വിജനതയിൽ



പോകും വഴിയെല്ലാം വിജനമത്രേ
അവൾ പോകും വഴിയെല്ലാം വിജനമത്രേ!

അരയാലിന്റെ പിന്നിലൊളിച്ചിരുന്ന,
അവളെ തിരയുന്നൊരെൻ കണ്ണുകൾ കണ്ടുകാണില്ല.
അതോ അങ്ങനെയൊരു കണ്ണുകളെ
അവൾ തിരഞ്ഞുകാണില്ലെന്നാണോ!
പതിനാറിന്റെ പവിത്രത അങ്ങനെയൊരു
തിരച്ചിൽ നടത്തിക്കാണില്ല എന്നാണോ?

നിറമെഴുന്നൊരു പതിനേഴിൻ പരിണയം
അവൾ കണ്ണുകളിൽ ഒളിപ്പിച്ചിരുന്നു.
പോകും വഴി പിൻതുടർന്നൊരെൻ പാദമുദ്രകൾ
പിന്നിലേക്ക് നോക്കാത്ത അവൾ കണ്ടതുമില്ല.
അതോ മറവിയിലേക്ക് നടന്നകലാൻ കൊതിച്ച മനം
തിരിഞ്ഞുനോക്കുന്നത് വിലക്കിയതോ!

പാവാടയിൽ നിന്ന് പതിനെട്ടിന്റെ അരസാരിയിലേക്ക്
മാറിയപ്പോഴും നോക്കകലം ദൂരെ മാത്രമായിട്ടും
കാണാതെ പോയെൻ വിടർന്ന മിഴികൾ.
പ്രതീക്ഷയാൽ വിടർന്ന മിഴികൾ
പ്രണയത്താൽ വിടർന്ന മിഴികൾ
എന്റെ സ്വപനങ്ങളാൽ വിടർന്ന മിഴികൾ.

കൌമാരം തീരുന്ന പത്തൊൻപതിൽ,
പിന്നിട്ട വഴികളിലൊന്നും കണ്ടുമുട്ടാതെ
നോക്കകലം വിട്ട് കയ്യകലം അടുത്തെത്തിയിട്ടും
നോക്കാതെ പോയി നീ എൻ ചുവന്ന മിഴികൾ.
ചോര പൊടിഞ്ഞ് തുടങ്ങിയിരുന്നൊരെൻ നനഞ്ഞ മിഴികൾ.
വിരഹത്തിന്റെ ചോര പൊടിഞ്ഞ മിഴികൾ.

യൗവ്വനത്തിന്റെ ഇരുപതാമാണ്ടിൽ
സുമംഗലിയുടെ തിരുന്നാളിന് പ്രാർഥനകൾ ഒക്കെയും
പൂക്കളായി മംഗല്യസൂത്രത്തിൽ വീഴവേ,
എന്നിലെ എന്നെ അറിയാതെ
എന്നിലെ എന്നെ കാത്തിരുന്ന ആ നീലമിഴികൾ,
ആ കരിനീല മൊഴികൾ എന്നോട് മൊഴിഞ്ഞതിങ്ങനെ.

"പോയ വഴികൾ അത്രയും വിജനമായിരുന്നു.
ഞാൻ കാത്തിരുന്ന കണ്‍കൾ  എന്നെ തിരഞ്ഞില്ല,
ഞാൻ കൊതിച്ച കാലൊച്ച പിന്നിൽ കേട്ടതുമില്ല ,
പറയാൻ കൊതിച്ച വാക്കുകൾ ചോദിച്ച് കേട്ടുമില്ല,
ഏകാകിയായിരുന്നു ഞാൻ. ഏകാന്തതയായിരുന്നു ഞാൻ
ഇനി മുതൽ എന്റെ വഴികൾ വിജനമാകില്ല."

പോകും വഴിയെല്ലാം വിജനമത്രേ
അവൾ പോകും വഴിയെല്ലാം വിജനമത്രേ!

അഭിപ്രായങ്ങള്‍

ajith പറഞ്ഞു…
ആശംസകള്‍.
Bipin പറഞ്ഞു…
അവൾ പറഞ്ഞത് എത്ര സത്യം. വെറുതെ പിറകെ നടന്നു ആ പാവം ഒന്നും അറിഞ്ഞില്ല.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...