സുവിശേഷങ്ങൾ

ബജറ്റ് ദിവസം രാത്രി ആണ് ഭയ്യ വിളിക്കുന്നത്. ജന്മം കൊണ്ട് മലയാളി ആണെങ്കിലും ബിലാസ്പൂരിൽ ജനിച്ച് ഉത്തരേന്ത്യയിൽ പണിയെടുത്ത് ജീവിച്ച് ആണ്ടിൽ ഒരിക്കൽ മാത്രം നാട്ടിൽ വന്ന് പോകുന്ന ഭയ്യ മലയാളി എന്ന നിലയിൽ ഊറ്റം കൊള്ളുന്ന ആൾ ആണ്. മലയാള സംസ്കാരത്തെയും മണ്ണിനെയും പറ്റി വാതോരാതെ സംസാരിക്കുകയും നമ്മുടെ വിവരത്തിലും വിദ്യാഭ്യാസത്തിലും മറ്റ് സംസ്ഥാനക്കാരോട് അല്പം അഹങ്കാരം കാണിക്കുകയും ചെയ്യുന്ന ഭയ്യ എന്നെ വിളിച്ചത് ഞെട്ടലോടെയായിരുന്നു. 

" എന്തോക്കെയാടാ നാട്ടിൽ നടക്കുന്നത് ? ഇവന്മാർക്കൊന്നും യാതൊരു ഉളുപ്പും ഇല്ലേ. ബീഹാറിലെയും ഒക്കെ അസംബ്ലിയിൽ നടക്കുന്നത് കണ്ട് കളിയാക്കി ചിരിച്ചിട്ടുണ്ട്, നമ്മുടെ നാടും ആ അവസ്ഥയിൽ ആയല്ലോ! ഇങ്ങനെ ആണേൽ അവന്മാരും നമ്മളും തമ്മിൽ എന്താ വ്യത്യാസം ". ഭയ്യയുടെ സങ്കടം സത്യമാണ്. ദേശീയ മാധ്യമങ്ങൾ അത്യാവശ്യം നല്ല കവറേജ് തന്നെ നല്കിയിട്ടുണ്ട്. ഒരു ഹിന്ദി പത്രത്തിന്റെ ഒന്നാം പേജിൽ എട്ടു കോളം വാർത്തയാണ് ഇത്. "കേരൾ വിധാനസഭാ മേം ഹിംസാ" എന്ന തലക്കെട്ടിൽ!!'ഉളുപ്പ്' എന്ന വികാരം തടയാൻ ഖദറിന് കഴിയും എന്നാണ് പൊതുവെ ഉള്ള വയ്പ്പ്. ബജറ്റ് അവതരണത്തിന് ശേഷം സോഷ്യൽ മീഡിയയിയിലും മറ്റും വൈറൽ ആയി ഓടിക്കൊണ്ടിരിക്കുകയാണല്ലോ ട്രോൾ മെസ്സേജുകൾ. പത്രക്കാർ വരെ പുതിയകാലത്തിന്റെ പരിഹാസശരങ്ങളെ പറ്റി പല രീതിയിൽ വാർത്ത നൽകി കഴിഞ്ഞു. കുരുപൊട്ടിക്കുക എന്നതിന്റെ പടിഞ്ഞാറൻ പതിപ്പ് ആയ ട്രോൾ സംസ്കാരത്തിന് ഇങ്ങ് ദൈവത്തിന്റെ സ്വന്തം നാട്ടിലും പ്രചാരം കിട്ടിയിട്ട് കുറച്ചധികം നാൾ ആയി. ആരോഗ്യകരമായ വിമർശനം നല്ലത് എന്നിരിക്കെ ഈ ട്രോൾ പരിപാടിയും ഒരർത്ഥത്തിൽ നല്ലത് തന്നെ. ട്രോൾ നിർമിക്കുന്നവരുടെ ക്രിയാത്മകതയും സർഗശേഷിയും പ്രശംസനീയം തന്നെയാണ്.

ബജറ്റ് ദിനം മുതൽ ഇന്ന് വരെയും വാട്ട്സാപ്പ് ഗ്രൂപ്പിലും ഫേസ്ബുക്കിലും ഒക്കെയായി ഈ വക മെസ്സേജുകൾ വന്ന് മറിയുകയാണ്. ഫോൾഡർ അടക്കം ഡിലീറ്റ് ചെയ്യണം എന്ന് ഇന്ന് ഒരു സുഹൃത്ത് പറയുമ്പോളാണ് ഇതിന്റെ അളവ് ശ്രദ്ധിച്ചത് തന്നെ. ഇങ്ങനെ വന്ന് മറിഞ്ഞ തമാശയിൽ ഇതിനോട് ലവലേശം ബന്ധം ഇല്ലാത്ത ഒരു സംഗതി ഒരു പാട് ആകർഷിച്ചു കളഞ്ഞു.

"സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. നേർവഴിയിലൂടെയല്ലാതെ പ്രവേശിക്കുന്നവൻ കള്ളനും കവർച്ചക്കാരനുമാകുന്നു...!!"
‐ യോഹന്നാന്റെ സുവിശേഷം 10:1

ബൈബിൾ വചനങ്ങൾ സഭയിലും പുറത്തുമായി ട്രെൻഡ് ആയി നിൽക്കുകയാണല്ലോ ഇപ്പോൾ. അങ്ങനെ ഏതോ ഒരു വിദ്വാൻ ബജറ്റ് ദിവസം ഇട്ടതാണ് ഈ വചനം. 'ഒന്നിന്നെ ഒന്നിനോട് ഉപമിക്കാതെ' തന്നെ 'അത് താനല്ലയോ ഇത് ' എന്ന ശങ്ക ഉണ്ടാക്കും വിധം ഏതൊരു കാര്യവും പറയാൻ നമ്മൾ മലയാളികൾക്ക് ഉണ്ടായിരുന്ന രണ്ട് ആയുധങ്ങൾ ആയിരുന്നു പഴഞ്ചൊല്ലുകളും പഴയ സിനിമാ ഡയലോഗുകളും. ആ നിരയിലേക്ക് ഇപ്പോൾ ഇതാ ബൈബിൾ വചനങ്ങൾ കൂടിയായി.

ഭരണപക്ഷതിന്റെയും പ്രതിപക്ഷത്തിന്റെയും താൻപോരിമ കാണിക്കാനുള്ള അങ്കക്കളമാക്കി നിയമസഭയെ മാറ്റിയതിലൂടെ മൊത്തം ജനതയുടെയും അന്തസ്സിനാണ് നാം കുത്തി ജയിപ്പിച്ച ഓരോ സമാജികനും തിരിഞ്ഞ് കുത്തിയത്. പ്രതിപക്ഷവും ജയിച്ചു ഭരണപക്ഷവും ജയിച്ചു, അവസാനം തോട്ടത്ത പൊതുജനം എന്ന പതിവ് വിപരീതാഭാസം തന്നെയാണ് ഇത്തവണയും നടന്നത്. അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങി സകലമാന സംഗതികൾക്കും വില കൂട്ടിയും, കടമെടുത്ത പണം പദ്ധതി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പോലുമാകാത്ത സാമ്പത്തികപ്രതിസന്ധിയിലായ നമ്മുടെ നാട് എങ്ങോട്ടാണ്. ദൈര്യമുണ്ടെങ്കിൽ അച്ചനെ തിരിച്ച് തല്ലെടാ എന്ന അഞ്ഞൂറാൻ ലൈനിൽ ആഹിതമായത് അടിച്ചേൽപ്പിച്ചാൽ സഹികെട്ട ജനം ഒരു നാൾ ഭരണകൂടത്തെ തിരിച്ച് തല്ലുന്ന അവസ്ഥ വരും.

PS: 'കാശ് പണം തുട്ട് മണി മണി...' നിരൂപകപ്രശംസ പിടിച്ച് പറ്റിയ ഒരു തമിഴ് സിനിമയിലെ ഗാനം ആണ് ഇത്. കാശടിക്കാൻ വേണ്ടി സ്വയം തട്ടിക്കൊണ്ടുപോകൽ നാടകം കളിക്കുന്ന ഒരു മന്ത്രിപുത്രന്റെ കഥയുണ്ട് അതിൽ. മകന്റെ നാടകം തിരിച്ചറിഞ്ഞു പാർട്ടി ഫണ്ടിലെ പണം തിരിച്ചു നല്കുന്ന അഴിമതി രഹിതനായ ആ മന്ത്രി ഒരു പ്രതീകമാണ്, സാധാരണക്കാരന്റെ പ്രത്യാശയുടെ പ്രതീകം. എന്നാൽ ആ മന്ത്രിയെ മാറ്റി ഇത്രയും ഫ്രോഡ് ആയ മകനെ തന്നെ മന്ത്രിയാക്കുന്നു ആ ചിത്രത്തിൽ, അടുത്ത 5 വർഷം കൊണ്ട് 300 കോടി ഉണ്ടാക്കിത്തരണം എന്ന ഡീലിൽ ! ആദർശം കളിച്ചാൽ പാർട്ടിക്ക് പണമുണ്ടാകില്ല എന്ന് പറയുന്നുണ്ട് അതിൽ. അച്ഛനെ പറ്റിച്ച് പണമടിക്കാൻ മകൻ ചെയ്ത ഫ്രോഡ് തരം ഉണ്ടല്ലോ, അതിന്റെ വകഭേദം ആണ് രാഷ്ട്രീയം. ഇവിടെ നാട്ടുകാരെ കൊള്ളയടിക്കുന്നു എന്ന് മാത്രം.


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

1 അഭിപ്രായം:

ajith പറഞ്ഞു...

കാശ് പണം ദുട്ട് മണി മണീ