സമത്വംഉച്ചക്ക് 2:15 നു കോഴിക്കോട് നിന്നും കണ്ണൂരേക്ക് ഒരു പാസഞ്ചര്‍ ട്രെയിന്‍ ഉണ്ട്. എല്ലാ ദിവസും രവിലത്തെ ക്ലാസ്സ് കഴിഞ്ഞു ആ ട്രെയിനിലാണ് വീട്ടിലേക്ക് മടങ്ങാറ്.സ്റ്റേഷനാണോ എന്നു തോന്നിപ്പോകുന്ന സ്റ്റേഷനുകളില്‍ പോലും നിര്‍ത്തി പതിഞ്ഞ താളത്തിലുള്ള ഉച്ച നേരത്തെ ആ യാത്ര ആസ്വാദ്യകരമാണ് അന്നും പതിവ് പോലെ ക്ലാസ്സ് കഴിഞ്ഞു ഞാന്‍ ട്രെയിനില്‍ കയറി. ആളൊഴിഞ്ഞ ഒരു കൂപ്പയില്‍ ജനാലയുടെ അരികിലായ് ഇരുന്നു. അതാകുമ്പോള്‍ കുറച്ചു സമയം പുറംലോക കാഴ്ചകളും അത് കഴിഞ്ഞു കാറ്റിന്റെ തലോടലാല്‍ സ്വപ്ന ലോക കാഴ്ചകളും കാണാം. 

ട്രെയിന്‍ പുറപ്പെടാന്‍ ഇനിയും സമയം ഉണ്ട് കയ്യിലിരിക്കുന്ന പത്രം നിവര്‍ത്തി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട കോടതി വിധിയുടെ വര്‍ത്തകളാണ് പത്രത്തില്‍ നിറഞ്ഞിരിക്കുന്നത്.....ശബരിമലയിലെ സ്ത്രീ പ്രവേശനം സ്ത്രീ പുരുഷ സമത്വത്തിലേക്കുള്ള പുതിയ ചുവടു വെപ്പത്രേ. "സ്ത്രീ പുരുഷ സമത്വം സര്‍വ മേഖലയിലും" എന്ന എഡിറ്റോറിയല്‍ വായിച്ചു തുടങ്ങിയപ്പോഴാണ് എന്റെ മുന്‍പിലായ് 2 പെണ്‍ കുട്ടികള്‍ വന്നിരുന്നത്. സൌന്ദര്യമെന്തെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അതില്‍ ഒരാള്‍. 

പ്രണയ ദാരിദ്ര്യം അനുഭവിക്കുന്ന ഏതൊരാല്‍ക്ക് മുന്‍പിലും ഒരു സുന്ദരി വന്നിരിക്കുമ്പോള്‍ മനസിലേക്ക് ഒരു തോന്നല്‍ കടന്നു വരും. " മുജ്ജന്‍മങ്ങളില്‍ എവിടെയോ കണ്ടു മറന്ന മുഖം!!!" ആ തോന്നല്‍ എന്റെ മനസ്സിലേക്കും കടന്നു വന്നു അവിടെ പ്രണയത്തിന്റെ പൂങ്കാവനം തീര്‍ക്കന്‍ തുടങ്ങിയത് ഞാന്‍ അറിഞ്ഞു, പത്രം വായിക്കുകയാണെന്ന വ്യാജേനെ ഞാന്‍ അവളുടെ മുഖത്തേക്ക് ഒളിയമ്പുകള്‍ എയ്തു കൊണ്ടിരുന്നു. 

