പോളിയും പോളിടെക്നിക്കും

പ്രേമിക്കുന്നതിനേക്കാൾ പാടാണ് 
പ്രേമത്തിന് ടിക്കറ്റ്‌ കിട്ടാൻ.
പ്രേമത്തിന് കണ്ണും കാതും മാത്രം അല്ല,
പ്രേമത്തിന് ടിക്കറ്റും ഇല്ലത്രേ !

പ്രേമം സിനിമ കാണാൻ ടിക്കറ്റ്‌ കിട്ടാത്ത ഒരു ആരാധകന്റെ വാചകങ്ങളാണിത്. പ്രേമം എന്ന സിനിമ അത്ര വലിയ എന്തോ ഒരു സംഗതി ആണെന്നാണ്‌ ഈയുള്ള ദിവസങ്ങളിൽ ഇന്റർനെറ്റ്‌ പരത്തുന്ന ആർക്കും തോന്നുന്നത്. സംഗതി വലിയ സംഗതി ആണെന്ന് തന്നെ ആണ് പലരും പറഞ്ഞ അഭിപ്രായവും. നിരൂപണങ്ങളും സ്റ്റാറ്റസ് അപ്ഡേറ്റുകളും വായിച്ചിട്ട് അങ്ങനെ തന്നെയാണെന്ന് തോന്നുന്നുമുണ്ട്. ആലുവാപ്പുഴയുടെ തീരത്തെ ആ ചുരുളൻ മുടി (ചുരുളൻ മുടി എന്നതിനേക്കാൾ ബ്രഷ് മുടി എന്നതാവും ശരി!) പലരുടെയും സൗന്ദര്യസങ്കല്പങ്ങൾ തന്നെ മാറ്റിമറിച്ചു എന്ന് പറയുന്നതാവും ശരി. പ്രേമവും പ്രേമത്തിന് നിരൂപണങ്ങളും ഒന്നും അല്ല ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. അങ്ങനെ സിനിമ കാണാതെ നിരൂപണം നടത്തുന്ന സിംഹഭാഗം വരുന്ന നിരൂപകരിൽ പെടുന്നവനും അല്ല ഈയുള്ളവൻ. പോളിയാണ് വിഷയം, നിവിൻ പോളി.



നിവിൻ പോളി എന്ന നടൻറെ ഏതാണ്ട് എല്ലാ സിനിമകളും കണ്ട ഒരു പ്രേക്ഷകൻ ആണ് ഈയുള്ളവൻ. പോളി നല്ലൊരു നടൻ ആണെന്ന് ഞാനും പറയും. പക്ഷേ ഈയടുത്ത ദിവസങ്ങളിലായി 'അടുത്ത മോഹൻലാൽ' പോളി തന്നെ എന്ന രീതിയിലുള്ള ചില പ്രചരണങ്ങൾ കണ്ടപ്പോഴാണ് ഒന്നിരുന്നു ചിന്തിക്കാൻ തോന്നിയത്. ഈയിടെയായി മിനിമം ഗ്യാരന്റി ഉള്ള ഒരു നടനായി പോളി മാറിക്കഴിഞ്ഞു. മിക്ക ചിത്രങ്ങളും നഷ്ടക്കച്ചവടം അല്ലാതെ പോകുന്നുണ്ട്. നിർമാതാവിന്റെ നഷ്ടക്കച്ചവടത്തെക്കാൾ പ്രേക്ഷകർക്ക് സമയധനമാനനഷ്ടങ്ങൾ ഒന്നും പോളി ചിത്രങ്ങൾ ഉണ്ടാക്കുന്നില്ല. പോളിയുടെ ചിത്രങ്ങൾ എല്ലാം വിജയചിത്രങ്ങൾ ആണ് എന്നതിന് വിജയചിത്രങ്ങളുടെ ഭാഗമാണ് പോളി എന്നൊരു മറുവാദവും ഉണ്ട്. അഭിനയത്തെക്കാളുപരി ഒരു പാട് നടന്മാരുള്ള, കലാകാരന്മാരുള്ള മികച്ച ചിത്രങ്ങളുടെ ഭാഗമാണ് പോളി എന്നതും സത്യം തന്നെ. തട്ടത്തിൻ മറയത്ത് വിനീത് ശ്രീനിവാസന്റെയും ജോമോൻ റ്റി ജോണ്‍ എന്ന ഛായാഗ്രാഹകന്റെയും ചിത്രം ആണെന്ന് പലയിടത്തും പറഞ്ഞു കേട്ടിട്ടുണ്ട്.

