ടീച്ചറും സ്ടുടെന്റ്സം അഥവാ ടീച്ചറും ക്ളാസ്സ്മേറ്റ്സും

ഒരു പാട് കാലശേഷം ഈ ബ്ളോഗ് തുറന്ന് നോക്കിയപ്പോഴാണ് ഒരു വർഷത്തോളമായി എഴുത്ത് മുടങ്ങി കിടക്കുകയാണെന്ന് മനസ്സിലായത്. കഥകൾ പറയാൻ ഇല്ലാഞ്ഞിട്ടല്ല. കഥകൾ അതിസാഗരം തന്നെയാണ്. കണ്ട കഥ,കേട്ട കഥ പിന്നെ കൊണ്ട കഥ. ഇതിൽ കൊണ്ട കഥകൾ തന്നെ ഏറ്റവും ഭയങ്കരം. മറ്റേത് രണ്ടും ചുമ്മാ കേട്ടും കണ്ടും കളഞ്ഞാ മതി, പക്ഷെ കൊണ്ടത് ഉണ്ടല്ലോ, ഒരു കാലത്തും അങ്ങനെ പോകില്ല. കൊണ്ട കഥ എന്ന് കേൾക്കുമ്പോൾ വഴിയെ നടന്നു തല്ല് കൊണ്ട കഥ ആണെന്ന് കരുതരുത്. നമ്മൾ ഒപ്പം ഉള്ള കഥ. അനുഭവങ്ങൾ പാച്ചാളികൾ എന്നാണല്ലോ കവി പാടിയിരിക്കുന്നത്.

ഇടുക്കി മലനിരകളിൽ മലനിരകളിൽ നിന്നും ഇറങ്ങി രണ്ടു വർഷം കഴിഞ്ഞപ്പോഴെക്ക് ഒരു പുതിയ സ്വർഗം ലഭിച്ചു. ഇങ്ങ് ആറന്മുള തേവരുടെയും ചെങ്ങന്നൂർ ഭഗവതിയുടെയും പന്തളം രാജാവിന്റെയും ഇടയിൽ ഒരു കൊച്ചു സുന്ദര കലാലയം. അവിടെ ബിരുദാന്തര ബിരുദം പഠിക്കാൻ ഒരു ഭാഗ്യവും. അവിടെ പതിനെട്ടു പേർ മാത്രം ഉള്ള ഒരു കൊച്ചു ക്ളാസ്സും. അറുപത്തിമൂന്ന് എന്ന വലിയ സംഖ്യയിൽ നിന്നും പതിനെട്ട് എന്നതിലേക്ക് ചുരുങ്ങുമ്പോൾ പ്രതീക്ഷകളും അത്ര കണ്ടു ചെറുതായിരുന്നു. നാല് കൊല്ലത്തെ അർമാദവും കഴിഞ്ഞ് രണ്ടു കൊല്ലം ലോകവും ചുറ്റി നടന്ന് എന്നാൽ പിന്നെ ഒന്ന് കൂടി കോളേജിൽ പോയി പഠിച്ചേക്കാം എന്ന് കരുതുമ്പോൾ ക്ളാസ്സിൽ വരാൻ പോകുന്നവരെ പറ്റി ഏകദേശം ഒരു ധാരണ ഉണ്ടായിരുന്നു. ബിരുദാനന്തര ബിരുദ ക്ലാസ്സു്കളെ പറ്റി കുറെ ക്ളിഷേകൽ മനസ്സിൽ ഉണ്ടാരുന്നു. അമ്മാവന്മാരുടെ പ്രായം ഉള്ള ചേട്ടന്മാർ, ഒന്ന് രണ്ടു കുട്ടികൾ ഒക്കെ ഉള്ള ചേച്ചിമാർ. എന്റെ പ്രായത്തിൽ ഉള്ള ഒന്നോ രണ്ടോ പേർ. അല്ലാതെ കോളേജ് ജീവിതം ആസ്വദിക്കമെന്നൊ അർമാദിക്കാമെന്നൊ യാതൊരു അതിമോഹവും ഇല്ലാരുന്നു. 18 പേരിൽ ഒന്നോ രണ്ടോ ആണുങ്ങൾ ഉണ്ടായാൽ ഭാഗ്യം.


എന്തായാലും പ്രതീക്ഷകൾ ഒക്കെ തെറ്റി.  ഒടേതമ്പുരാനു സ്‌തുതി. അങ്ങനെ ഒരു മഹാപാതകം പുള്ളി എന്നോട് ചെയ്തില്ല. എനിക്ക് പറ്റിയ കുറെ എണ്ണത്തിനെ തന്നെ കൊണ്ട് തന്നു. മച്ചാൻ എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി തന്ന ലൂക്കൊചൻ. നാല്പ്പതി രണ്ടു കിലോയും വച്ച് റോക്കിനെ പോലെ മസിൽ വരാൻ ജിമ്മിന്റെ താക്കോലും കയ്യിലിട്ടു നടക്കുന്ന ശിശു. വഴിയെ വരുന്ന പണി എല്ലാം ഇങ്ങൊട്ട് ഏറ്റുവാങ്ങുന്നവനും, എല്ലാ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെയും നോക്കിയിട്ട്  "അളിയാ, എന്നാലും അവൾ എന്നെ നോക്കാഞ്ഞതെന്താ " എന്ന് സങ്കടപ്പെടുന്നവനും, സര്വോപരി മീനച്ചൂടിൽ ഉരുകിയൊലിക്കുമ്പൊ "മഴ പെയ്താൽ എങ്ങനെ വീട്ടിൽ പോകും കർത്താവേ !!" എന്ന് ടെൻഷൻ അടിക്കുന്നവനുമായ ആറന്മുളക്കാരൻ ഞങ്ങടെ സ്വന്തം അച്ചാച്ചൻ. ആറ്റം ബോംബ്‌ പൊട്ടിയാലും എന്താ പറ്റിയത് ! ഞാൻ എന്തേലും ചെയ്യണോ ! എന്ന് ഒരു വികാരവും ഇല്ലാതെ നിസ്സങ്കതയോടെ നിൽകുന്ന കേ ബി.  പിന്നെ ഈയുള്ളവനും ചേർത്ത് ആകെ അഞ്ചു ആണ്‍തരികൾ മാത്രമാണുള്ളത്. 

കേ ബിയെ പറ്റി ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ഗുഹാ മനുഷ്യൻ ആയി ജീവിക്കുന്ന ഒരു സംഭവം ആണ് കക്ഷി. മൊബൈൽ, ലാൻഡ്‌ഫോണ്‍ തുടങ്ങിയ വാർത്താവിനിമയ ഉപാധികളിൽ ഒന്നും താത്പര്യവും ആഗ്രഹവും ഇല്ലാത്ത ആളാണ് പുള്ളി. നാളെ വരാം എന്ന് പറഞ്ഞു പോയാൽ പിന്നെ ആളിനെ കാണില്ല. ഫോണിൽ വിളിച്ചാൽ ആദ്യത്തെ മൂന്ന് നാല് ദിവസം ബെൽ അടിക്കും. പിന്നെ ഒരു രണ്ടാഴ്ച്ച ആശാന്റെ ഫോണ്‍ ഓഫ്‌ ആയിരിക്കും. ലാൻഡ്‌ ഫോണിലും വിളിച്ചു നമ്മൾ മടുക്കും. അവസാനം പൂജപ്പുര വരെ നേരെ ചെന്നാലേ ആശാനേ കാണാൻ കിട്ടൂ. നീ എന്താടാ ക്ലാസ്സിൽ വരാത്തത് എന്ന് ചോദിക്കുമ്പോൾ നിഷ്കളങ്കതയോടെ അവന്റെ ഒരു ചോദ്യം ഉണ്ട്  "ഓ, അങ്ങോട്ടൊക്കെ വരണോ??" . കാര്യം എന്തൊക്കെ പറഞ്ഞാലും ഇത് പോലെ ഒരു പാവത്തിനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ഇപ്പോഴും "ഫെയ്സ്ബുക്ക് ഉപയോഗിക്കാത്ത ഏതേലും കൂട്ടുകാർ നിനക്കുണ്ടോടാ??" എന്ന മില്യണ്‍ ഡോളർ ചോദ്യത്തിനുള്ള ഉത്തരം ആണ് ഇവൻ.

