സമസ്തകേരളം പി ഓ

ഇതൊരു സിനിമ റിവ്യൂ അല്ല എന്ന് ആദ്യമേ പറയട്ടെ. ഇക്കഴിഞ്ഞ മാസം ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് എന്നെ ഒന്ന് ചുറ്റിച്ച കഥ ആണ് ഇത്. കുറച്ച് നാള്‍ക്ക് മുന്‍പേ തന്നെ ഞങ്ങടെ പോസ്റല്‍ ഓഫീസിന്റെ പിന്‍കോഡ് മാറിയത് ഞാന്‍ അറിഞ്ഞിരുന്നു. ആദ്യമേ ഒന്ന് ഞെട്ടി, ആരാധക വൃന്ദങ്ങളില്‍ നിന്നുള്ള കത്തുകള്‍ എല്ലാം ഇനി എങ്ങോട്ട് പോകും ഈശ്വരാ ..! പക്ഷെ പഴയ പിന്‍ കോഡില്‍ അയച്ചാലും ഇവിടെ തന്നെ എത്തുമെന്ന് കേട്ടപ്പോള്‍ ഉണ്ടായ ആശ്വാസം.

കാര്യം ഇതൊക്കെ ആണെങ്കിലും ഉച്ച വരെ മാത്രം പോസ്റ്റ്‌ ഓഫീസ് പ്രവര്‍ത്തിക്കുന്ന എന്റെ സുന്ദര ഗ്രാമത്തില്‍ സാധാരണ കത്തുകള്‍ ഒരാഴ്ചക്കുള്ളില്‍ ഒന്നും എത്തി പതിവില്ല. എല്ലാ ക്രിസ്തുമസിനും കൃത്യമായി വരാറുള്ള പട്ടിക്കാടന്റെ ആശംസാകാര്‍ഡ് പോലും പുതുവര്‍ഷം കഴിഞ്ഞാണ് കയ്യില്‍ എത്തുക. ആകെ മൂന്നു ജീവനക്കാര്‍ മാത്രേ ഉള്ളൂ താനും. അത് കൊണ്ട് തന്നെ പിന്‍ കോഡ് മാറിയ ശേഷം അങ്ങനെ ഒരു മാറ്റം ഉണ്ടായതായി പോലും എനിക്ക് തോന്നിയില്ല. On I.G.S എന്ന തലക്കെട്ടില്‍ ഉള്ള കത്തുകള്‍ മാത്രം ആയിരുന്നു കൃത്യമായ ഇടവേളകളില്‍ വന്നു കൊണ്ടിരുന്നത്. On I.G.S എന്ന് കാണുമ്പോള്‍ തന്നെ അവര്‍ അത് അപ്പോഴേ വീട്ടില്‍ എത്തിക്കുമാരുന്നു. ഒരു തവണ പുതിയ പോസ്റ്റ്‌ മാന്‍ ഇത് തന്നിട്ട് പോകാതെ അവിടെ തന്നെ ചുറ്റിപറ്റി  നില്പുണ്ടാര്‍ന്നു. "പൊട്ടിച്ചു നോക്ക്, ജോയിനിംഗ് ലെറ്റര്‍ വല്ലോം ആണേല്‍ ചെലവും വാങ്ങി പോകാമല്ലോ ..". അമ്പതു രൂപ കൊടുത്തു അപേക്ഷിച്ചാല്‍ ആര്‍ക്കും വരുന്ന ഹാള്‍ടിക്കറ്റ്‌ ആണതെന്ന് പുള്ളിയെ പറഞ്ഞു മനസ്സിലാക്കി ഇത്തിരി പാടു പെടേണ്ടി വന്നു! ഇത്രയുമാണ് നമ്മുടെ തപാല്‍ വകുപ്പുമായി എനിക്കുള്ള ബന്ധം. I.G.S വരുന്ന രെജിസ്റെര്‍ഡും സ്പീഡ് പോസ്റ്റും പിന്നെ ക്രിസ്തുമസിനു വരുന്ന കുറച്ച്  ആശംസാകാര്‍ഡുകളും. സ്പീഡ് പോസ്റ്റ്‌ അങ്ങോട്ട്‌ അയക്കാന്‍ വേണ്ടി ഞാന്‍ ഞങ്ങടെ സ്വന്തം പോസ്റ്റ്‌ ഓഫീസില്‍ പോകാറില്ല. കാരണം ഞാന്‍ എന്റെ സ്വന്തം പോസ്റ്റ്‌ ഓഫീസില്‍ നിന്നും പോസ്ടിയാലും അത് 3,4 ഓഫീസ് കറങ്ങിയെ പോകൂ. അവസാന സമയത്ത് അയക്കുന്നതിനാല്‍ ഞങ്ങടെ അവിടുന്ന് അയച്ചാല്‍ അങ്ങ് എത്തുമെന്ന് ഉറപ്പില്ല. അത് കൊണ്ട് നേരെ GPO പോയി അങ്ങ് ചാര്‍ത്തും.


ഈ കഴിഞ്ഞ മാതൃദിനത്തിലാണ് നമ്മടെ സ്വന്തം e-bay ഒരു വൌച്ചര്‍ അയച്ചു തരുന്നത് . ഇപ്പോള്‍ കുറെ ആയി ഓണ്‍ലൈന്‍ പര്‍ച്ചേസ് ആണ് അധികവും . അതാവുമ്പോ സാധനം അവന്മാര്‍ വെടിയും പുകയും പോലെ ഇങ്ങു എത്തിക്കും . അതെ പോലെ ഈ ഓണ്‍ലൈന്‍ സൈറ്റ് എല്ലാം തന്നെ പ്രൈവറ്റ് കൊറിയര്‍ സര്‍വീസ് വഴി മാത്രമാണ് അയക്കുന്നത്. അവര്‍ക്കാര്‍ക്കും നമ്മടെ തപാല്‍ സര്‍വീസ്നെ വിശ്വാസം പോരാ. അല്ലേല്‍ തന്നെ ഇമെയില്‍ ഉം മൊബൈല്‍ ഫോണും ഒക്കെ വന്നെ പിന്നെ നമ്മുടെ തപാല്‍ സര്‍വീസിനു ശനിദശ ആണ്. അങ്ങനെ ഈ e-bay ക്കാര്‍ ഒരു നൂറു രൂപ വൌച്ചര്‍ ഇങ്ങു തന്നു. സാധാരണ അങ്ങനെ തരുമ്പോ ആയിരം രൂപയ്ക്കോ അതില്‍ കൂടുതലോ ഒക്കെ വാങ്ങിയാലെ ഈ ഡിസ്കൌണ്ട് അവര്‍ തരൂ, എന്തെങ്കിലും ഒരു ഉടായിപ്പ് ഒപ്പിച്ചേ ഇതൊക്കെ തരൂ. പക്ഷെ ഇത് സംഗതി വേറെ ആരുന്നു നൂറ്റിയഞ്ചു രൂപയ്ക്ക് മുകളിലേക്ക് എത്ര രൂപയ്ക്ക് വാങ്ങിയാലും ഈ ഇളവു ഉണ്ടത്രേ. അതായത് 105 രൂപയ്ക്ക് വാങ്ങാന്‍ 5 രൂപ മുടക്കിയാല്‍ മതി. എന്നാല്‍ ഒന്ന് എറിഞ്ഞു നോക്കിയാലോ. പോയാല്‍ വല്ല അഞ്ചോ പത്തോ കിട്ടിയാല്‍ ഒരു മുതല്. സംഗതികള്‍ എന്തായാലും എറിയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ കുറെ തപ്പി തപ്പി ഒരു ലെതര്‍ വാലെറ്റ് തിരഞ്ഞെടുത്തു.

