ല പോലെ മനസ്സിലായി. അല്ലാതെ ഇവന് മര്യാദക്ക് പന്ത് തട്ടാൻ പോലും അറിയില്ല എന്ന് എനിക്കറിയില്ലേ. ചന്തു ഇതൊക്കെ കേട്ട് അങ്ങനെ ഇരിപ്പാണ്. ലൂക്കോച്ചന്റെ റൂംമേറ്റ്‌ ഇവൻ, സപ്പ്ളി കൊണ്ട് ഒരു കൊട്ടാരം തീർത്ത് അതിലെ രാജാവായി വാഴുന്ന വിദ്വാൻ. " ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ " എന്ന ഡയലോഗ് യൂണിവേഴ്സിറ്റിക്കാർ സീരിയസ് ആയി എടുത്തത് കൊണ്ടാണ് താൻ പരീക്ഷ ജയിക്കാത്തത് എന്നാണ് ചന്തു ഇപ്പോഴും വിശ്വസിക്കുന്നത്. പരീക്ഷയുടെ തലേന്ന് എനിക്ക് ഉറക്കമിളച്ചാൽ അസുഖം വരും എന്ന് പറഞ്ഞ് 9 മണി കഴിയുമ്പോഴേ ചരിയുന്ന ചന്തു, " ല ലിഗ " കാണാൻ രാത്രി 2 മണി വരെ ഉണർന്നിരിക്കുന്നത്  പ്രശ്നം ഒന്നും ഇല്ല എന്ന പക്ഷക്കാരനാണ്. എന്തേലും അതിനെപറ്റി സംസയമുന്നയിച്ചാൽ " ഇത് സ്പോര്ട്സ് അല്ലേ , ആരോഗ്യത്തിന് നല്ലതാ " എന്ന മറുപടി തരും. ഈ കളി കാണാൻ പ്രാന്ത് കാണിക്കുന്നത്  പോലെ നല്ല ഒരു കളിക്കാരൻ കൂടി ആണ് ചന്തു.

അത് വരെ സംഗതി സീരിയസ് ആയി എടുക്കാഞ്ഞ ചന്തു ശിശുവിന്റെ ആഗ്രഹം ഇശ്ശി കലാശാണ് എന്ന് പിടികിട്ടിയപ്പോൾ " മ്വാനേ , നിങ്ങൾ ഇറങ്ങ് . ഇതൊക്കെ ഒരു സ്പോര്ട്സ്മാൻ സ്പിരിറിൽ എടുക്കണ്ടേ " എന്ന് വച്ച് കാച്ചി. ഈ മ്വാനേ വിളി ഒരു അപകട സൂചന ആണെന്ന് എനിക്ക് അപ്പോഴേ കത്തി. ചെങ്ങന്നൂരിൽ പ്രചാരത്തിൽ ഉള്ള ഒരു വിളി ആണ് അത്. ശെരിക്കുള്ള ഉച്ചാരണം ഒരു ഭാഷയിലും എഴുതാൻ പറ്റില്ല, അത് വിളിച്ചു കേൾക്കണം. ഒരു സന്തോഷ സൂചകമായ സംഭവം നടക്കുമ്പോഴോ, പുതിയ എന്തെങ്കിലും വഴി തെളിയുമ്പൊഴൊ ഒക്കെ ഈ പ്രത്യേകതരം ശബ്ദവീചികൾ MH ലെ പല റ്റീംസും പുറപ്പെടുവിക്കുന്നത് ഞാൻ പലകുറി കേട്ടിട്ടും ഉള്ളതാണ്. ചന്തു ഇപ്പോൾ ഈ മ്വാനേ വിളിച്ചതിൽ ഒരു പന്തികേട്‌ ഉണ്ട്. ഇതൊന്നും നടക്കുന്ന കേസ് അല്ല, വെറുതെ ഉള്ള മാനം കപ്പല് കയറ്റി വിടണ്ട എന്ന് കരുതി ഞാൻ ശിശുവിനെ ഓടിച്ച് വിട്ടു.

പിറ്റേന്ന് രാവിലെ മുതൽ ശിശു റൂമിൽ ഫുട്ബോൾ പരിശീലനം തുടങ്ങിയപ്പോളാണ് കക്ഷിക്ക് കളിക്കണം എന്ന ആഗ്രഹം അസ്ഥിക്ക് പിടിച്ചെന്ന് എനിക്ക് മനസ്സിലായത്. പാവം, പണ്ട് പഠിക്കുമ്പോൾ ക്ലാസ്സിലെ കളിക്കാർ ഇവനെ ഗ്രൌണ്ടിന്റെ അടുത്ത് പോലും അടുപ്പിച്ച് കാണില്ല. ആ ഒരു നഷ്ടബോധം കാണും, എങ്കിലും മാനത്തെക്കാൾ വലുതല്ല അവന്റെ ആഗ്രഹം എന്ന ബോധത്തിൽ ഞാൻ ഇത് ഒഴിവാക്കി വിട്ടു. ലൂക്കോച്ചനും വെറുതെ വില കളയണ്ട എന്ന ചിന്താഗതിയിൽ ആണ്. അച്ചാച്ചൻ ഇത് കേട്ട പാടേ " അതെങ്ങനാ ശ്രീയേ ശെരിയാവുക , പിള്ളേർ ഒക്കെ ഭയങ്കര കളി അല്ലേ " എന്നാലോചിച് ടെൻഷൻ അടിച്ചു തുടങ്ങി. ടെൻഷൻ അടിക്കാൻ ഒന്നും ഇല്ലാതെ ഇരുന്ന ദിവസം ഇങ്ങനെ ഒരു പ്രശ്നം കിട്ടിയല്ലോ ടെൻഷൻ അടിക്കാൻ എന്ന സന്തോഷത്തിൽ ആണ് പുള്ളി. കെ ബി ആകട്ടെ എന്നത്തേയും പോലെ " അതിങ്കലെങ്ങാണ്ട്  ഒരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു ?? " എന്ന പതിവ് ഭാവത്തിൽ തന്നെ ആണ്. സാരമില്ല, ആകെ ഉള്ള 5 പേരിൽ 4 പേരും താൽപര്യത്തിൽ അല്ല, ഒരുത്തൻ വേണ്ട എന്ന് പറഞ്ഞാൽ പോലും കളി നടക്കില്ല. അപ്പൊ സംഗതി ഡീൽ ആയി.

ചന്തു ശിശുവിന്റെ ഈ ആഗ്രഹത്തിന് വൻ പ്രചാരം തന്നെ നൽകി . PG യിലെ ചേട്ടന്മാർ കളിക്കാൻ താല്പര്യപ്പെട്ടു നിൽക്കുവാ നമ്മൾ വേണം അവർക്ക് അവസരം നൽകാൻ എന്ന ലൈനിൽ ആണ് അവൻ പ്രചാരം നൽകിയത്. അന്നേ ദിവസം വൈകിട്ട് ലൂക്കോച്ചന്റെ റൂമിൽ ഇരിക്കുമ്പോഴാണ് നമ്മുടെ വടകര ദാസൻ എത്തുന്നത്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ആണ് വടകര ദാസൻ. മൂന്നാം വർഷം വരെ മര്യാദക്ക് പഠിച്ചു പോന്ന ചെക്കൻ , പെട്ടന്ന് ഒരു ഉൾവിളി ഉണ്ടായി രാഷ്ട്രീയത്തിൽ ചേർന്ന കഥയാണ്‌ ദാസന്റേത് . ആ ഉൾവിളിക്ക് പക്ഷെ പരീക്ഷ ഒന്നും ജയിപ്പിക്കാൻ ഉള്ള കഴിവ് ഇല്ലാതെ പോയത് അവന്റെ തെറ്റാണോ!! വല്യേട്ടൻ ആയ ഇവൻ ബാക്കി എല്ലാരുടേം ദാസേട്ടൻ ആണ്. ആറടി മൂന്നിഞ്ച് പൊക്കവും ഒരു കിന്റൽ തൂക്കവും ഉള്ള ഒരു കുഞ്ഞു മനുഷ്യൻ. ഇവൻ റൂമിലെ നിത്യസന്ദർശകൻ ആണ്. MH ന്റെ എല്ലാ പ്രശ്നത്തിലും ഇവൻ കൈ വച്ചിരിക്കും. ഇതിലെല്ലാം ഉപരി നമ്മുടെ ചന്തുവിന്റെ ഒരു ആത്മസ്നേഹിതൻ കൂടി ആണ് ഈ ഗെഡി. ദാസൻ ഒരൊറ്റ ഡയലോഗ് ആണ്  " ചേട്ടന്മാർക്ക് കളിക്കാൻ പറ്റിയില്ലേൽ ഇവിടെ ടൂർണമെന്റ് നടക്കില്ല. ". ദാസൻറെ ഡയലോഗ് കേട്ട ശിശുവിന് ആനന്ദലബ്ദിയായി. പണി പാളിയല്ലോ എന്ന് കരുതി മുഖത്തോട് മുഖം നോക്കി ഞാനും ലൂക്കോച്ചനും ഇരുന്നു.

ദാസൻ ഞങ്ങളെ കളിപ്പിക്കാൻ ഉദ്ദേശിച്ചു തന്നെ ആണ്. MH ഇൽ ആണ് PG ചേട്ടന്മാർ താമസം. ശിശുവും ലൂക്കോച്ചനും പിന്നെ ലൂക്കോച്ചന്റെ കട്ടിലിൽ കുടികിടപ്പായി ഞാനും. അച്ചാച്ചൻ ആറരയുടെ വണ്ടിക്ക് വീട് പിടിക്കുന്നവൻ ആണ്. കെ ബിക്ക്   ഹോസ്റ്റൽ ഉള്ളതും ഇല്ലാത്തതും ഒരു പോലെ ആണ്. അപ്പൊ PG ചേട്ടന്മാർ ടൈഗർ ഫൈവ് കളിക്കാൻ ഇറങ്ങിയാൽ MH നു ഒരു ടീം കൂടി ആകും. MH എന്ന സ്പിരിറ്റും ചേട്ടന്മാരോടുള്ള സ്നേഹവും അല്ലാതെ മറ്റൊരു ഭയങ്കരമായ കാരണം കൂടി ദാസനും ചന്തുവും കൂടി പ്ളാൻ ചെയ്തിട്ടുണ്ട്. ഈ പ്ളാന്നിംഗ് കുറെ കഴിഞ്ഞാണ് എനിക്ക് മനസ്സിലായത്.

( തുടരും ... )

അഭിപ്രായങ്ങള്‍

ajith പറഞ്ഞു…
ഇതെല്ലാം സുഹൃദ് വലയത്തിന്റെ കഥകളാണല്ലോ. അതുകൊണ്ട് പുറമെയുള്ള വായനക്കാര്‍ക്ക് രസകരമായി തോന്നിയെന്ന് വരില്ല. ഭാവനയെ ഉണരാന്‍ വിടൂ, എഴുതൂ, ആശംസകള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...