ഈ അഞ്ചെണ്ണം മാത്രമല്ല, ഈയുള്ളവൻ ജനിച്ചു നാൽപ്പത്തഞ്ചു മിനിറ്റ്  കഴിഞ്ഞു പിറവി കൊണ്ട കൃമി, ഒരേ വർഷം, ഒരേ ദിവസം വെറും 45 മിനിറ്റ് വത്യാസത്തിൽ പിറന്ന എന്റെ ക്ളാസ്സ്‌മേറ്റ്‌. ഹാപ്പി ബർത്ത്ഡേ വിളിച്ച് വിഷ് ചെയ്യുമ്പോ "സെയിം റ്റു യു" കേൾക്കാൻ അൽപം ഭാഗ്യം വേണം. നാലരയടി പൊക്കത്തിൽ ഏഴടി നാവുള്ള ഒരു വായാടി. അവൾ സംസാരിക്കാൻ ഉണ്ടെങ്കിൽ മണിക്കൂറുകൾ പോകുന്നത് അറിയില്ല. അടുത്തത് എറണാകുളത്ത് ഏറ്റവും വിലക്കുറവിൽ ഊണ് കഴിക്കാൻ പറ്റുന്നത് എവിടെ, അഞ്ചു രൂപയ്ക്ക് എവിടെ ഊണ് കിട്ടും തുടങ്ങിയുള്ള സുപ്രധാന രഹസ്യങ്ങളുടെ കലവറ ആയ എ റ്റി ജോയ്. മഞ്ഞ കളറിനോടുള്ള സ്നേഹം കാരണം വഴിയിൽ ഏതു ജൗളിക്കടയിൽ മഞ്ഞ ഡ്രസ്സ്‌ കണ്ടാലും കയറി വാങ്ങിക്കുന്ന ആൾ ആണ് എ റ്റി ജോയ്. സാമ്പത്തിക പരാധീനത കാരണം ചെങ്ങന്നൂരിൽ ഉള്ള ബേക്കറിയിൽ കയറി ഹാഫ് ഷാർജ ഓർഡർ ചെയ്ത് അവസാനം ഹാഫ് ഷാർജ ചെങ്ങന്നൂരിൽ ഒരു ട്രെൻഡ് ആക്കി മാറ്റിയ അപൂർവ ട്രെൻഡ് സെറ്റർ ആണ് എ റ്റി ജോയ്. നാലരയടിയുള്ള കൃമിയും ആറടിക്ക് ഒരിഞ്ചു മാത്രം കുറവുള്ള എ റ്റി ജോയിയും ഒന്നിച്ചു നടന്നു വരുന്നത് ഒന്ന് കാണേണ്ട കാഴ്ച്ചയാണ് . മറ്റൊരു നാലരയടിക്കാരിയായ ബിന്ദാസ് അവളുടെ തടി അധികം ഇല്ലാത്ത കൂട്ടുകാരി മഞ്ജുവും കൂടി ഒരേ കുടയിൽ നടന്നു വരുന്നതും ഒരു കാണേണ്ട കാഴ്ച്ച തന്നെ ആണ്.