ഞാന്‍ അതിനു മുന്നേ ഈ e-bay വഴി ഒന്നും വാങ്ങിയിട്ടുണ്ടാരുന്നില്ല. മറ്റു പല സൈറ്റുകള്‍ വഴി കുറെ സംഗതികള്‍ വാങ്ങി ഉള്ള പരിചയം വച്ചാണ് ഞാന്‍ ഈ പരിപാടി ഒക്കെ ചെയ്യുനത്. തന്നെയുമല്ല ഇത് പറ്റിപ്പല്ല എന്ന് എന്റെ കൂട്ടുകാരുടെ അനുഭവങ്ങളില്‍ നിന്നും മനസ്സിലായിട്ടുല്ലതാണ്. അങ്ങനെ ഞാന്‍ എല്ലാം ചെയ്തു വരവേ പതിവ് പോലെ അവര്‍ വിലാസം ചോദിച്ചു . ഞാന്‍ എന്നും ചെയ്യാറുള്ള പോലെ എന്റെ സ്വന്തം പിന്‍ കോഡ് അടിച്ചു കൊടുത്തു. അവിടെ അല്ലേ പണി പാളിയത് ..! ഇവന്മാര്‍ എല്ലാം നമ്മടെ പിന്‍ കോഡ് നോക്കി നമുക്ക് ഏറ്റവും സൌകര്യപ്രദമായ സര്‍വീസ് വഴി ആണ് അയക്കുന്നത്. ഞാന്‍ ഇത് വരെ ചെയ്തതെല്ലാം വേറെ സൈറ്റ് വഴി ആയതിനാല്‍ എല്ലാം കൊറിയര്‍ വഴി തന്നെ ആണ് എത്താറു. ഞങ്ങടെ കൊച്ചു ഗ്രാമത്തില്‍ കൊറിയര്‍ ഒന്നും എത്തി ചേര്‍ന്നിട്ടില്ല. വരുന്ന കൊറിയര്‍ ഒക്കെ ടൌണില്‍ പോകുമ്പോ എടുത്തു കൊണ്ട് പോരുക ആണ് പതിവ്. ഇത്തവണ അവര്‍ പിന്‍ കോഡ് വച്ച് പണി ഒപ്പിച്ചപ്പോ അവര്‍ എന്റെ പിന്‍ കോഡില്‍ ഡെലിവറി ഉള്ള ഏക സര്‍വീസ് ആയ ഇന്ത്യ പോസ്റ്റ്‌ വഴി ആണ് അയച്ചത്‌ . അതിന്റെ സ്റ്റാറ്റസ് അറിയാനായി അവര്‍ ഒരു നമ്പറും തന്നു. ഇന്ത്യ പോസ്റ്റിന്റെ സൈറ്റില്‍ കയറി ആ നമ്പര്‍ അടിച്ച ഞാന്‍ ഒന്നു ഞെട്ടി. ആ നമ്പറിന്റെതായി ഒരു വിവരവും സൈറ്റില്‍ ഇല്ല. e-bay സൈറ്റ് വഴി അറിഞ്ഞ വിവരം വച്ച് 16 ആണ് എനിക്കും സാധനം ലഭിക്കേണ്ട അവസാന തീയതി. 11ആയിട്ടും അനക്കം ഒന്നും കാണാഞ്ഞു ഞാന്‍ e-bay കസ്റ്റമര്‍ കെയര്‍ ചേച്ചിയെ വിളിച്ചു അന്വേഷിച്ചു.

