എല്ലാ നിറങ്ങളും കറുപ്പല്ല,


സായാഹ്ന പത്രത്തില്‍ ആ വാര്‍ത്ത വായിച്ചത് മുതല്‍ അയാളുടെ മനസ്സില്‍ ആശങ്ക നിറയാന്‍ തുടങ്ങിയിരുന്നു...

കുറച്ചു ദിവസങ്ങളായ് ഒരു പയ്യന്‍ തന്റെ വീടിനെ ചുറ്റിപ്പറ്റി നടക്കുന്നതു അയാള്‍ ശ്രദ്ധിച്ചിരുന്നു. അയാള്‍ ഓഫീസ് കഴിഞ്ഞു വീട്ടിലേക്ക് വരുന്ന സന്ധ്യ സമയങ്ങളിലും രാത്രിയിലും വീടിന്റെ പരിസരത്ത് അവനെ കാണാറുണ്ട്. ഇങ്ങോട്ട് താമസം മാറിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ എന്നതിനാല്‍ അയാള്‍ക്ക് ആളാരാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവധിക്കാലം ആയതിനാല്‍ താനും അവളും രാവിലെ ഓഫീസിലേക്ക് പോയാല്‍ മോള്‍ വീട്ടില്‍ തനിച്ചാണ്.. .ആലോചിച്ചപ്പോള്‍ മനസ്സിലേക്ക് വീണ്ടും ആശങ്ക ഇരച്ചു കയറാന്‍ തുടങ്ങി.

വീട്ടിലെ ലാന്ഡ് ഫോണിലേക്ക് വിളിച്ചിട്ടാണെങ്കില്‍ കിട്ടുന്നുമില്ല. മോള്‍ക്ക് ഒരു മൊബൈല്‍ വാങ്ങിച്ച് കൊടുക്കാഞ്ഞത് മണ്ടത്തരമായെന്ന് അയാള്‍ക് തോന്നി. ബസ്സില്‍ അയാള്‍ക്ക് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. എത്രയും വേഗം വീട്ടില്‍ എത്തിയാല്‍ മതിയെന്നായിരുന്നു അയാള്‍ക്ക്. അയാള്‍ വീട്ടിലെത്തിയപ്പോള്‍ വരാന്തയില്‍ തന്നെ മകള്‍ ഇരിക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് അയാള്‍ക്ക് ആശ്വാസമായത്. "അച്ഛന്‍ ഇന്ന് ലേറ്റ് ആയോ? അമ്മ നേരത്തെ വന്നല്ലോ." മകളുടെ ചോദ്യത്തിന് ഉത്തരം നാല്‍കാതെ അയാള്‍ വീടിന് ചുറ്റും കണ്ണോടിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇല്ല അവന്‍ അവിടെയെങ്ങുമില്ല. അയാള്‍ ഉറപ്പ് വരുത്തി.
.
രാത്രി ഭക്ഷണ ശേഷം വരാന്തയിലേക്ക് വന്നപ്പോള്‍ പുറത്തു കുറച്ചകലെയായി ഒരു മങ്ങിയ വെളിച്ചം അയാള്‍ കണ്ടു. അതേ അത് അവന്‍ തന്നെ. രണ്ടാമതൊന്നു ആലോചിക്കാതെ അയാള്‍ അവന്റെ അടുത്തേയ്ക്ക് ഓടിയടുത്തു. ഒറ്റ ചവിട്ട്. അവന്റെ കയ്യിലിരുന്ന മൊബൈല്‍ താഴേക്കു തെറിച്ചു വീണു.

"കുറച്ചു ദിവസമായല്ലോടാ നീ എന്റെ വീടിനെ ചുറ്റിപ്പറ്റി നടക്കുന്നു.എന്താടാ നിനക്കു വേണ്ടത്? അയാള്‍ ആക്രോശിച്ചു..
.
"അയ്യോ സാറേ തല്ലല്ലേ.. സാറിന്റെ വീട്ടിലെ wi-fi ക് പാസ്സ്വേഡ് ഇല്ലതോണ്ട് കുറച്ചു നെറ്റ് എടുക്ക്വാര്‍ന്നു. ഇനി ഞാന്‍ എടുക്കത്തില്ലാ.." അവന്‍ പേടിച്ച് വിറച്ച് കൊണ്ട് പറഞ്ഞു.

അപ്പോഴാണ് അയാള്‍ക്കും ആ കാര്യം ഓര്മ വന്നത്. കാട് കയറിപ്പോയ തന്റെ ചിന്തയെ കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി കടന്നു വന്നു.

വീണു കിടക്കുന്ന അവന്റെ മൊബൈലിലെ മെസ്സഞ്ചരില്‍ അപ്പോഴും ആരൊക്കെയോ അയച്ച മെസ്സെജുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.. പ്ടീം......

(രചന: രാഹുൽ മണിയൂർ)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചെമ്പരത്തി

വേനല്‍ (കവിത ; രചന - രാംരാജ് പതാരം)

എന്റെ പൊന്നമ്പലവാസാ...