പ്രണയനായകൻ എന്ന നിലയിൽ പോളിയുടെ കഥാപാത്രങ്ങൾ എല്ലാം മികച്ചത് തന്നെയാനെന്നതിൽ തർക്കമേതുമില്ല. കൂടെ പഠിച്ച പെണ്ണിനെ പ്രണയിച്ച് കെട്ടിയ ചെറുപ്പക്കാരന് പ്രണയം അഭിനയിച്ച് ഫലിപ്പിക്കാൻ അത്ര പ്രയാസമുണ്ടാവില്ല. കോമഡി രംഗങ്ങളിലും തന്റെ സാന്നിധ്യം ഉറപ്പാക്കാൻ പോളിക്ക് കഴിയുന്നുമുണ്ട്. പക്ഷേ ഇത്ര പെട്ടന്ന് പോളിയെ സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നതിന്റെ ഔചിത്യം ഭൂരിഭാഗത്തിനും തീരെ ദഹിക്കുന്നില്ല. അജഗജാന്തര വത്യാസങ്ങളുള്ള ധ്രുവങ്ങളിലാണ് രണ്ട് പേരും ഇപ്പോൾ നിൽകുന്നത് .

രണ്ട് സൂപ്പർ താരങ്ങളും ഒരു പിടി താരങ്ങളും രണ്ട് ദശാബ്ദക്കാലത്തോളമായി അരങ്ങുവാണുകൊണ്ടിരുന്ന മലയാളസിനിമാലോകത്തേക്കായിരുന്നു ഊര്ജസ്വലരും മാറിചിന്തിക്കുന്നവരുമായ ഒരുകൂട്ടം ചെറുപ്പക്കാരുടെ വരവ്. ന്യൂജനറേഷൻ എന്ന വിളിപ്പേരിൽ പല നല്ല കാര്യങ്ങളും അതിലേറെ വക്രത്തരങ്ങളും ആ മാറ്റത്തിൽ ആഞ്ഞടിച്ചു. താരങ്ങളില്ലാത്ത സിനിമകളും കഥയിലെ വ്യത്യസ്ഥതയും വീണ്ടും മലയാളസിനിമാപ്രേക്ഷകരെ തിരികെയെത്തിച്ചു. നായികാപ്രാധാന്യമുള്ള സിനിമകൾ ഒരുക്കാൻ പലർക്കും അത് ധൈര്യം നൽകി.

ഫഹദ് ഫാസിൽ തുടരെ വിജയചിത്രങ്ങളുമായി ഒരു മികച്ച നടനും താരവുമായി പേരെടുത്തപ്പോഴും ആരും അദ്ദേഹത്തിനെ നാളെയുടെ സൂപ്പർ സ്റ്റാർ എന്ന് വിളിച്ച് കണ്ടില്ല. വ്യത്യസ്ഥമായ വേഷങ്ങളിലൂടെ കുറേക്കാലമായി നിറഞ്ഞുനിൽക്കുന്ന ജയസൂര്യക്കും ഇങ്ങനെ  ഒരു വിശേഷണം ചാർത്തിക്കിട്ടിയില്ല. ഇതിനുമൊക്കെ മുൻപേ താരം ആയിമാറിയ പ്രിത്വിരാജിനും അങ്ങനെ ഒരു താരതമ്യം ലഭിച്ചതുമില്ല.

സത്യം പറയുന്നവരെ തള്ളിപ്പറയുകയും കപടവിനയഭാവികളെ തോളിലേറ്റുകയും ചെയ്യുന്ന മലയാളിയുടെ പിന്തിരിപ്പൻ ചിന്താഗതി ആ നടനെ കുറേ നാളത്തേക്ക് അമർത്തി വച്ചുവെങ്കിലും സ്വപ്രയത്നവും കഠിനാധ്വാനവും കൊണ്ട് തിരിച്ചുവരാനും കുറേ നല്ല സിനിമാനുഭവങ്ങൾ പ്രേക്ഷകർക്ക് നല്കുവാനും പ്രിത്വിരാജിനായി. വിവാദ ഇന്റർവ്യൂ കൊടുത്തപ്പോൾ പ്രിത്വിരാജിനെ തഴഞ്ഞ് നാളത്തെ താരം എന്ന് പറഞ്ഞ് ഏറ്റുപിടിച്ച ആസിഫ് അലി ഇപ്പോൾ ഏത് അവസ്ഥയിൽ ആണെന്ന് വിവരിക്കാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണല്ലോ!!