അവളാണെങ്കില്‍ ഒന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ കൂട്ടുകാരിയുമായ് സംസാരിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ട്രെയിന്‍ ഓടിത്തുടങ്ങിയതൊന്നും ഞാന്‍ അറിഞ്ഞില്ല. മനസ്സില്‍ കണ്ടു മറന്ന സിനിമകിളിലെ പ്രണയനായകരെല്ലാം വന്നു പൊയ്ക്കൊണ്ടിരുന്നു. പക്ഷേ അവര്‍ പറഞ്ഞു തന്ന അടവുകല്‍ക്കൊന്നും അവളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. അവള്‍ക്ക് മനസ്സിലായില്ലെങ്കിലും
എന്റെ ദുരവസ്ഥ അവലൂടെ കൂട്ടുകരിക്ക് മനസ്സിലായ്. കൂട്ടുകാരി എന്നെ നോക്കി ചിരിച്ചു എല്ലാം ശെരിയാക്കി തരാം എന്ന ഭാവത്തില്‍. കൂട്ടുകാരി അവളുടെ ചെവിയില്‍ എന്തോ പറഞ്ഞു. പക്ഷേ ദേഷ്യത്തോടെയുള്ള ഒരു നോട്ടമായിരുന്നു മറുപടി. എന്റെ കണ്ണുകളും അവളുടെ കൂട്ടുകാരിയുടെ കണ്ണുകളും തമ്മില്‍ സംസാരിച്ചു..
എങ്ങനെയെങ്കിലും..... എന്റെ കണ്ണുകള്‍ കെഞ്ചി.. 

പെട്ടെന്നു ഒരു ഐഡിയ കിട്ടി എന്ന ഭാവത്തോടെ കൂട്ടുകാരി ബാഗില്‍ നിന്നും ഒരു ഡയറി മില്‍ക്ക് പുറത്തെടുത്തു. അതിന്റെ പകുതി അവള്‍ക്ക് കൊടുത്ത ശേഷം ബാക്കി എനിക്കു നേരെ നീട്ടി. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്ന ഞാന്‍ രണ്ടും കല്‍പ്പിച്ച് അത് വാങ്ങി അവളുടെ മുഖത്തേക് നോക്കി. ചുട്ടു ചാമ്പലക്കുന്ന ഒരു നോട്ടം പ്രതീക്ഷിച്ച എനിക്കു ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അവള്‍ ആ ഡയറി മില്‍ക്ക് കഴിച്ചു. അന്ന് വരെ കഴിച്ച ബൂസ്റ്റും ഹോര്‍ലിക്സും തരാത്ത ഒരു എനര്‍ജി ആ പുഞ്ചിരി എന്നിലേക്ക് പകര്‍ന്നു തന്നു . ആ ഡയറി മില്‍ക്ക് കഴിച്ചു തുടങ്ങിയപ്പോള്‍ അതിനു ഇത്രയും സ്വാദ് ഉണ്ടായിരുന്നോ എന്നു ഞാന്‍ ആശ്ചര്യപ്പെട്ടു,, ഞാന്‍ പതിയെ പതിയെ പ്രണയത്തിന്റെ മായ ലോകത്തേക്ക് മയങ്ങി വീണു..

തീ വണ്ടിയുടെ നീണ്ട കൂക്കി വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. തലയില്‍ എന്തോ ഒരു ഭാരം പോലെ. സ്ഥല കാല ബോധം വീണ്ടെടുക്കാന്‍ അല്‍പ്പ സമയമെടുത്തു. എന്താണ് സംഭവിച്ചത്? കണ്ടത് ഒരു സ്വപ്നമായിരുന്നോ? പെട്ടെന്നു ചില
യാദാര്‍ത്യങ്ങള്‍ എനിക്കു മനസ്സിലായി. എന്റെ ബാഗ് , മൊബൈല്‍, പേഴ്സ് എന്നിവ എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടത് സ്വപ്നമല്ലായിരുന്നു.എന്നെ മയക്കി വിദഗ്ദ്ധമായി അവര്‍ അതെല്ലാം മോഷ്ടിച്ചിരിക്കുന്നു..എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ അവിടെ ഇരുന്നു പോയി . സീറ്റില്‍ ചിതറിക്കിടന്ന പത്രത്തിലെ തലക്കെട്ട് എന്നെ തുറിച്ച് നോക്കി.. 


"സമത്വം സര്‍വ മേഖലയിലും"

(രചന: രാഹുൽ മണിയൂർ)


ഇതും നിങ്ങൾക്കിഷ്ടപ്പെട്ടേക്കാം

അഭിപ്രായങ്ങളൊന്നുമില്ല: