സാറ് ഡോക്ടറാ അല്ലേ !


ചെങ്ങന്നൂർ കോളേജിന്റെ ആ ഓടിട്ട കെട്ടിടത്തിന്റെ വരാന്തയിൽ വരാന്തയിൽ ചിന്താഗാത്രനായി നിൽക്കുന്ന കമ്പോസർ ശിശുവിനെ ആ ശബ്ദം ഉണർത്തി.

"എന്താ പേര്?"

"പി പി ശിശു. നിന്റെയോ?"

"ലൂക്കോച്ചൻ. പുതിയ അഡ്മിഷൻ ആണോ"

ശി: "അതെ. നമ്മൾ ഒരേ ക്ലാസ്സിൽ ആണല്ലേ!"

ലൂ: "അതെ. ഇനി രണ്ടു കൊല്ലം നമുക്ക് തകർക്കാമെന്നേ."

ശി: "ഓ" (മുടിഞ്ഞ പഠിപ്പിസ്റ്റ് ആണെന്ന് തോന്നുന്നു, കണ്ണട ഒക്കെ ഉണ്ടല്ലോ. എന്തായാലും കാര്യമായി കുറച്ച് കാര്യവിവരമുള്ള ഒരാളുടെ കൂടെ പഠിച്ചാലേ രക്ഷപെടാൻ സാധിക്കൂ)

ലൂ: "എന്താ ആലോചിക്കുന്നത് ?"

ശി: "ഏയ്‌, ഒന്നുമില്ല"

ലൂ: "ഞാൻ വന്നപ്പോഴേ ശ്രദ്ധിക്കുന്നതാ. ആ മുറി പ്രിൻസിപ്പാളിന്റേത് ആണോ?", അടുത്തുള്ള ആ മുറി ചൂണ്ടിക്കാട്ടി ലൂക്കോച്ചൻ ചോദിച്ചു.

ശി: "അതെന്നാ തോന്നുന്നത്."

ലൂ: "എന്താ സാറിന്റെ പേര്?"

ശി: "എനിക്ക് അറിയില്ല. നമുക്ക് ആരോടേലും ചോദിക്കാം."

ലൂ: "ഏയ്‌ അത് വേണ്ട, നമുക്ക് അല്ലാതെ കണ്ടുപിടിക്കാം."

ശി: "അതെങ്ങനെ?"

ലൂ: "സാറിന്റെ റൂമിന്റെ പുറത്ത് ബോർഡ്‌ കാണും."

ശി: "ആഹാ, അത് കൊള്ളാമല്ലോ" (ഇവൻ എന്നപ്പോലെ അല്ല, നല്ല കാര്യവിവരം ഉള്ളവൻ ആണ്. ഇവന്റെ കൂടെ നിന്നാൽ രണ്ട് വർഷം ഞാൻ ഒരു കാര്യവിവരം ഉള്ള ആളായി മാറും)

കമ്പോസർ ശിശുവിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. മുട്ടയിൽ നിന്ന് വിരിയാത്തവൻ എന്ന വീട്ടുകാരുടെയും, കാര്യപ്രാപ്തി ഇല്ലാത്തവൻ എന്ന നാട്ടുകാരുടെയും പരിഹാസങ്ങൾ ഏറ്റു വാങ്ങിയിരുന്ന പഴയ ശിശു ആയിരിക്കില്ല രണ്ട് വർഷം കഴിഞ്ഞ് ചെങ്ങന്നൂരിൽ നിന്ന് തിരികെ വട്ടത്താമരയിലേക്ക് പോകുന്നത്. അങ്ങനെ രണ്ട് പേരും കൂടി ആ വരാന്തയിലൂടെ ആ വലിയ മുറിയെ ലക്‌ഷ്യം വച്ച് നടന്നു. മുറിക്ക് മുന്നിൽ വച്ചിരിക്കുന്ന ആ നെയിം ബോർഡിലേക്ക് നോക്കി ലൂക്കോച്ചൻ വായിച്ചു.

"ഡോക്ടർ ദേവസ്സ്യ, ആഹാ സാറ് ഡോക്ടർ ആണല്ലോ"

ശി: "പ്രിൻസിപ്പൽ ഒക്കെ അല്ലേടാ, അപ്പൊ ഡോക്ടറേറ്റ്‌ ഒക്കെ കാണും" (തന്റെ അറിവിനും പരിജ്ഞാനത്തിനും ഒട്ടും കുറവുണ്ടെന്ന് അവന് തോന്നണ്ട)

ലൂ: "സാറ് ഡോക്ടർ ആയത് കാര്യമായി. ഇനി ഒരു ചെറിയ ഒരു പനിയോ മറ്റോ വന്നാൽ വേറെ എങ്ങോട്ടും പോകേണ്ടല്ലോ. നേരെ ഇങ്ങോട്ട് വന്നാൽ മതിയല്ലോ."

ശി: "൬" (ആത്മഗതം: 'ഇത് പോലെ ഉള്ളതിന്റെ ഒക്കെ കൂടെ ആണല്ലോ ഈശ്വരാ ഇനി രണ്ടു കൊല്ലം തള്ളി നീക്കേണ്ടത്')

ശിശുവിന്റെ തുറന്ന വായിൽ നിന്ന് ചില പ്രത്യേകതരം ശബ്ദവീചികൾ പുറപ്പെട്ടു. അപകടങ്ങളിലും ആപത്സന്ധികളിലും പെടുമ്പോൾ മനുഷ്യന്മാർ പുറപ്പെടുവിക്കുന്ന ഒരു പ്രത്യേക തരം ശബ്ദവീചികൾ. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ആളെ ചികിത്സിക്കുന്ന ഡോക്ടർമാർ അല്ലെന്ന വകതിരിവ് പോലും ഇല്ലാത്ത ഇവനെ ആണല്ലോ ഞാൻ തെറ്റിദ്ധരിച്ചത് എന്ന വൈക്ലബ്യഭാവവും ആ മുഖത്ത് ഉണ്ടായിരുന്നു. ഇവനെയാണല്ലോ പഠിപ്പിസ്റ്റ് എന്ന് ഞാൻ വെറുതേ തെറ്റിദ്ധരിച്ചത് എന്ന കുറ്റബോധവും ആ കണ്ണുകളിൽ ഉണ്ടായിരുന്നു.


വാൽകഷ്ണം : ആദ്യം അടിച്ച ഈ മണ്ടത്തരം ഒഴിച്ചുനിർത്തിയാൽ ലൂക്കോച്ചൻ ഒരു സംഭവം തന്നെയായിരുന്നു പിനീടുള്ള കാലം. അന്ന് ശിശുവിനെ പറ്റിക്കാൻ വേണ്ടി ഇട്ട നമ്പർ ആണെന്നാണ് പുള്ളി പറയുന്നതെങ്കിലും അതല്ല സത്യം എന്ന് എല്ലാവർക്കും അറിയാമായിരുന്നു.


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

1 അഭിപ്രായം:

ajith പറഞ്ഞു...

എന്താ‍ായാലെന്താ? ഡോക്ടര്‍ തന്നെയാണല്ലോ!!!!
ലൂ‍ക്കോച്ചന്‍ സംഭവാട്ടാ