ഒരു ലോങ്ങ്‌റണ്‍ വിജയചിത്രങ്ങൾ ഇറക്കാൻ പ്രിത്വിരാജിനും ഫഹദ് ഫാസിലിനും ഒക്കെ സാധിച്ചുവെങ്കിലും ഇപ്പോൾ പോളിയെ താരതമ്യം ചെയ്യുന്ന പോലെ ഒരു അവസരം അവർക്ക് കിട്ടിയതുമില്ല. സോഷ്യൽമീഡിയിലൂടെ അങ്കം വെട്ടുന്ന പുതിയ തലമുറ ആണ് ഇതിന്റെ മൂലകാരണം. വസ്തുതകളെയും വ്യത്യാസങ്ങളെയും പഠിക്കാതെ ഉപരിപ്ലവമായ ഒരു താരതമ്യം മാത്രം ആണ് അവർ നടത്തുന്നത്. കൂലിക്ക് കയ്യടിക്കുന്ന പട പോളിക്ക് പിന്നിൽ ഉണ്ടെന്ന് ഇത് വരെ ഒരു തോന്നൽ ഉണ്ടായിട്ടില്ല. പക്ഷേ ഈ താരതമ്യങ്ങളിലൂടെ പോളിക്ക് ഓണ്‍ലൈനിൽ നല്ല പിൻബലം ഉണ്ടെന്ന് തീർച്ചയായി. കൂലിക്ക് പ്രചരിപ്പിക്കുന്നവർ ആണോ അത് എന്ന് കാലം തെളിയിക്കും.

സുഹ്രുദ്സംഘത്തിൽ ഈ ചർച്ച മൂത്ത് വന്നപ്പോഴാണ് ഒരുവൻ ലാലേട്ടന്റെ 1986-ലെ മാത്രം ചിത്രങ്ങളുടെ ലിസ്റ്റ് അയച്ചു തന്നത് . 35 എണ്ണം ഉള്ള ആ നീണ്ട നിര കണ്ടപ്പോൾ ഒരു രോമകഞ്ചുകം ഏതൊരാൾക്കും തോന്നിപ്പോകും. താളവട്ടം, സുഖമോ ദേവി, നമുക്ക് പാർക്കാൻ മുതിരിത്തോപ്പുകൾ, രാജാവിന്റെ മകൻ, ഗാന്ധിനഗർ 2nd സ്ട്രീറ്റ്, ടി പി ബാലഗോപലാൻ MA , ഒന്ന് മുതൽ പൂജ്യം വരെ, യുവജനോത്സവം, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, പഞ്ചാഗ്നി, മഴ പെയ്യുന്നു ,മദ്ദളം കൊട്ടുന്നു, നിന്നിഷ്ടം എന്നിഷ്ടം എന്നിയൊക്കെ ഒരേ വർഷം പുറത്തിറങ്ങിയ പടങ്ങൾ ആണെന്ന് കണ്ട് ഒന്ന് ഞെട്ടിപ്പോകും, ആരും. പോളി പിച്ചവച്ച് തുടങ്ങിയ വർഷം ആണ് ഇതെന്നോർക്കണം, പിന്നെയും എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് മോഹൻലാൽ ഒരു സൂപ്പർ സ്റ്റാർ ആണെന്ന് മലയാളി അംഗീകരിച്ചത്. ആ മലയാളി തന്നെ 4 സിനിമ ഹിറ്റായപ്പോൾ പോളിയെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കാൻ തക്കവണ്ണം പുരോഗമിച്ച് പോയോ !!

ഒരു രസികൻ പറഞ്ഞത് പോലെ, ' ആദ്യം പോളി ഫഹദുമായും ദുൽക്കറുമായും ഒക്കെ മത്സരിച്ച് വരട്ടെ. എന്നിട്ട് പ്രിത്വിരാജിനോടും ജയസൂര്യയോടും ഒക്കെ മുട്ടി നോക്കട്ടെ. എന്നിട്ട് വല്ലതും ബാക്കി ഉണ്ടേൽ സുരേഷ് ഗോപിയോടും ദിലീപിനോടും ജയറാമിനോടും ഒക്കെ മുട്ടട്ടെ. അത് കഴിഞ്ഞ് മതി മമ്മൂക്കയോടും ലലേട്ടനോടും ഒക്കെ നേർക്ക് നേർ വരുന്നത്.'