ചിരി മത്സരത്തിൽ ലോക ഒന്നാം നമ്പർ ആയ ആണ്ട്രോയിട് ആണ് കൂട്ടത്തിലെ മറ്റൊരു താരം. പഴയ ചോക്ക് ഉള്ള ട്യൂബ്ലൈറ്റ്നെക്കാളും പതിയയേ കാര്യങ്ങൾ കത്തൂ ! സംഭവം ആണ്ട്രോയിട് ബീറ്റാ വേർഷനിലും പഴയത് ആയത് കൊണ്ടാണ്. ബീറ്റ വെർഷനെക്കാളും കുറച്ചു കൂടി വേഗത്തിൽ കത്തുന്നതും എന്നാൽ ട്യൂബ്ലൈറ്റ് തന്നെയുമായ എ ബി സി ഡി ആണ് അടുത്ത താരം. ആണ്ട്രോയിടും എ ബി സി ഡിയും ചക്കിയും ചങ്കരനും പോലെ നല്ല കോംബിനേഷൻ  ആണെന്ന് പറയാതെ വയ്യ. ഒരു മിനിറ്റ് കൊണ്ട് പറയേണ്ട കാര്യം ഒരു മണിക്കൂർ പറഞ്ഞിട്ടും കേട്ട് നിന്നവൻ "നീ എന്താണ് ഉദേശിച്ചത് !!??" എന്ന് ചോദിക്കേണ്ടി വരുന്ന വാക് ചാതുര്യത്തിനു ഉടമയായ അപ്പുമോൾ. അപ്പുമോൾക്ക് പറ്റിയ കൂട്ടായി ഇത്തയും. എല്ലാ പണിയും തീരത്തിട്ട് "ഞാൻ ഒന്നും ചെയ്തില്ലെടാ", എന്ന് വിനയം കൊണ്ട് സങ്കടപ്പെടുന്ന ഇത്ത. പിന്നെ വാത്സല്യവും സ്നേഹവും തന്നു സ്വന്തം ചേച്ചിമാരെ പോലെ തന്നെ നോക്കാൻ നാലു ചേച്ചിമാരും.

കഥയിലെ ട്വിസ്റ്റ്‌ ഇതൊന്നും അല്ല. ഇങ്ങനെ ഉള്ള ക്ലാസ്സിലേക്ക് ഒരു ടീച്ചർ വന്നാൽ എന്താകും. പഠിപ്പിക്കാൻ അല്ല, പഠിക്കാൻ !! സീനിയേഴ്സ് സില്മയിലെ പോലെ ഒരു കൂട്ടം ആയി വരാതെ ഒറ്റയ്ക്ക് വന്ന് പെട്ടുപോയാലോ ?! അതാണ്‌ ഞങ്ങടെ ടീച്ചർ, ഞങ്ങടെ ക്ളാസ്സ്മേറ്റ്‌ ആയ ടീച്ചർ. ലൂക്കോച്ചന്റെയും എ റ്റി ജോയിയുടെയും ഒറിജിനൽ ടീച്ചർ !! അതെ ബിരുദ ക്ലാസ്സിൽ പഠിപ്പിച്ച ടീച്ചർ ബിരുദാനന്ദര ബിരുദ ക്ലാസ്സിൽ കൂടെ ഇരുന്നു പഠിക്കുക എന്ന അപൂർവ ഭാഗ്യത്തിന് ഉടമകൾ ആണ് ലൂക്കോച്ചനും എ റ്റി ജോയിയും. അല്ലെങ്കിൽ തന്നെ ബിരുദ ക്ലാസ്സിലെ ക്ളാസ്സ്മേറ്റ്സ് ബിരുദാനന്ദര ബിരുദത്തിലും ക്ളാസ്സ്മേറ്റ്സ് ആയിരിക്കാൻ ഭാഗ്യം ഉള്ളവർ ആണ് അവർ.

ടീച്ചറെ പറ്റി ലൂക്കോച്ചൻ പറഞ്ഞ കഥ ഇതാണ്. ലാബ്‌ എക്സാംന് എല്ലാരേം പൊട്ടിക്കുക എന്നൊരു നേർച്ച അന്ന് ടീച്ചർക്ക് ഉണ്ടാരുന്നത്രേ. 9.30 നു തുടങ്ങി 4.30 വരെ നീളുന്ന ലാബ്‌ എക്സാമിനു 10 മണിക്ക് വന്നു 3.30 നു പോകുന്ന പ്രകൃതം ആരുന്നു ടീച്ചറുടെത്. ടീച്ചർ ഉള്ള സമയത്ത് ഉണ്ടാരുന്ന ഒരു മാതിരി അവന്മാരെല്ലാം നല്ല നിലയിൽ പൊട്ടി. എ റ്റി ജോയ് ആദ്യത്തെ ബാച്ച് ആരുന്നു, ടീച്ചർ ഇല്ലാത്തത് കൊണ്ട് രക്ഷപെട്ടു എന്ന് കരുതിയെങ്കിൽ തെറ്റി. 10 മണി ആകുമ്പോ ടീച്ചർ വരുമല്ലോ. അങ്ങനെ എ റ്റി ജോയിക്ക് എട്ടിന്റെ പണി കിട്ടി. അവളെ പൊട്ടിച്ചു കയ്യിൽ കൊടുത്തു.

