ഒരു കല്യാണം കൂടിയ കഥ (രചന: അനീഷ്‌ കൊടുങ്ങല്ലൂർ)

വാസുവിന്റെ പിറന്നാൾ ദിനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ എല്ലാം പിറന്നാൾ ആശംസകൾ കൊണ്ട് നിറഞ്ഞ സമയത്ത് ആശംസിക്കാൻ മറന്നു പോയ അപ്പക്കാള എഴുതിയ ഒരു പഴയ ഓർമ്മക്കുറിപ്പ്‌ ആണ് ഇത്. അവന്റെ തന്നെ ഭാഷയിൽ താഴെ ക്വോട്ട് ചെയ്യുന്നു.

"വാസു ഗ്രൂപ്പിൽ എല്ലാവർക്കും നന്ദി പറഞ്ഞപ്പോൾ ആണ് അവന് ഞാൻ ഹാപ്പി ബർത്ത്ഡേ പറഞ്ഞില്ല എന്നോർത്തത്. അപ്പോൾ പിന്നെ ഒരു വാസു കഥയോട് കൂടി ആകാം ആശംസകൾ എന്ന്  കരുതി. ഈ കഥ എന്ന് പറയുമ്പോൾ പലതും ഉണ്ട്... അട്ടയും വാസുവും, തൊരപ്പനും വാസുവും പിന്നെ MG യൂണിവേർസിറ്റി സർട്ടിഫികറ്റും അങ്ങനെ പലതും. എന്നാലും ഞാനും വാസുവും കൂടി ഒരു കല്യാണത്തിന് പോയ കഥയാണ്‌ ഇവിടെ പറയുന്നത്. ഞാൻ അങ്ങനെ വലുതായി എഴുതുന്ന വ്യക്തി അല്ല, അത് കൊണ്ട് തെറ്റ് പറ്റിയാൽ ഒന്ന് ക്ഷമിച്ചേക്കണം.

ഞങ്ങളുടെ B.Tech കഴിഞ്ഞ് തെണ്ടിത്തിരിഞ്ഞ് നടക്കുന്ന കാലം. നാല് കൊല്ലം കൊണ്ട് പഠിച്ച സംഭവം വച്ച് ചായക്കടയിൽ പോലും ജോലി  കിട്ടില്ല എന്ന് ഏകദേശം മനസ്സിലായി വരുന്നു. ഈ സമയത്ത് ആണല്ലോ കൂടെ പഠിച്ച പെണ്‍പിള്ളേർ അവരുടെ ജീവിതം ധന്യമാക്കി മാംഗല്യം കഴിക്കുന്നത്. ഞങ്ങൾ കുറേപ്പേർ അന്ന് വിളിച്ച എല്ലാ കല്യാണത്തിനും പോയി ഹാജർ കൊടുക്കുന്ന സമയം. ഒരു ഹാജരിന്റെ വിലയൊക്കെ അപ്പോഴേക്കും ഞങ്ങൾ മനസ്സിലാക്കിയിരുന്നു. കുറച്ച് പേരുടെ പേരുകൾ ഇവിടെ സ്മരിക്കുന്നു. ശ്രീമാൻ തമ്പി അവർകൾ, കണ്ണൻ അവർകൾ, അച്ചായാൻ അവർകൾ (ഈ അച്ചായാൻ അങ്ങനെ ഇപ്പോൾ കല്യാണത്തിന് ഒന്നും പോവില്ല, ചില സ്പെഷ്യൽ കല്യാണത്തിനേ പോകൂ, സമയക്കുറവ് മൂലം അതിപ്പോ ഇവിടെ പറയുന്നില്ല). ചുരുക്കത്തിൽ അന്ന് രണ്ട് കല്യാണം നടക്കുന്ന ദിവസം ആയിരുന്നു. ഞാൻ അതിരാവിലെ എഴുന്നേറ്റ് ഓടിപ്പിടിച്ച് എത്തിയപ്പോഴേക്കും ആദ്യ കല്യാണത്തിന്റെ കെട്ട് കഴിഞ്ഞിരുന്നു. ഫുഡിന്റെ സമയത്ത് എന്ന് മേൽകക്ഷികൾ പറയും എങ്കിലും ഞാൻ അന്ന് ആത്മാർഥമായി നേരത്തെ എത്താൻ ശ്രമിച്ചിരുന്നു. എങ്കിലും സധ്യ നന്നായി ഉണ്ണാൻ സാധിച്ചു. അങ്ങനെ സദ്യ കഴിഞ്ഞ് അച്ചായന്റെ കുരു പൊട്ടിച്ച് നിന്നപ്പോൾ ആണ് വാസുവിന്റെ ആ ചോദ്യം ആരൊക്കെ രണ്ടാമത്തെ കല്യാണത്തിന് പോകുന്നുണ്ട് എന്ന്. രണ്ടാമത്തെ കല്യാണം നടക്കുന്നത് എന്റെ വീടിന്റെ അടുത്ത് ആയത് കൊണ്ട് ഞാൻ ഉടനേ സമ്മതം മൂളി. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് മേൽപറഞ്ഞ കക്ഷികൾ ആരും അങ്ങോട്ടേക്ക് വരാൻ താത്പര്യം കാണിച്ചില്ല. കുറച്ച് സമയം ഉള്ളത് കൊണ്ട് എന്റെ വീട്ടിൽ പോയിട്ട് പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ഒരു നാല് മണിക്ക് എന്റെ വീട്ടിൽ നിന്നും എന്റെ ഇരുചക്രവാഹനത്തിൽ ഞങ്ങൾ പുറപ്പെട്ടു.