പോളി നല്ലൊരു അഭിനേതാവും ഭാവിയും ഉള്ള നടൻ ആണ്. ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ അഭിനയിച്ച് നമ്മെ രസിപ്പിക്കട്ടെ. പുതുതലമുറ ഫാൻസ്‌ ഇങ്ങനെ ഏറ്റെടുക്കുന്നത് കണ്ട് പോളി അഹങ്കരിക്കാതിരിക്കട്ടെ. രണ്ട് പടം അടുപ്പിച്ച് പൊട്ടിയാൽ ഇത് പോലെ എടുത്ത് താഴെ ഇടുന്നവർ ആണ് ഈ ഫാൻസ്‌ എന്ന ബോധം ഉണ്ടാവട്ടെ. ഇതിലെ ഏറ്റവും ഇഷ്ടപെട്ട വസ്തുത എന്താണെന്നാൽ പോളി ഇത് വരെ ഇങ്ങനെ ഒരു പ്രചരണം അറിഞ്ഞതായോ അല്ലെങ്കിൽ അതിനെപറ്റി അഭിപ്രായപ്രകടനമോ നടത്തിയിട്ടില്ല. പാവം പയ്യൻ എന്ന ലേബൽ ഉണ്ട്, അത് അങ്ങനെ തന്നെ വച്ച് മിണ്ടാതെ ഇരിക്കുക. ലാലേട്ടൻ ഫാൻസ് ലാലേട്ടന്റെ പടങ്ങൾ മാത്രം അല്ല കാണുന്നത്. മമ്മൂക്കയുടെ പടം കൊട്ടകയിൽ പോയി കണ്ടിട്ട് കാലം കുറെ ആയി എന്ന് കരുതി 40 കിലോമീറ്റർ രാത്രിയിൽ വണ്ടിയിലെ എണ്ണയും കത്തിച്ച് കോട്ടയത്ത് പോയി മമ്മൂക്ക പടം കണ്ട ആരാധകൻ ആണ് ഞാൻ (പടം സൈലെൻസ് എന്ന ബ്രഹ്മാണ്ട ചിത്രം ആരുന്നു എന്ന് ഇപ്പോൾ സ്മരിക്കുന്നു), ലാലേട്ടന്റെ ഊള പടങ്ങളെ വിമർശിക്കുകയും പ്രിത്വിയുടെയും ഫഹദിന്റെയും പോളിയുടെയും പടങ്ങളും ഒരു കാണുന്ന ഒരു ശരാശരി ലാലേട്ടൻ ഫാൻ ആണ് ഈയുള്ളവൻ.

നിവിൻ പോളിയെയും മോഹൻലാലിനെയും താരതമ്യം ചെയ്യുന്നവർ പൊളിയും പൊളിടെക്നിക്കും ഒന്നാണെന്ന് കരുതുന്നവർ ആവാനേ തരമുള്ളൂ.

വാൽകഷണം : 
ചിത്രം : പട്ടണപ്രവേശം
രംഗം : CID രാംദാസ് അഥവാ ദാസൻ പ്രഭാകരൻ തമ്പിയെ കാണാൻ വീട്ടിൽ വരുന്നു.

പ്രഭാകരൻ തമ്പി : നിവിൻ പോളി ആണ് അടുത്ത മോഹൻലാൽ 
ദാസൻ : അപ്പൊ കുറച്ച് നാൾ മുൻപ് പറഞ്ഞതോ ഫഹദ് ഫാസിൽ ആണ് അടുത്ത മോഹൻലാൽ എന്ന്?
പ്രഭാകരൻ തമ്പി : അത് വേറൊരു മോഹൻലാൽ.

(പ്രേമം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സാഹചര്യം ഇല്ലാത്തതിനാൽ ജൂണ്‍ അവസാനം വരെ കത്തിരിക്ക തന്നെ വേണം !)

അഭിപ്രായങ്ങള്‍

ajith പറഞ്ഞു…
വായിച്ചു
അഭിപ്രായമില്ല
Bipin പറഞ്ഞു…
കുറെ നാൾ ഓടുമ്പോഴാണ് ഈ സൂപ്പർ സ്റ്റാർ ഒക്കെ ആകുന്നത്. അതിനു മറ്റു ഒരുപാട് ഘടകങ്ങൾ ഉണ്ട്. അഭിനയം അതിൽ വളരെ ചെറിയ ഒരെണ്ണം മാത്രം. അത് കൊണ്ട് ഇവൻ സൂപ്പർ സ്റ്റാർ ആകുമോ എന്നൊക്കെ കാത്തിരുന്നു കാണാം. പടം കിട്ടണ്ടേ അഭിനയിയ്ക്കാൻ? അതിനി കിട്ടുമോ എന്നും നോക്കാം.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...