നമ്മുടെ ലൂക്കോചന്റേത് കൃത്യം നടുക്കത്തെ ബാച്ച് ആണ്. അളിയൻ കാര്യങ്ങൾ എല്ലാം ഒരു തീരുമാനം ആക്കി ആണ് പരീക്ഷക്ക് പോകാൻ ഇരുന്നത്. ലൂക്കോച്ചന്റെ ഭാഗ്യം. ക്ലാസ്സിലെ ഒരു പുലി പയ്യൻ. അവൻ ആണ് ഈ ലാബ്‌ എല്ലാവര്ക്കും പഠിപ്പിച്ച് കൊടുത്തത്. അവൻ അങ്ങ് മലബാർകാരൻ ആണ്. നേരത്തെ പോകാൻ ഉള്ള സൌകര്യത്തിനു അവൻ വന്നു ലൂക്കോച്ചനോട്‌ അങ്ങോട്ടും ഇങ്ങോട്ടും മാറ്റാൻ ചോദിച്ചു. എങ്ങനെ കേറിയാലും എപ്പോൾ കേറിയാലും സംഗതി പൊട്ടും. പാവം അവൻ നേരത്തെ വീട്ടിൽ എങ്കിലും പൊയ്ക്കോട്ടേ എന്ന് കരുതി ലൂക്കോച്ചൻ സ്വാപ്പ് ചെയ്തു കൊടുത്തു. അവസാനം കേറിയ ലൂക്കോച്ചൻ അങ്ങനെ ടീച്ചർ ഇല്ലാത്ത സമയത്ത് വേറെ ഒരു എക്സാമിനറെ ഔട്ട്‌പുട്ട് കാണിച്ച് രക്ഷപെട്ടു. ഇതെന്താ ഇങ്ങനെ വന്നത് എന്ന് അവർ ചോദിക്കാഞ്ഞത് കൊണ്ട് മച്ചാൻ രക്ഷപെട്ടു.

അപ്പൊ ലൂക്കോച്ചനുമായി സ്വാപ്പ് ചെയ്ത പുലിയോ..?? പാവം പുലിപ്പാലിൽ അല്ലേ പണി കിട്ടിയത്. മാരത്തോണ്‍ കോച്ചിനു 100 മീറ്റർ തികച്ച് ഓടാൻ പറ്റിയില്ല എന്ന് പറഞ്ഞത് പോലെ, എല്ലാവരേം പഠിപ്പിച്ചു പാസ്സ് ആക്കിയവൻ പൊട്ടി പോകുന്ന അവസ്ഥയേ !!!

അഭിപ്രായങ്ങള്‍

ajith പറഞ്ഞു…
കൊള്ളാലോ ഈ ക്ലാസ് മേറ്റ്സ്

ബ്ലോഗ് പോസ്റ്റുകള്‍ക്കിടയില്‍ ഇത്ര അകലം വേണ്ട കേട്ടോ
ശ്രീ പറഞ്ഞു…
ക്ലാസ്സ്മേറ്റ്‌സിനെ എല്ലാരെയും അങ്ങനെ പരിചയപ്പെട്ടു. വിവരണങ്ങള്‍ എന്റെ പല സുഹൃത്തുക്കളെയും ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു, നന്ദി.

കൂട്ടത്തില്‍ ഏറ്റവും കൌതുകകരമായി തോന്നിയത് ബിരുദ ക്ലാസ്സിലെ ടീച്ചറെ ബിരുദാനന്തര ബിരുദത്തിനു സഹപാഠിയായി കിട്ടുന്ന അപൂര്‍‌വ്വത തന്നെ :)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...