മെഡുല്ല ഒബ്ലാംകട്ട (നടുവിലെ കൊഞ്ചം പക്കത്തെ കാണൂം)

കുംഭ മാസം, കത്തുന്ന പകലുകളും ചെറുകുളിരുള്ള രാവുകളുമായി തുടങ്ങി ഉത്സവത്തിമിർപ്പിന്റെ ദിനങ്ങൾ. ആദ്യത്തെ ചൊവ്വാഴ്ച്ചയാണ്‌ പത്താം ഉത്സവം. ഒന്നാം ദിവസം തന്നെ തുടങ്ങുന്ന രാത്രിപരിപാടികൾ. ലോകത്തിന്റെ ഏത്‌ കോണിൽ ആണെങ്കിലും ഈ സമയത്ത്‌ എങ്ങനെയും നാട്ടിലെത്താൻ ഈ ദേശക്കാർ മുഴുവൻ ശ്രമിക്കും. ഒരു തവണ പോലും ഉത്സവം കൂടാതെ പോയതായി ഓർമ്മയിലില്ല. ഇത്തവണയും മെഗാബീറ്റ്സിന്റെ ഗാനമേളയും കെപിഎസിയുടെ നിത്യഹരിത നാടകം നീലക്കുയിലും ഒക്കെ കണ്ട്‌ ആഘോഷമായി തുടങ്ങിയതാണ്‌. 

എട്ടാം ദിനം ഞായറാഴ്ച കുറച്ച്‌ ബന്ധൂഗൃഹ സന്ദർശനവും കഴിഞ്ഞ്‌ ടൗൺ ക്ലബ്ബിൽ പതിവ്‌ സൊറപറഞ്ഞിരിക്കയായിരുന്നു. ടി ദിവസം ഗാനമേള ആയതിനാലും 2,3 ദിവസം മൂകാംബികായാത്ര കാരണം കുറച്ച്‌ പരിപാടികൾ കാണാൻ കഴിയാതെ പോയതിനാലും സൊറപറച്ചിൽ നേരത്തെ അവസാനിപ്പിച്ച്‌ 9.30ഓട്‌ കൂടി ക്ലബ്ബിൽ നിന്നും യാത്രപറഞ്ഞിറങ്ങി. പലവഴിക്കായി എല്ലാവരും സ്വവസതികളിലേക്ക്‌ യാത്ര തിരിച്ചു. 

വലത്‌ വശത്തേക്ക്‌ തന്നെ തിരിയേണ്ടിയിരുന്നതിനാൽ ദേശീയപാതയുടെ വലത്‌ വശത്ത്‌ കൂടി തന്നെ ഓരം ചേർന്ന് വലിയ വേഗത ഇല്ലാതെ എന്റെ ഇരുചക്രവാഹനം ഞാൻ ഓടിച്ചു. സിനിമാനായകന്മാരെ പോലെ എതിരെയടിക്കുന്ന കാറ്റിൽ മൂറ്റിയിഴകൾ പാറിക്കളിക്കുന്ന ലുക്ക്‌ കിട്ടണമെന്നതിനാലും നിയമങ്ങൾ ലംഘിക്കപ്പെടാൻ ഉണ്ടാക്കിയതല്ലേ എന്ന തിളയ്ക്കുന്ന ചോരയുടെ വിശ്വാസവും കാരണം ഹെൽമെറ്റ്‌ കയ്യിൽ പോലും കരുതിയിരുന്നില്ല. എത്താറായില്ലേ? എന്ന അനിയത്തിയുടെ ഫോൺ കാളിന്‌ ഇതാ എത്തിപ്പോയ്‌, എന്ന് പറഞ്ഞ്‌ കൊണ്ടായിരുന്നു യാത്ര തുടങ്ങിയത്‌. 

************************* 

കുറെയധികം സ്വപ്നങ്ങളിലൂടെ കടന്ന് പോകുകയാണ്‌. മുഖങ്ങളും ദൃശ്യങ്ങളും ഒക്കെ ഉണ്ട്‌. പുലർകാല സ്വപ്നത്തിന്റെ ആലസ്യം, സുഖകരമായ മയക്കം. ചെവിയിൽ ഒരു ശബ്ദം കേട്ടാണ്‌ സ്വപ്നത്തിൽ നിന്നും ഉണർന്നത്‌. 

" മുഖത്ത്‌ സ്റ്റിച്ച്‌ ഇടണം. മരവിപ്പിക്കാൻ ഉള്ള ഇഞ്ചക്ഷൻ എടുക്കാം. അൽപം വേദന എടുക്കും. " 

സുഖകരമായ സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിന്റെ നിമിഷങ്ങൾ മാത്രമുള്ള ഇടവേളയിൽ കഠിനമായ വേദനയിലും കുറേ കാര്യങ്ങൾ എനിക്ക്‌ മനസ്സിലായിരുന്നു. താലൂക്ക്‌ ആശുപത്രിയുടെ ക്യാഷ്വാലിറ്റിയിൽ മുഖമെല്ലാം ചോരയിൽ കുളിച്ച്‌ മുറിവുകളുമായി കിടക്കുകയാണ്‌ ഞാൻ. 

അബോധത്തിന്റെ ആഴങ്ങളിലേക്ക്‌ മായുന്നതിന്‌ മുൻപ്‌ പരിചിതമുഖങ്ങളും ശബ്ദങ്ങളും തിരഞ്ഞെങ്കിലും ഫലമില്ലാതായി. എനിക്ക്‌ എന്തോ അപകടം പറ്റിയെന്ന് മനസ്സിലായെങ്കിലും എന്ത്‌ സംഭവിച്ചു എന്ന് മനസ്സിലായിരുന്നില്ല. അപകടത്തിന്റെ ആഘാതമോ മുറിവുകളുടെ ഫലമോ മരവിപ്പിക്കൽ മരുന്നിന്റെ ക്ഷീണമോ എന്നറിയില്ല, അബോധത്തിലേക്ക്‌ വീണ്ടും. 

അബോധം, എത്ര സുന്ദരമായ അവസ്ഥ. മുറിവുകളുടെ വേദനയോ ചോരയുടെ നനവോ ഇല്ലാത്ത സുഖകരമായ മയക്കം. നിലവിളി ശബ്ദങ്ങളില്ല മറ്റുള്ളവരുടെ ആശങ്കകൾ അറിയേണ്ട, നമ്മുടെ വേദനയും അറിയേണ്ട. പച്ചമാംസത്തിൽ തുളഞ്ഞ്‌ കയറുന്ന സൂചിമുന പോലും നമ്മെ ഉണർത്തില്ല. ആന്റിബയോട്ടിക്കിന്റെ ഇഞ്ചക്ഷൻ സൂചി ആഴ്‌ന്നിറങ്ങിയിട്ടും നമ്മെ ഉണർത്താൻ കഴിഞ്ഞില്ല. 

ബോധത്തിലേക്ക്‌ ഉണർന്നപ്പോൾ നിയാസിന്റെ രൂപം ഞാൻ കണ്ടു. " നീ ബൈക്കിൽ നിന്നും ഒന്ന് വീണു. വലിയ കുഴപ്പമൊന്നുമില്ല ". ബോധാവബോധങ്ങൾ മാറിക്കളിച്ച ആദ്യ സമയങ്ങളിൽ രഞ്ചുവിനെയും റെജിയെയും ഒക്കെ കണ്ടു. ടൗൺ ക്ലബ്ബിൽ നിന്നും പോയവർ താലൂക്ക്‌ ആശുപത്രിയിൽ ഒരു മണിക്കൂറിന്റെ അകലത്തിൽ വീണ്ടും ഒന്നിച്ചിരിക്കുന്നു. 

സ്കാനിങ്ങും മറ്റ്‌ ഉപചാരങ്ങളും ഒക്കെ കഴിഞ്ഞ്‌ അർദ്ധരാത്രി വീട്ടിലേക്ക്‌ തിരികെ. ഇനി ഒരാഴ്ച്ച കഴിഞ്ഞ്‌ എല്ലാം പഴയപടി ആകുമെന്ന പ്രതീക്ഷയിൽ. അങ്ങനെ ബാകി ഉത്സവവും ആഘോഷവും എല്ലാം ഗുദ ഹവ. 

************************* 
വീഴ്ച്ചയുടെ ചുറ്റുമുള്ള അരമണിക്കൂറിലധികം സമയം ഓർമ്മയിൽ നിന്ന് പൂർണ്ണമായി മാഞ്ഞിരിക്കുന്നു. എങ്ങനെ വീണുവെന്നോ എവിടെ വീണുവെന്നോ എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാനേ കഴിയുന്നില്ല. മെഡുല്ല ഒബ്ലാംകട്ടക്ക്‌ അടിയേറ്റാൽ ഓർമ്മയിൽ നിന്നും പലതും മാഞ്ഞ്‌ പോകും എന്ന് പല സിനിമകളിലും കണ്ടിട്ടുണ്ട്‌. അപകടസ്ഥലത്ത്‌ നിന്നും ആശുപത്രിയിൽ എടുത്ത്‌ കൊണ്ടുപോയ ഫോണിൽ കൂടി പിന്നീട്‌ സംസാരിച്ചറിഞ്ഞ ആ അപരിചിത സുഹൃത്തേ, ആയിരം നന്ദി നിങ്ങൾക്ക്‌. 

ബൈക്ക്‌ സ്കിഡ്‌ ആയി നിരങ്ങി തലയടിച്ച്‌ വീണതാണെന്നും ഒന്നും ഓർമ്മയില്ലെന്ന് മാത്രമാണ്‌ പറഞ്ഞതെന്നും കൂട്ടുകാരെ വിളിക്കാൻ ഫോൺ അൺലോക്ക്‌ ചെയ്യാൻ ആ അബോധാവസ്ഥയിലും ഞാൻ തന്നെ കോഡ്‌ പറഞ്ഞു കൊടുത്തു എന്നുമൊക്കെ ആ സ്നേഹിതൻ തന്നെയാണ്‌ പിന്നീട്‌ പറഞ്ഞ്‌ തന്നത്‌. 

തലയടിച്ച്‌ വീണാൽ ഓർമ്മയിൽ നിന്ന് കുറെയധികം കാര്യങ്ങൾ മായുമെന്ന് അനുഭവിച്ചറിഞ്ഞു. യാറബ്ബുൽ ആലമീൻ...! അങ്ങയുടെ കൃപകൊണ്ട്‌ അധികം ഒന്നും മറന്ന് പോയില്ലല്ലോ. 

PS: ഓർമ്മ ഒരു റിക്കവറബിൾ ഹാർഡ്‌ ഡിസ്ക്‌ ആണെന്നും അതിൽ പതിഞ്ഞതൊന്നും മായ്ച്ചു കളയാൻ കഴിയില്ല എന്നുമായിരുന്നു അറിഞ്ഞത്‌. മോശം ഓർമ്മകളെ മാത്രം തിരിഞ്ഞ്‌ പിടിച്ച്‌ മായ്ച്ച്‌ കളയാൻ സാധിക്കുമായിരുന്നെങ്കിൽ മെഡുല്ല ഒബ്ലാംകട്ടക്ക്‌ ക്ഷതമേൽപ്പിച്ച്‌ കൊണ്ടുള്ള ഈ രീതി ഒരുപാട്‌ പേർക്ക്‌ ഉപകാരപ്രദമായേനെ.


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

4 അഭിപ്രായങ്ങൾ:

Bipin പറഞ്ഞു...

വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാലും ഹെൽമറ്റ് വച്ചിരുന്നുവെങ്കിൽ ഒബ്ലാങ്കൊട്ട ക്കുള്ള ഇടി മാറിയേനെ. ഇനിയെങ്കിലും ആ സാധനം സൂക്ഷിച്ചു വച്ചോളൂ. മറവി അത്ര നല്ലതല്ല.

Jose Paul പറഞ്ഞു...

മോശം ഓർമ്മകളെ മായിച്ചു കളയേണ്ട കാര്യമുണ്ടെന്ന്നെനിക്കു തോന്നുന്നില്ല....കാരണം അവയില്ലെങ്കിൽ നല്ല ഓർമ്മകളെ നാം വേണ്ട വിധം അപ്രിഷീയെറ്റ്‌ ചെയ്യുന്നുണ്ടാവില്ല!!

Jose Paul പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jose Paul പറഞ്ഞു...

മോശം ഓർമ്മകളെ മായിച്ചു കളയേണ്ട കാര്യമുണ്ടെന്ന്നെനിക്കു തോന്നുന്നില്ല....കാരണം അവയില്ലെങ്കിൽ നല്ല ഓർമ്മകളെ നാം വേണ്ട വിധം അപ്രിഷീയെറ്റ്‌ ചെയ്യുന്നുണ്ടാവില്ല!!