സ്വീകരണം നടക്കുന്നത് ഇരിങ്ങാലക്കുടയിൽ വച്ചാണ്. നാരായണ ഓഡിറ്റോറിയം. വാസു അന്ന് എന്റെ വീട്ടിൽ നിന്ന് പിറ്റേ ദിവസം പോകാൻ ആണ് പ്ലാൻ. അന്ന് രാത്രിയിൽ എന്തെങ്കിലും കഴിക്കാൻ എന്തെങ്കിലും കരുതണോ എന്ന് ചോദിച്ച അമ്മയെയും അനിയത്തിയെയും ഒരു പുച്ഛഭാവത്തിൽ നോക്കിയിട്ടാണ് ഞങ്ങൾ ഇറങ്ങിയത്.

അങ്ങനെ ഞങ്ങൾ ഇരിങ്ങാലക്കുടയിൽ എത്തി. അവിടെ ഒരു മൂന്ന് നാല് പേരോട് വഴി ചോദിച്ചതോടെ ആ നഗ്നസത്യം ഞങ്ങൾ മനസ്സിലാക്കി. ഇരിങ്ങാലക്കുടയിൽ ഓൾമോസ്റ്റ് എല്ലാ
ഓഡിറ്റോറിയവും 'നാരായണ' എന്ന പേര് ഉൾക്കൊള്ളുന്നുണ്ട്. സ്വീകരണം അല്ലേ എന്ന ദൈര്യത്തിൽ ഞങ്ങൾ ഓഡിറ്റോറിയംസ് ഒരോന്നായി കയറിയിറങ്ങി. അന്ന് വളരേ നല്ല സമയം ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! കയറിയ ഒരു സ്ഥലത്തും നമ്മുടെ പരിപാടി അല്ലായിരുന്നു. നമ്മുടേത് പോലെ ഒരു പരിപാടിയും അവിടെയൊന്നും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. അല്ലെങ്കിൽ ഏതെങ്കിലും സ്ഥലത്ത് നിന്നും ഭക്ഷണവും കഴിച്ച് ഞങ്ങൾ വീട് പിടിച്ചേനെ. അങ്ങനെ ഒരു ഓഡിറ്റോറിയം കഴിഞ്ഞപ്പോൾ അവളെ (കല്യാണപ്പെണ്ണിനെ) ഒന്ന് ഫോണിൽ വിളിക്കാൻ തീരുമാനിച്ചു.

ഞാൻ പിന്നെ അന്ന് കമ്മ്യൂണിസ്റ്റ് ആയത് കൊണ്ട് ഫോണിൽ ബാലൻസ് വയ്ക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ല. അങ്ങനെ വാസുവിന്റെ ഫോൺ എടുത്ത് കറക്കി. നേരത്തെ പറഞ്ഞ നല്ല സമയം, അവൾ ഫോൺ എടുത്തില്ല. ഹോസ്റ്റലിൽ അവളുടെ വാല് പോലെ നടക്കുന്ന കുറെയെണ്ണം വേറെയും ഉണ്ടായിരുന്നു, അവരും അന്ന് ഫോൺ എടുത്തില്ല. ആ സമയത്താണ് അതുക്കും മേലെ ഒടുക്കത്തെ ഒരു മഴ. അങ്ങനെ അവസാനത്തെ ശ്രമം എന്ന കരുതി അഞ്ചാമത്തെ ഓഡിറ്റോറിയത്തിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു. കറങ്ങിത്തിരിഞ്ഞ് അവിടെ എത്തുമ്പോൾ ഒരു 6.45 ആയി.

