അകലങ്ങൾമഴമേഘം കരയാതിരിക്കുവതെങ്ങിനെ
ഗ്രഹണത്തിന് താമര വാടാതിരിക്കുകതെങ്ങിനെ
വാനമെരിയവേ നിലാവുറങ്ങുവതെങ്ങിനെ
നീയില്ലയെങ്കിൽ ഹൃദയം നുറുങ്ങാതിരിക്കതെങ്ങിനെ

പാടത്ത് വച്ച കോലത്തിന് സ്വന്തമെന്നാരാണുള്ളത്,
നാട്ടിയവർ തന്നെ അത് എടുത്തുകളയുന്നു പിന്നീട്.
കൈരേഖയും ഹൃദയരേഖയുമെല്ലാം ഭാവിപറയുന്നതെങ്കിൽ,
കൈവിട്ട് നീ പോയശേഷവും ഈ കൈരേഖ മായാത്തതെന്ത്?
കണ്ണുകളിൽ നിന്ന് കടലൊഴുകുന്നു,
നീ വന്നുചേരും വരെ കനലൊഴുകുന്നു.

ഒരിക്കൽ വന്നുകൂടിയിട്ട് ഒഴിഞ്ഞുപോകാൻ
എന്റെ ഹൃദയം വാടകമുറിയല്ല.
ദേഹത്തിൽ നിന്ന് ആത്മാവിനെ വേർപെടുത്താൻ പറയൂ,
ചിലപ്പോൾ അതിന് കഴിഞ്ഞേക്കും!
പക്ഷേ നിന്നെ ഹൃദയത്തിൽ നിന്ന് വേർപെടുത്താൻ പറയരുതൊരിക്കലും!
കാണുന്ന കാഴ്ച്ചകളിൽ എല്ലാം നിൻ മുഖം മാത്രം,
ഇന്നതെല്ലാമെൻ കനവുകളിൽ മാത്രം.
കണ്ണുകളിൽ നിന്ന് കടലൊഴുകുന്നു,
നീ വന്നുചേരും വരെ കനലൊഴുകുന്നു.

പ്രേമത്തിന് കണ്ണുകൾ ഇല്ലയത്രേ!
എന്നാൽ കാലുകൾ തീർച്ചയായും ഉണ്ട്.
അല്ലെങ്കിൽ എന്നോട് പറയാതെ ഇത്ര ദൂരം ഓടിയകലുകയില്ല.
ദേശാടനക്കിളികൾക്ക് കൂടുകൾ പലയിടത്ത് കാണും,
പക്ഷേ എന്റെയുള്ളിലെ കൂട് നിനക്കായ്‌ മാത്രം.
മീനിനെ തേടുന്ന കൊക്കായി മാറി ഞാൻ,
അരികെയുള്ള മീനല്ല നീയിന്ന്,
അങ്ങകലെയുള്ള വിണ്മീൻ ഇന്ന് നീ!
കണ്ണുകളിൽ നിന്ന് കടലൊഴുകുന്നു,
നീ വന്നുചേരും വരെ കനലൊഴുകുന്നു.

(കടപ്പാട് : കപിലന്റെ തമിഴ് വരികൾക്ക്)


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

1 അഭിപ്രായം:

ajith പറഞ്ഞു...

കൊള്ളാം, ഇന്ററസ്റ്റിംഗ്