അവര്‍ പറഞ്ഞത് അവര്‍ ഇന്ത്യന്‍ തപാല്‍ വഴി രജിസ്ടെര്‍ഡ് ആയാണ് അയച്ചിരിക്കുന്നത്. രജിസ്ടെര്‍ഡ് പോസ്റ്റിന്റെ വിവരങ്ങള്‍ സൈറ്റ് വഴി ലഭ്യമാവില്ല പോലും. ഓഹോ, അങ്ങനെ ആയിക്കോട്ടെ. 16നു എങ്കിലും സാധനം കയ്യില്‍ എത്തിയില്ലെങ്കില്‍ നമ്മുടെ പൈസ തിരിച്ചു തരും എന്ന് പറഞ്ഞു. സന്തോഷം, ഒരായിരം പൂത്തിരി പൊട്ടി. കയ്യിലെ കാശു പോകില്ലല്ലോ. അങ്ങനെ 16ആം തീയതി ആയിട്ടും ആനക്കും ഒന്നും ഇല്ല. പോസ്റ്റ്‌ വുമന്‍ കൊച്ചിനെ ഇടക്ക് കാണുമ്പോള്‍ ഒക്കെ ഒരു സാധനം വരാനുണ്ട്, എത്തിയോ എത്തിയോ എന്ന് ചോതിച്ചു ഞാന്‍ മടുത്തിരുന്നു. എന്തായാലും അന്ന് സാധനം വന്നു. ആ കൊച്ച വീട്ടില്‍ ഒരു തുണ്ട് കടലാസും തന്നു 190 രൂപയുമായി അങ്ങ് ചെല്ലാന്‍ പറഞ്ഞു. ഞങ്ങടെ പോസ്റ്റ്‌ ഓഫീസിലെ ആള്‍ക്കാര്‍ക്ക് ഈ വക സാധനങ്ങള്‍ ഒന്നും കണ്ടു പരിചയം ഇല്ലാത്തതിനാല്‍ അത് VPP ആണെന്ന് കരുതി ഇരിക്കുവാ, എനിക്ക് അത് തരണേല്‍ ഞാന്‍ ഇനി അങ്ങോട്ട്‌ കാശും കൊടുക്കണമത്രേ!! ഞാന്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. പക്ഷെ അവര്‍ക്ക് തരാന്‍ ഒരു മടി, ഇനി എങ്ങാനും അങ്ങനെ ഒന്നും അല്ലെങ്കില്‍ അവര്‍ക്ക് പണി ആകും എന്ന്. അവസാനം നമ്മുടെ പ്രധാന ഓഫീസില്‍ വിളിച്ചു അന്വേഷിച്ചു തരാം എന്നായി. പക്ഷെ അതിനു ഇനീം ഒരാഴ്ച സമയം വേണമെന്ന്. ഞാന്‍ പറഞ്ഞു അത് ഇങ്ങു തന്നാല്‍ ഞാന്‍ നേരിട്ട് അവിടെ കൊണ്ട് പോയി സംഭവം ശെരി ആക്കിക്കോളാം. അറിയാവുന്നത് കൊണ്ടും കണ്ടാല്‍ മാന്യന്‍ എന്ന് തോന്നിക്കുന്നത് കൊണ്ടും അത് അവര്‍ അംഗീകരിച്ചു. അങ്ങനെ 4 മൈല്‍ അപ്പുറം ഉള്ള മെയിന്‍ ഓഫീസില്‍ പോയി സംഗതി എല്ലാം ശെരി ആക്കി പൊതി സസന്തോഷം ഏറ്റു വാങ്ങി.

