ഇന്നലെ ഇന്ന് നാളെ"ഇന്നലകളെ തിരികെ വരുമോകനവിന്‍ അഴകേ പിറകെ വരുമോഒന്നു കാണാന്‍ കനവ്‌ തരുമോകുടെ വരുവാൻ ചിറകു തരുമോ"
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സുന്ദരമായ വരികൾ. ഒരുപാട് ഗതകാലസ്മരണകളെ ഉണർത്തുന്ന വരികൾ. ഓർമ്മകൾ അങ്ങനെയാണ്. പലതും സുഖമുള്ളതാണ്‌, പലതും തിരകെ ലഭിക്കാൻ നമ്മൾ ആഗ്രഹിക്കുന്നതുമാണ്, ചുരുക്കം ചിലത് മറക്കാനും. ഓർമ്മകൾ തിരിച്ച് കിട്ടണമെന്ന് ആഗ്രഹിക്കുന്നതും പഴയകാലത്തെ സ്നേഹിക്കുന്നതും തീവ്രമായ ഒരനുഭവമാണ്. ഗൃഹാതുരത്വം, അത് ഏറ്റവും സുന്ദരവും മനോഹരവുമായ അനുഭവം തന്നെ.
ഓർമ്മകളുടെ തടവുകാരാണ് നമ്മൾ. ഓർമ്മകളെ താലോലിച്ച്, നഷ്ടനിമിഷങ്ങളിൽ നിർവൃതിയടയുന്നതിനിടെ പലപ്പോഴും നമ്മൾ മറന്നുപോകുന്ന ഒന്നുണ്ട്. ഇന്നിന്റെ സൗന്ദര്യം. ശരിക്കും ഒന്നാലോചിച്ചാൽ ഇന്നിന്റെ നല്ല നിമിഷങ്ങളെ നമ്മൾ നല്ലത് പോലെ ആസ്വദിക്കാതെ അത് ഓർമ്മകൾ ആയി മാറുമ്പോൾ അതിനെ ഓർത്ത് വേദനിക്കുന്നു, സന്തോഷിക്കുന്നു. 
'ഓർമ്മകളും പഴയകാലവും ഒക്കെ നല്ലതായിരിക്കുന്നത് അത് കഴിഞ്ഞുപോയത്‌ കൊണ്ടാണ്.'
ഓർമ്മകൾ മധുരതരമാണ്, എന്നാൽ അവ മധുരിക്കുന്നത് അവ ഓർമ്മകൾ മാറിയത് കൊണ്ടാണ്. ഇന്നത്തെ പല നല്ല നിമിഷങ്ങളേയും പലപ്പോഴും നമ്മൾ ശരിക്കും ആസ്വദിക്കാൻ മറന്ന് പോകുന്നതും അതുകൊണ്ടാകും. ഇന്നലെകളുടെ തടവറ തുറന്ന് പുറത്തേക്ക് ഇറങ്ങേണ്ടതുണ്ട് നമ്മൾ.

നാളെയുടെ പ്രതീക്ഷയും ഏതാണ്ട് സമാനമാണ്. നാളെ നല്ലത് തരുമെന്ന് നമ്മളെല്ലാം പ്രതീക്ഷിക്കുന്നു. പ്രതീക്ഷ നല്ലത് തന്നെയാണ്. പക്ഷെ യാഥാർഥ്യം വ്യത്യസ്തമാണ്. നാളെ നമ്മുടെ കൈകളിൽ അല്ല. നാളെ പോയിട്ട് അടുത്ത നിമിഷം എന്ത് നടക്കും എന്ന് പോലും അറിയാത്ത അൽപജ്ഞാനികൾ ആണ് നമ്മൾ! നാളെയിൽ പ്രതീക്ഷ അർപ്പിച്ച് ഇന്ന് ചെയ്യേണ്ട പലതും നമ്മൾ മറന്നുപോകാറുണ്ട്. നാളെ പോകാം, നാളെ ചെയ്യാം എന്ന് നമ്മൾ ഓരോരുത്തരും എത്ര തവണ പറഞ്ഞിട്ടുണ്ടാകും. നാളെയും ഇന്നലെയും അത്ര വ്യത്യസ്ഥമല്ല. നാളെയുടെ പ്രതീക്ഷകളിലും ഇന്നലെയുടെ സ്മരണകളിലും മുഴുകി ഇന്നിനെ മറന്ന് ജീവിക്കുന്നു പലരും.

"നാളെ, നാളെ എന്ന് കരുതി ഇന്ന് പാഴാക്കാതേ,
ഇന്ന് വിതച്ചാൽ നാളെ മുളയ്ക്കും, അത് നീ മറക്കാതേ."
വാലിയുടെ വരികൾ എത്ര അർത്ഥഗർഭമാണ്. ഇന്ന് ഇത്രയും മതി, ബാക്കി നാളെ എന്ന് ചിന്തിക്കാതിരിക്കുക.ഇന്ന് തന്നെ എല്ലാം തീർക്കണം, കാരണം നാളെ സ്വപ്നങ്ങളിൽ മാത്രം. ഇന്നലെയുടെ ഓർമ്മകൾക്കും നാളെയുടെ പ്രതീക്ഷകൾക്കും ഇടയിൽ ആണ് ശരിക്കുള്ള ജീവിതം.

ഹിന്ദിയിൽ 'കൽ' എന്ന വാക്കിന് രണ്ട് അർത്ഥമാണ്. 'ഇന്നലെ, നാളെ'. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇന്നലെ ക്കും നാളെ ക്കും അവർക്ക് ഒരു വാക്കാണ്, അല്ലെങ്കിൽ അവ ഒന്നാണ്. ഇത് ഒരുപാട് ഹിന്ദിസുഹൃത്തുക്കളോട് ചോദിക്കുകയുണ്ടായി. അതിൽ ഒരു ജയ്പൂരി പറഞ്ഞ ഉത്തരം ആണ് ആ അർത്ഥത്തിന്റെ വില മനസ്സിലാക്കി തന്നത്. 
"നാളെ നമ്മുടെ കയ്യിൽ അല്ല, അതിൽ നമുക്ക് ചെയ്യാനാവുന്നതൊന്നും ഇല്ല. ഇന്നലെ പോയിമറഞ്ഞതാണ്, അതിലും നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ചുരുക്കത്തിൽ ഇന്നലെയും നാളെയും നിഷ്ക്രിയമാണ്. സക്രിയമായ ഇന്ന് മാത്രം ആണ് നമ്മുടെ കയ്യിൽ അവശേഷിക്കുന്നത്. അത് കൊണ്ട് തന്നെ നിഷ്ക്രിയമായ ഇന്നലെയും നാളെയും ഞങ്ങൾക്ക് 'കൽ' മാത്രം ആണ്."

വൈരമുത്തുവിന്റെ മനോഹരമായ വരികൾ മാത്രം മതി ഇന്നിന്റെ സൗന്ദര്യം മനസ്സിലാകാൻ.
"നാളെ എന്നത് വെറും കനവ്,
അത് ഞാൻ എന്തിന് വിശ്വസിക്കണം!
നാളെ എന്നത് ദൈവത്തിന്റേതാണ്
ഇന്ന് എന്നത് മനുഷ്യന്റേതും.
ജീവിതം ജീവിക്കുക."


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

1 അഭിപ്രായം:

ajith പറഞ്ഞു...

നാളൈ നമതേ
ഇന്ത നാളും നമതേ