ലോകകപ്പ് സ്മരണകൾ

എല്ലാവർക്കും ഉണ്ടാകും ഓരോരോ ഓർമ്മകൾ. ലോകകപ്പ് ഓർമ്മകൾ ഓരോ നാല് കൊല്ലം കഴിയുമ്പോഴും ഓർമ്മയിൽ തെളിയും.


2003 : ക്രിക്കറ്റ്‌ ആരാധന തലക്ക് കൊണ്ടുമ്പിരി കൊണ്ടിരിക്കുന്ന കുട്ടിക്കാലം. കളി എന്നാൽ ക്രിക്കറ്റ്‌ എന്ന് മാത്രം അറിയാവുന്ന ഒരു കൌമാരക്കാരൻ. കളിച്ച് നടക്കുന്നതിന് തല്ല് കൊണ്ടിട്ടും ഞാൻ നന്നാവൂല്ല എന്ന പതിവ് പല്ലവി. പത്താം ക്ലാസ് പരീക്ഷക്കിടയിൽ കൃത്യമായി വന്ന് സീൻ കോന്ട്ര ആക്കിയ ലോകകപ്പ്. കളി കാണാതെ ഇരുന്ന് പഠിക്കണം എന്ന പിതൃവചനം പേടിച്ച്, ഒളിച്ച് ഒളിച്ച് കളി കണ്ട ദിനങ്ങൾ. സെമിയിൽ ഇന്ത്യ ജയിച്ചപ്പോൾ "ഫൈനൽ എന്തായാലും ഞാൻ കാണും" എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. ടോസ്സ് നേടി ഇന്ത്യ ബൌളിംഗ് തിരഞ്ഞെടുത്തപ്പോൾ "ഇപ്പൊ പഠിക്ക്, നാളെ പരീക്ഷ ഉള്ളതല്ലേ. ഇന്ത്യേടെ ബാറ്റിംഗ് കാണാം" എന്ന് പറഞ്ഞ് അച്ഛൻ ആദ്യം തന്നെ പണി തന്നു. ഒന്നാം ഇന്നിങ്ങ്സ് കഴിഞ്ഞ് ഇന്ത്യക്ക് 360 റണ്ണിന്റെ വിജയലക്ഷ്യം ആയപ്പോൾ "ഇതിനി എന്ത് കാണാനാ, ഇന്ത്യ കളി തോൽക്കും എന്ന് ഉറപ്പല്ലേ." എന്ന സാന്ദർഭികമായ ഡയലോഗ് അടിച്ച് അച്ഛൻ പണി തന്നു. കളി കാണാത്തതിന്റെ സങ്കടവും കളി തോറ്റതിന്റെ സങ്കടവും ഒന്നിച്ച് !


2007 : ഹോസ്റ്റലിൽ കമ്പ്യൂട്ടർ വാങ്ങിയപ്പോൾ എല്ലാ അലുക്കുലുത്തുകളും ഒപ്പം വാങ്ങിയിരുന്നു. അങ്ങനെ ടിവി കണ്ട് ചാരിതാർത്ഥ്യം അടയാൻ ഒപ്പം വാങ്ങിയ ടിവി ട്യൂണർ കാർഡ് ശബ്ദം ഒഴികെ ബാക്കി എല്ലാം കൃത്യമായി തന്നു. അങ്ങനെ നിശബ്ദ ചിത്രം പോലെ ഇരുന്നു ടിവി കാണാൻ ആർക്കും തലക്ക് അത്ര ഓളമില്ലാത്തതിനാൽ ഊരി വച്ചിരുന്ന ആ അധികപറ്റ്, ലോകകപ്പ് പ്രമാണിച്ച് വീണ്ടും എടുത്ത് ഘടിപ്പിച്ചു. ഇന്ത്യൻ സമയം രാത്രികളിൽ ആയിരുന്നല്ലോ ഭൂരിഭാഗം കളികളും. ഒച്ചയേതുമില്ലാതെ കളി കണ്ട് കുരുപോട്ടിയപ്പോളാണ് ടിന്കുമോൻറെ ബുദ്ധി പ്രവർത്തിച്ചത്. "നമുക്ക് ബാക്ക്ഗ്രൌണ്ടിൽ നല്ല ക്ലാസ്സിക്‌ മെലഡീസ് ഇട്ടാലോ?". നിശബ്ദദയെക്കാൾ ഭേദം ആണല്ലോ പാട്ട് എന്നോർത്ത് അത് സമ്മതിച്ചു. സുന്ദരമായ മെലഡീസും കേട്ട് കളി മറന്ന് ഉറക്കംആയിരുന്നു അനന്തരം സംഭവിച്ചത്. ഇന്ത്യ ആദ്യ റൌണ്ടിൽ തന്നെ പുറത്തായാതോടെ കട്ടയും പടവും മടക്കി ട്യൂണർ കാർഡും ഊരി വച്ച് അവനവന്റെ പണിയും നോക്കിപ്പോയി എല്ലാവനും.


2011 : 1 വർഷക്കാലം കളിയോടുള്ള ഭ്രമം ഒക്കെ പോയി പിറ്റേന്നത്തെ പത്രത്തിൽ ജയിച്ചോ തോറ്റോ എന്ന് മാത്രം നോക്കുന്ന ഒരു രീതിയിലേക്ക് കൊണ്ട് വന്നിരുന്നു 2007 ലെ വിധി. IPL ഉം ട്വന്റി 20 ലോകകപ്പ് വിജയവുമൊക്കെയാണ് ക്രിക്കറ്റിലേക്ക് വീണ്ടും അടുപ്പിച്ചത്. അദ്ധ്യാപന ജീവിതത്തിന്റെ ആദ്യ വർഷത്തിൽ കളി കാണാൻ സമയം കണ്ടെത്തുക അത്ര പ്രയാസമുള്ള കാര്യം ആയിരുന്നില്ല. പോരാത്തതിന് ഡേ ആൻഡ്‌ നൈറ്റ്‌ മത്സരങ്ങളും അതും ഇന്ത്യൻ സമയത്ത്. ഇന്ത്യ - പാക്കിസ്താൻ മത്സരം കാണാൻ കോളേജ് ഉള്ള ദിവസം ഉച്ചതിരിഞ്ഞ് മാഷുമാർ എല്ലാം കൂടി മൈക്രോവേവ് ലാബിലെ പഴയ ടിവി പൊടിതട്ടി എടുത്ത് ഇരുന്ന് കണ്ടത് ആയിരുന്നു ഏറ്റവും മധുരമുള്ള അനുഭവം. സച്ചിനെ അജ്മലിന്റെ പന്തിൽ lbw വിളിച്ചു പുറത്തായി റിവ്യൂ കൊടുത്തപ്പോൾ പ്രേക്ഷകർ ഒന്നടങ്കം പന്ത് സ്റ്റമ്പിൽ കൊള്ളാതെ പോകണേ എന്ന് പ്രാർഥിച്ചത് ഒരു കാലത്തും മറക്കില്ല. അവസാനം ഗംഭീറിനെ നിഷ്പ്രഭനാക്കി ഫിനിഷർ എന്ന ഒറ്റ ഇന്നിങ്ങ്സിൽ ഹീറോ ആയ ധോണിയും.


2015 : മൂന്ന് മാസം നീണ്ട ആസ്ട്രേലിയൻ പര്യടനത്തിൽ വിജയം നുകരനാകാതെ ഇന്ത്യ. ജയത്തിന് വേണ്ടി പൊരുതി തോൽവിയടഞ്ഞ ഒന്നാം ടെസ്റ്റ്‌ ഒഴിച്ചാൽ ആ കാലയളവിൽ നേട്ടങ്ങൾ ഒന്നും തന്നെ ഇന്ത്യക്ക് പറയാൻ ഇല്ല. ലോകകപ്പ് ടീമിൽ നിന്ന് യുവരാജിനെ ഒഴിവാക്കിയതും ശിക്കർ ധവാന്റെ ഫോമില്ലായ്മയും രോഹിത് ശർമയുടെ അസ്ഥിരതയും ബൌളിംഗിന്റെ മൂർച്ചയില്ലായ്മയും ഒക്കെ കൂടി ആദ്യ റൌണ്ടിൽ തന്നെ ഇന്ത്യ തോറ്റ് മടങ്ങും എന്ന് ഉറപ്പിച്ചാണ് ലോകകപ്പ് തുടങ്ങിയത് തന്നെ. പക്ഷേ അവിശ്വസനീയമാം വിധം ഇന്ത്യ തിരിച്ച് വരവ് നടത്തി. 7 കളികളും ജയിച്ച് എല്ലാത്തിലും എതിരാളികളെ എറിഞ്ഞിട്ട് ഇന്ത്യ സെമിയിൽ എത്തി. സെമി ലൈനപ്പ് ഏകദേശം ഊഹിക്കവുന്നതായിരുന്നെങ്കിലും ഇന്ത്യ ഇങ്ങനെയൊക്കെ അങ്ങ് എത്തുമെന്ന് ആരും കരുതിയിട്ടേ ഉണ്ടാകില്ല. ഇനി 2 കളി കൂടി ജയിച്ചാൽ ലോകകിരീടം നമ്മുടെ അലമാരയിൽ തന്നെ ഇരിക്കും. പ്രതീക്ഷയോടെ...

PS : 1. ഇഷാന്ത് ശർമ പരിക്ക് പറ്റി പോയത് കൊണ്ടാണ് ഇന്ത്യൻ ബൌളിംഗ് ഇത്ര കലിപ്പ് എന്നൊരു സംസാരം ഉണ്ട്. പരിക്കൊന്നും അല്ല, പുള്ളിയെ സൈഡ് ആക്കിയത് ആണെന്നും പറഞ്ഞ് കേൾക്കുന്നു.
2. പരിക്ക് പറ്റി പുറത്തിരുന്ന മുൻനിര ബോളർ പരിക്ക് ഭേദമായി വന്നപ്പോൾ ടീമിൽ കയറാൻ സ്ഥലമില്ലാത്ത അവസ്ഥയാണ് ഭുവനേശ്വറിന്റേത്.
3. റെയ്ന ആണ് ധോനിയുടെ ഭാഗ്യതാരകം അത്രേ. റെയ്ന കളിച്ച 11 ലോകകപ്പ് മത്സരങ്ങളിൽ ഇത് വരെയും ഇന്ത്യ പരാജയപെട്ടിട്ടില്ല.


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

1 അഭിപ്രായം:

ajith പറഞ്ഞു...

1983 ലോകകപ്പ് മുതലുള്ള ഓര്‍മ്മകള്‍ ഉണ്ട്.