പിന്നെ കുശല അന്വേഷണങ്ങള്‍ നടത്തി ഇരിക്കുമ്പോഴാണ് ഈ പിന്‍ കോഡ് മാറിയ കഥ ഞാന്‍ ചോദിച്ചത്. അത് കുറെ കാലം ആയി എന്നും നമ്മുടെ മാത്രം അല്ല, നമ്മുടെ ഏരിയയില്‍ ഉള്ള 6 പോസ്റ്റ്‌ ഓഫീസിനു എല്ലാം കൂടി ഇപ്പൊ ഒരൊറ്റ പിന്‍ കോഡ് ആണത്രേ. ബിസിനസ്‌ കുറവായതിനാല്‍ എല്ലാത്തിനേം സബ് സെന്റര്‍ ആയി തരം താഴ്ത്തിയതാണെന്നു. അത് കൊണ്ട് തന്നെ ആണ് പ്രവര്‍ത്തി സമയം 9 മുതല്‍ 12 വരെ മാത്രം ആക്കിയതും. ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത് എല്ലാം 12 ആകുമ്പോള്‍ മെയിന്‍ സെന്റെറില്‍ കൊണ്ട് പോയി ബാകി പരിപാടി നടത്തും എന്ന്. ചുരുക്കത്തില്‍ ഇത് ഒരു കളക്ഷന്‍ സെന്റര്‍ ആയി മാറി. ഇത് ഞങ്ങടെ ജില്ലയില്‍ മാത്രം നടന്നതല്ല. ഒരു മാതിരി എല്ലാം തന്നെ ഇങ്ങനത്തെ അവസ്ഥയില്‍ ആണെന്ന്. കണക്ട്വിറ്റിയുടെ പുരോഗതി മൂലം കത്തുകള്‍ക്കും തപാല്‍ വകുപ്പിനും വന്ന ക്ഷീണം ചില്ലറ അല്ലെന്നു നമുക്ക് അറിയാം. ഇനിയെങ്ങും തപാല്‍ വകുപ്പിന്റെ ആ സുവര്‍ണ കാലം തിരികെ വരികയുമില്ല. കാലത്തിനൊത്തു കോലം മാറിയാലേ അവര്‍ക്കും പിടിച്ചു നില്ക്കാന്‍ പറ്റൂ.

പോസ്റ്റല്‍ ഇന്‍ഷുറന്‍സും ചെറുകിട ബാങ്കിംഗ് സേവനങ്ങളും ഒക്കെ ആയി ഒഴുക്കിനെതിരെ നീന്തുകയാണ് ഇപ്പോള്‍. പോസ്റ്റല്‍ കാര്‍ ഇപ്പോള്‍ കത്തുകളെക്കാലും ഒക്കെ ഡീല്‍ ചെയ്യുന്നത് ഇതൊക്കെ തന്നെ ആണ്. സര്‍ക്കാര്‍ കാര്യങ്ങളും കോടതി കാര്യങ്ങളും അപേക്ഷകളും പിന്നെ വല്ലപ്പോഴും വരുന്ന ആശംസാ കാര്‍ഡുകളും ഒക്കെയാണ് ഇപ്പൊ ഉള്ളത് തന്നെ. പിന്നെ മെയിന്‍ പോസ്റ്റ്‌ ഓഫീസുകളില്‍ സ്പീഡ് പോസ്റ്റ്‌ ആണ് അധികവും. ഇന്ത്യ ഒട്ടാകെ വേരുകളുള്ള ഒരു വലിയ വടവൃക്ഷം പ്രായാധിക്യം കാരണം ഈ അവസ്ഥയില്‍ ആണ്. ഈ വിശാലമായ വേരുകള്‍ ഓരോ ഗ്രാമങ്ങളിലും മൂലകളിലും എത്തി നില്‍ക്കുന്നു. പോസ്റ്റല്‍ സെര്വിസിനെ ഭാവിയില്‍ റൂറല്‍ ബാങ്കുകള്‍ ആക്കി മാറ്റുമെന്ന് എപ്പോഴോ ഒരു വാര്‍ത്ത വായിചിരുന്നു. അത് തന്നെ ആവും അതിനു സംഭവിക്കാന്‍ പോകുന്ന ഏറ്റവും നല്ല പരിണാമം. പിന്‍ കോഡ് കുറഞ്ഞു കുറഞ്ഞു അവസാനം സമസ്തകേരളം പി ഒ  ആകാന്‍ ഉള്ള വളരെ ചെറുതായ ഒരു സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. ഒരു ദേശത്തിന്റെ അടയാളം ആരുന്നു ഒരിക്കല്‍ പിന്‍ കോഡ്, ഇപോ 4,5 ദേശങ്ങള്‍ അത് പങ്കു വയ്ക്കുമ്പോള്‍ എന്തോ ഒരു വല്ലായ്ക തോന്നുന്നു. അതെ സമയം വലിയ ഒരു സമൂഹം ആയ ഒരു തോന്നലും.