കസേരയും മേശയും ഒക്കെ എടുത്ത് വച്ച് തുടങ്ങിയിട്ടുണ്ട്. തകർന്ന ഹൃദയത്തോടെ ഞാൻ വാസുവിനെ നോക്കി. അവനും ഏകദേശം അതേ ലുക്ക് തന്നെ. ചുറ്റുപാട് നോക്കിയപ്പോൾ ക്യാമറാമാൻ ഒക്കെ ഫുഡ് അടിക്കുന്നതേ ഉള്ളൂ. സമാധാനം! രണ്ട് സീറ്റ് അവിടെ ബാക്കി ഉണ്ട്. പക്ഷേ ഒരുത്തനും ഞങ്ങൾ ആരാണെന്ന് പോലും ചോദിക്കുന്നില്ല. രണ്ടും കൽപ്പിച്ച് ഞങ്ങൾ നേരെ സ്റ്റേജിൽ കയറി അവളോട് ചെന്ന് അറിയുമോ എന്ന് ചോദിച്ചു. വാസുവിന്റെ ഗ്രൂപ്പ്മേറ്റ് ആയത് കൊണ്ടാവും അവൾ കുറച്ച് കൂടുതൽ ചിരിച്ചു. എന്തായാലും കൈ കൊടുത്ത് കഴിഞ്ഞ് അവൾ അവളുടെ പാടും നോക്കിപ്പോയി. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിച്ചു. ആരെങ്കിലും ഫുഡ് കഴിച്ചോ എന്ന് ചോദിക്കും എന്ന് കരുതി കുറച്ച് നേരം കൂടി ഞങ്ങൾ ചിരിച്ച് തന്നെ നിന്നു.

ആ നിൽപ്പ് അങ്ങനെ നിന്നാൽ കസേര ഞങ്ങൾ തന്നെ പിടിച്ച് ഇടേണ്ടി വരുമോ എന്ന സംശയം എനിക്ക് തോന്നിത്തുടങ്ങി. അവസാനം ചിക്കന്റെ കാല് കടിച്ച് പറിക്കുന്ന ആ ക്യാമറാമാനെ നോക്കി നെടുവീർപ്പിട്ടു ഞങ്ങൾ അവിടം വിട്ടിറങ്ങി. ക്യാമറാമാന്റെ അടുത്ത് നിന്നാൽ ഫുഡിന്റെ കാര്യം ചോദിക്കും എന്ന് കരുതിയിട്ടാണോ അതോ ഫോട്ടോ എടുത്തില്ലാല്ലോ എന്ന് ചിന്തിച്ചിട്ടാണോ എന്നറിയില്ല വാസു കുറച്ച് നേരം കൂടി നെടുവീർപ്പിട്ട് നിൽപ്പുണ്ടായിരുന്നു (ആ ക്യാമറാമാൻ ബ്ലൂടൂത്ത് വഴി ആവും ഫോട്ടോ പ്രിന്റ് ചെയ്ത് കാണുക, അത്രയ്ക്ക് ദയനീയം ആയിരുന്നു വാസുവിന്റെ നോട്ടം). അങ്ങനെ ഞങ്ങൾ തിരിച്ച് യാത്ര തുടങ്ങി. അപ്പോഴേക്കും മഴ അവസാനിച്ചിരുന്നു. അല്ലെങ്കിലും മോശം സമയം നമ്മുടേത് ആണല്ലോ! അങ്ങനെ വരും വഴി മതിലകത്ത് കണ്ട ഒരു ഹോട്ടലിൽ കയറി ബീഫും പൊറോട്ടയും കഴിച്ചു, വയറ് നമ്മുടേത് ആണാല്ലോ! ആ കാശും വാസു തന്നെ ആണ് കൊടുത്തത് എന്ന് തോന്നുന്നു.

വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അമ്മ ചോദിച്ച ആ ചോദ്യം മനസ്സിലേക്ക് തള്ളിക്കയറി വന്നു. വീട്ടിലേക്ക് കയറി ഞങ്ങൾ ഫുഡിന്റെ ക്ഷീണം എന്ന് പറഞ്ഞ് ഞങ്ങൾ നേരത്തേ കിടന്നു. ഉറങ്ങുമ്പോഴും എന്റെ മനസ്സിൽ ഇതായിരുന്നു ചിന്ത "ആ മഴ മുഹൂർത്ത സമയത്തും പെയ്ത് കാണുമായിരിക്കും" അപ്പുറത്ത് കിടന്ന വാസുവിന്റെ മുഖത്ത് അപ്പോഴും ആ നിർവികാരത തന്നെ ആയിരുന്നു. അവന്റെ മനസ്സിൽ അപ്പോഴും ക്യാമറാമാനും ചിക്കന്റെ കാലും തന്നെ ആണെന്ന് എനിക്ക് അപ്പോൾ തോന്നി."

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...