ചേച്ചിയുടെ കഥ എല്ലാം കേട്ട് കേട്ട്, കുറെ പോസ്റ്റ്‌ കാര്‍ഡും ഇല്ലന്റും വാങ്ങിയാണ് അവിടെ നിന്ന് ഇറങ്ങിയത്. കത്ത് എഴുതി അയച്ചിട്ട് തന്നെ ബാക്കി കാര്യം. പക്ഷെ ആദ്യത്തെ ഇല്ലന്റ് എഴുതാന്‍ 3 ദിവസവും പോസ്റ്റ്‌ ചെയ്യാന്‍ പിന്നെയും 3 ദിവസവും എടുത്തു!! ആദ്യത്തേത് തിരുവനതപുരം RMS ന്റെ മുന്നിലുള്ള തപാല്‍ പെട്ടിയിലും രണ്ടാമത്തേത്‌ പിന്നെയും ഒരു വാരം കഴിഞ്ഞു ചെങ്ങന്നൂരും പോസ്റ്റ്‌ ചെയ്യേണ്ടി വന്നത് വിരോധാഭാസം..!!  ഈ കത്തുകള്‍ എല്ലാം ആര്‍ക്ക് അയച്ചുവോ, അയാളോട് കിട്ടിയോ കിട്ടിയോ എന്ന് വിളിച്ചു ചോദിക്കേണ്ടി വന്നതാണ് ശെരിക്കുള്ള ആന്റി-ക്ലൈമാക്സ്‌ ....

അഭിപ്രായങ്ങള്‍

ajith പറഞ്ഞു…
വൈഫിന്റെ ഡ്രൈവിംഗ് ലൈസന്‍സ് അയയ്ക്കാന്‍ വേണ്ടി പഴയ പിന്‍ കോഡ് ആണ് പറഞ്ഞുകൊടുത്തത്. പ്രശ്നമാവുമോ എന്തോ!!

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് മെല്ലെ മരിച്ചുകൊണ്ടിരിക്കയാണല്ലേ?
ശ്രീ പതാരം പറഞ്ഞു…
അജിത്‌ ഭായി.. അത് പ്രശ്നം അല്ല. പഴയ പിന്‍ കോഡില്‍ അയച്ചാലും അവര്‍ എത്തിച്ചു തരും. ഒരു ഏരിയയില്‍ ഉള്ള കുറെ പോസ്റ്റ്‌ ഓഫീസ് എല്ലാം കൂടെ ഒരു കോഡ് ആയെന്നെ ഉള്ളൂ. പഴയ പിന്‍ കോഡ് വച്ച് തന്നെ അത് എത്തിക്കോളും..

പോസ്റല്‍ വകുപ്പ് മരിക്കുക അല്ല, രൂപം മാറുകയാണ്. പുതിയ ആള്‍കാരെ അവര്‍ ജോലിക്ക് എടുക്കുന്നുമുണ്ട്.
ഫൈസല്‍ ബാബു പറഞ്ഞു…
അല്ലേലും കത്തുകള്‍ അയക്കുന്നത് ഇപ്പോള്‍ വളരെ കുറവാണ് ,പോസ്റ്റ്‌ മാന്‍ മാരുടെ കയ്യില്‍ ടെലിഫോണ്‍ ബില്ലുകളും മറ്റുമാണ് .എന്തായാലും പുതിയ മാറ്റം വരുന്നു എന്നത് പുതിയ അറിവ് തന്നെയാണ് . ആശംസകള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...